IPL 2020: കോവിഡ് ഇഫക്ട്, ഇത്തവണ ഉദ്ഘാടന ചടങ്ങും ചിയര്‍ലീഡേഴ്‌സും ഉണ്ടാകില്ല
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള കാത്തിരുപ്പ് നാളെ അവസാനിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയെ നേരിടും. എല്ലാത്തവണയും ഐപിഎല്ലിന്റെ ഉദ്ഘാടന പരിപാടികള്‍ ഗംഭീരമായിത്തന്നെ നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കൊറോണ മഹാമാരിയുടെ ഇടയില്‍ നടക്കുന്ന ഐപിഎല്ലായതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടായിരിക്കില്ല. കൂടാതെ കളിക്കാര്‍ക്ക് പ്രചോദനം നല്‍കാന്‍ ചിയര്‍ലീഡേഴ്‌സും ഇത്തവണ ഉണ്ടാകില്ല. മിക്ക വര്‍ഷങ്ങളിലും ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടെ കൊണ്ടുവന്ന് ഗംഭീര ഉദ്ഘാടന ചടങ്ങ് തന്നെ ഐപിഎല്ലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്താറുണ്ടായിരുന്നു. എല്ലാ തവണയും വലിയ ലാഭം ഉണ്ടാക്കിത്തരുന്ന ഐപിഎല്ലില്‍ ഇത്തവണ ബിസിസിഐക്ക് നഷ്ട കച്ചവടമാണ്.
അതിനാല്‍ത്തന്നെ അനാവശ്യ ചിലവുകള്‍ കുറയ്ക്കാനുള്ള ശ്രമവും ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ട്. ഇത്തവണ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടക്കുക. നേരത്തെ 30 ശതമാനം കാണികളെ പ്രവേശിപ്പിക്കുന്നത് യുഎഇ ക്രിക്കറ്റ് ബോര്‍ഡുമായി ആലോചിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ആദ്യ മത്സരങ്ങളില്‍ ഇത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത്തവണ കാണികളില്ലാത്തതിനാല്‍ത്തന്നെ റെക്കോഡ് ചാനല്‍ വ്യൂവേഴ്‌സിനെയാണ് പ്രതീക്ഷിക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

'ബ്രോഡ്കാസ്‌റ്റേഴ്‌സ് സത്യത്തില്‍ വലിയ ആരാധകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കാണികള്‍ക്ക് ഗ്രൗണ്ടിലേക്കെത്താന്‍ സാധിക്കാത്തതിനാല്‍ ചാനലുകളെ ആശ്രയിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. എല്ലാത്തിനും ഒരു പോസിറ്റീവുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിക്കുന്നത് സാധ്യമല്ല. എന്നാല്‍ വളരെ വൈകാതെ 30 ശതമാനം കാണികളെ സാമൂഹിക അകലം പാലിച്ച് ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. പരിശോധിച്ച് രോഗം ഇല്ലെന്ന് ഉറപ്പുള്ളവരെയാണ് മൈതാനത്തേക്ക് പ്രവേശിപ്പിക്കുക. എന്നാല്‍ അത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമായി എനിക്ക് തോന്നുന്നില്ല'-ഗാംഗുലി പറഞ്ഞു.
ബയോ ബബിള്‍ സുരക്ഷയൊരുക്കിയാണ് ഇത്തവത്തെ ഐപിഎല്‍ നടത്തുന്നത്. താരങ്ങളുടെ ഹോട്ടല്‍ റൂമിലും പരിശീലന സ്ഥലത്തുമെല്ലാം ബയോ ബബിള്‍ സുരക്ഷ ഒരുക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ പെരുമാറ്റച്ചട്ടം ബിസിസി ഐ കൊണ്ടുവന്നിട്ടുണ്ട്. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും ആവേശം ഒട്ടും ചോരാതെ ഐപിഎല്ലിനെ പ്രേക്ഷകരിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഐപിഎല്ലിന്റെ ടെലി വിഷന്‍ അവകാശം നേടിയത്. ഹോട്ട്‌സ്റ്റാറിലും മത്സരം കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications