
ജോഷ്വാ ഫിലിപ്പ്
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു 20 ലക്ഷം രൂപയ്ക്കാണ് ജോഷ്വാ ഫിലിപ്പിനെ ടീമിലെടുത്തത്. ബിഗ്ബാഷ് ലീഗിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ ശ്രദ്ധേയനായ ജോഷ്വാ ഫിലിപ്പ് ടോപ് ഓഡറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. കൂടാതെ വിക്കറ്റ് കീപ്പറെന്ന നിലയിലും താരം മികവുകാട്ടിയിട്ടുണ്ട്. 23കാരനായ താരത്തിന്റെ ടി20 ഫോര്‍മാറ്റിലെ ബാറ്റിങ് സ്‌ട്രൈക്കറേറ്റ് 160ന് മുകളിലാണ്. ആര്‍സിബിയെ സംബന്ധിച്ച് വലിയ നേട്ടമാണ് ജോഷ്വാ ഫിലിപ്പ്.

ഡേവിഡ് മില്ലര്‍
ദക്ഷിണാഫ്രിക്കയുടെ ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനെ 75 ലക്ഷത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. സമീപകാലത്തായി അത്ര മികച്ച പ്രകടനമൊന്നും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും താളം കണ്ടെത്തിയാല്‍ ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ മില്ലറിനാവും. 2013ല്‍ ബംഗളൂരുവിനെതിരേ 37 പന്തില്‍ സെഞ്ച്വറി നേടിയ പഴയ മികവ് മില്ലര്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചാല്‍ രാജസ്ഥാനെ സംബന്ധിച്ചത് വലിയ കരുത്താകും. ഇത്രയും മികച്ച ബാറ്റ്‌സ്മാനെ ഇത്രയും ചെറിയ തുകയ്ക്ക് ലഭിച്ചത് രാജസ്ഥാന് ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ജെയിംസ് നിഷാം
ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നിഷാമിനെ 50 ലക്ഷം രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബാണ് സ്വന്തമാക്കിയത്. ടി20 ഫോര്‍മാറ്റില്‍ 1754 റണ്‍സും 113 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള നിഷാം ടീമിന് ഉപകാരിയാണ്. കിവീസ് നിരയിലെ സജീവസാന്നിധ്യമായ നിഷാം നേരത്തെ ഡല്‍ഹിക്കുവേണ്ടി നാല് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ചെറിയ തുകയ്ക്ക് ലഭിച്ചെങ്കിലും വലിയ സ്വാധീനം മത്സരത്തില്‍ കൊണ്ടുവരാനുള്ള കഴിവ് ജെയിംസ് നിഷാമിനുണ്ട്.

ടോം ബാന്റന്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരു കോടിരൂപയ്ക്കാണ് ഇംഗ്ലണ്ട് വെടിക്കെട്ട് താരം ടോം ബാന്റനെ ടീമിലെത്തിച്ചത്. 2019ലെ നാറ്റ്‌വെസ്റ്റ് ടി20 ബ്ലാസ്റ്റില്‍ 13 ഇന്നിങ്‌സില്‍ നിന്ന് 549 റണ്‍സാണ് ബാന്റന്‍ അടിച്ചെടുത്തത്. അതും 161.47 സ്‌ട്രൈക്കറേറ്റില്‍. വിക്കറ്റ് കീപ്പറായും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് ബാന്റന്‍. കെവിന്‍ പീറ്റേഴ്‌സണിന്റെ ശൈലിയോട് ഉപമിക്കുന്ന ബാന്റനിന്റെ ബാറ്റിങ് കൊല്‍ക്കത്തയ്ക്ക് കരുത്താകുമെന്ന് തന്നെ വിശ്വസിക്കാം.

ടോം കറാന്‍
രാജസ്ഥാന്‍ റോയല്‍സ് ഒരു കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് പേസ് ബൗളറെ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ പരിചയസമ്പത്ത് കുറവുണ്ടെങ്കിലും പേസ് ബൗളിങ്ങില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇതിനോടകം ടോം കറാന് സാധിച്ചിട്ടുണ്ട്. ജോഫ്ര ആര്‍ച്ചര്‍,ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്കൊപ്പം പേസ് ബൗളിങ് നിരയിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് ടോം കറാന്‍. രാജസ്ഥാന് നല്‍കിയ പണം മുതലാകാനുള്ള സാധ്യത കൂടുതലാണ്.


Click it and Unblock the Notifications