
കലാശക്കൊട്ടില്‍ ആര് ജയിക്കും? വൈകാതെ അറിയാം. കിരീടമാര്‍ക്ക് എന്ന ചോദ്യത്തിനൊപ്പം ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ്പ്, പര്‍പ്പിള്‍ ക്യാപ്പ് ജേതാക്കളെ അറിയാനുള്ള ആകാംക്ഷയും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരത്തിനാണ് ഓറഞ്ച് ക്യാപ്പ് ലഭിക്കുക. ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്ക് പര്‍പ്പിള്‍ ക്യാപ്പും കിട്ടും. ഈ അവസരത്തില്‍ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പ് മത്സരങ്ങളുടെ ചിത്രം ചുവടെ അറിയാം.

ഓറഞ്ച് ക്യാപ്പ് ആര്‍ക്ക്?
കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലാണ് ഇപ്പോള്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. പ്ലേ ഓഫ് കാണാതെ പഞ്ചാബ് പുറത്തായെങ്കിലും ഈ സമയംകൊണ്ട് 670 റണ്‍സ് അടിച്ചെടുക്കാന്‍ രാഹുലിന് കഴിഞ്ഞു. 14 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം 670 റണ്‍സ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും പെടും. ബാറ്റിങ് ശരാശരി 55.83. സ്‌ട്രൈക്ക് റേറ്റ് 129.34.

ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 132. രാഹുലില്‍ നിന്നും ഓറഞ്ച് ക്യാപ്പ് തട്ടിയെടുക്കാന്‍ സാധ്യതയുള്ള പട്ടികയിലെ ഏക താരം ഇപ്പോള്‍ ശിഖര്‍ ധവാനാണ്. രാഹുലിന് തൊട്ടുപിറകിലുള്ള ധവാന്‍ ഇതുവരെ 603 റണ്‍സ് സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തുകഴിഞ്ഞു. ഫൈനലില്‍ മുംബൈയ്ക്ക് എതിരെ തിളങ്ങാന്‍ സാധിച്ചാല്‍ ഓറഞ്ച് ക്യാപ്പ് ധവാന്റെ കൈപ്പിടിയിലാകും.

16 ഇന്നിങ്‌സുകളില്‍ നിന്നാണ് ധവാന്‍ 603 റണ്‍സ് കുറിച്ചത്. രണ്ടു സെഞ്ച്വറിയും നാലു അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പ്രകടനത്തിലുണ്ട്. ബാറ്റിങ് ശരാശരി 46.38. സ്‌ട്രൈക്ക് റേറ്റ് 145.65. ഡേവിഡ് വാര്‍ണര്‍ (548 റണ്‍സ്), ഇഷന്‍ കിഷന്‍ (483 റണ്‍സ്), ക്വിന്റണ്‍ ഡികോക്ക് (483 റണ്‍സ്), ദേവ്ദത്ത് പടിക്കല്‍ (473 റണ്‍സ്), വിരാട് കോലി (466 റണ്‍സ്), സൂര്യകുമാര്‍ യാദവ് (461 റണ്‍സ്), എബി ഡിവില്ലേഴ്‌സ് (454 റണ്‍സ്), ശ്രേയസ് അയ്യര്‍ (454 റണ്‍സ്) എന്നിവരാണ് ആദ്യ പത്തിലെ മറ്റു പ്രമുഖര്‍.

പര്‍പ്പിള്‍ ക്യാപ്പ് ആര്‍ക്ക്?
കഗീസോ റബാദയും ജസ്പ്രീത് ബുംറയും തമ്മിലാണ് പര്‍പ്പിള്‍ ക്യാപ്പിനുള്ള മത്സരം. ഫൈനലില്‍ ഇരുവരും പന്തെടുക്കുമ്പോള്‍ ആര്‍ക്കായിരിക്കും കൂടുതല്‍ വിക്കറ്റുകളെന്ന് കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നു. നിലവില്‍ 29 വിക്കറ്റുകളാണ് റബാദ കുറിച്ചിരിക്കുന്നത്. ബുംറ 27 വിക്കറ്റുകളും. ഹൈദരാബാദിന് എതിരെ നടത്തിയ നാലു വിക്കറ്റ് പ്രകടനമാണ് ബുംറയുടെ പക്കല്‍ നിന്നും പര്‍പ്പിള്‍ ക്യാപ്പ് തട്ടിയെടുക്കാന്‍ റബാദയെ സഹായിച്ചത്.

വിക്കറ്റുവേട്ടക്കാരുടെ മത്സരത്തില്‍ ട്രെന്‍ഡ് ബൗള്‍ട്ടും സജീവമായുണ്ട്. 14 മത്സരങ്ങളില്‍ നിന്നും 22 വിക്കറ്റുകളാണ് ബൗള്‍ട്ടിന്റെ പേരിലുള്ളത്. 21 വിക്കറ്റുകളുള്ള യുസ്‌വേന്ദ്ര ചഹാല്‍ നാലാം സ്ഥാനം അലങ്കരിക്കുന്നു. റാഷിദ് ഖാനാണ് അഞ്ചാം സ്ഥാനത്ത്. ടൂര്‍ണമെന്റില്‍ 20 വിക്കറ്റുകള്‍ കണ്ടെത്താന്‍ റാഷിദ് ഖാന് സാധിച്ചു. ജോഫ്ര ആര്‍ച്ചര്‍ (20 വിക്കറ്റ്), മുഹമ്മദ് ഷമി (20 വിക്കറ്റ്), ആന്റിച്ച് നോര്‍ക്കിയ (20 വിക്കറ്റ്), വരുണ്‍ ചക്രവര്‍ത്തി (17 വിക്കറ്റ്), ടി നടരാജന്‍ (16 വിക്കറ്റ്) എന്നിവരാണ് ആദ്യ പത്തിലെ മറ്റു ബൗളര്‍മാര്‍.


Click it and Unblock the Notifications