ദുബായ്: മുംബൈ ഇന്ത്യന്‍സിന്റെ ടീം ലൈനപ്പ് കരുത്തുറ്റതാണെന്ന് ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. പ്ലേഓഫില്‍ ഞങ്ങള്‍ നേരിടാന്‍ ഐപിഎല്ലിലെ ഒരു ടീം പോലും ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും ബോണ്ട് പറഞ്ഞു. ഇന്ന് നടക്കുന്ന ആദ്യ പ്ലേഓഫില്‍ ഡല്‍ഹിക്കെതിരെ മുംബൈയുടെ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് മുംബൈ പ്ലേഓഫിലേക്ക് എത്തിയത്. ടൂര്‍ണമെന്റിലെ ഏതൊരു ടീമിനേക്കാളും മികച്ച ബൗളിംഗ് നിരയാണ് മുംബൈക്കുള്ളത്. ഞങ്ങള്‍ ഏത് ടീമിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ട് അവരാരും ഞങ്ങള്‍ നേരിടാന്‍ ആഗ്രഹിക്കുന്നില്ല. വളരെ കടുപ്പമേറിയ മത്സരം പോലും ഞങ്ങള്‍ ജയിച്ചിട്ടുണ്ട്. അതാണ് മറ്റ് ടീമുകളുമായി മുംബൈക്കുള്ള വ്യത്യാസമെന്നും ബോണ്ട് പറഞ്ഞു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഞങ്ങള്‍ നന്നായി കളിച്ചിരുന്നില്ല. പക്ഷേ ആ മത്സരം ടൂര്‍ണമെന്റില്‍ ഞങ്ങളുടെ മുന്നോട്ട് പോക്കിന് ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എല്ലാവരും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള ഞങ്ങളുടെ മത്സരത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങളും അതിന് തന്നെയാണ് തയ്യാറെടുക്കുന്നത്. പ്ലേഓഫ് ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജസ്പ്രീത് ബുംറയ്ക്കും ട്രെന്‍ഡ് ബൂള്‍ട്ടിനും വിശ്രമം അനുവദിച്ചത് അതുകൊണ്ടാണ്. വളരെ പ്രധാനപ്പെട്ട മത്സരത്തിന് മുമ്പ് അത്തരമൊരു വിശ്രമം അത്യാവശ്യമാണ്.
ഞങ്ങളുടെ ടീമിന് വളരെ കടുപ്പമേറിയ ഷെഡ്യൂളാണ് കഴിഞ്ഞത്. തുടര്‍ച്ചയായി മത്സരങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ യാത്രകളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ബൂള്‍ട്ടിനും ബുംറയ്ക്കും വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചത്. അവര്‍ നന്നായി തന്നെ ആ സമയം ഉപയോഗിച്ചു. അതുകൊണ്ട് ഞങ്ങളുടെ ബൗളിംഗ് നിര ശക്തമായി തിരിച്ചെത്തും. ഇപ്പോള്‍ എല്ലാവരും നന്നായി പന്തെറിയാനാവുമെന്ന മൂഡിലാണ്. ഇപ്പോള്‍ ടീമിലെ എല്ലാവര്‍ക്കും കളിക്കാനുള്ള അവസരവും ലഭിച്ചു. അതുകൊണ്ട് തന്നെ ഞങ്ങള്‍ നല്ല പൊസിഷനിലാണ് ഇപ്പോഴുള്ളതെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.
അവസാന മത്സരത്തില്‍ ഹൈദരാബാദ് നന്നായി തന്നെ കളിച്ചാണ് ഞങ്ങളെ പരാജയപ്പെടുത്തിയത്. എന്നാല്‍ അവര്‍ക്കെതിരെ ഞങ്ങളുടെ സുപ്രധാന ബൗളര്‍മാര്‍ കളിച്ചിരുന്നില്ല. ഹൈദരാബാദിന് അവസാന മത്സരം നിര്‍ണായകമായിരുന്നു. ആ മത്സരത്തിലാണ് മുംബൈ ഇന്ത്യന്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഹൈദരാബാദ് പ്ലേഓഫ് ഉറപ്പിച്ചത്. മുംബൈ 20 ഓവറില്‍ 149 റണ്‍സാണ് എടുത്തിരുന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ ഹൈദരാബാദ് തോറ്റിരുന്നെങ്കില്‍ കൊല്‍ക്കത്തയ്ക്ക് പ്ലേഓഫില്‍ കയറാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ മുംബൈ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത് അവരുടെ തോല്‍വിക്ക് കാരണമാവുകയായിരുന്നു.