ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള ഫൈനല്‍ ജയിക്കുമെന്ന് സൂചിപ്പിച്ച് രോഹിത് ശര്‍മ. ഡല്‍ഹിക്കെതിരെ ചെറിയ തോതിലുള്ള മുന്‍തൂക്കം മുംബൈ ഇന്ത്യന്‍സിനുണ്ടെന്നും ഹിറ്റ്മാന്‍ പറഞ്ഞു. പക്ഷേ മുന്‍തൂക്കം പറയുമ്പോള്‍ മാത്രമാണ്. കാരണം ഓരോ മത്സരവും പുതിയതാണ്. എല്ലാ കളിയിലും സമ്മര്‍ദവും ഉണ്ടാവും. അതുകൊണ്ട് ഡല്‍ഹിയെ പുതിയ ടീമിനെ നേരിടുന്നത് പോലെ തന്നെ നേരിടണം. മുമ്പ് അവരെ തോല്‍പ്പിച്ചിരുന്നു എന്നതൊന്നും ഒരു ന്യായീകരണമായി കാണാനാവില്ല. ഡല്‍ഹിയെ ഫൈനലില്‍ നേരിടുകയും, അവര്‍ക്കെതിരെ നന്നായി കളിച്ച് പരാജയപ്പെടുത്തകയുമെന്നത് പുതിയ ദൗത്യമാണെന്നും രോഹിത് വ്യക്തമാക്കി.

ഇപ്പോള്‍ മുംബൈ നല്ല രീതിയിലാണ് കളിക്കുന്നത്. അത് തന്നെ ഡല്‍ഹിക്കെതിരെയും തുടരാനാണ് ശ്രമിക്കുക. മുംബൈ അഞ്ചാമത്തെ കിരീടം നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രോഹിത് പറഞ്ഞു. അതേസമയം ട്രെന്‍ഡ് ബോള്‍ട്ടിന്റെ പരിക്ക് അത്ര പ്രശ്‌നമുള്ളതല്ലെന്നും രോഹിത് വ്യക്തമാക്കി. നല്ല രീതിയില്‍ പരിശീലനം നടത്തുന്നുണ്ട് ബൂള്‍ട്ട്. ഇന്ന് ടീമിന്റെ ഒരു സെഷന്‍ നടക്കുന്നുണ്ട്. എല്ലാ ടീമംഗങ്ങളും അതിലുണ്ടാവും. ബൂള്‍ട്ട് കളിക്കുമോ എന്ന് അതില്‍ നിന്നറിയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അദ്ദേഹം നല്ല രീതിയില്‍ വിശ്രമിച്ചിട്ടുണ്ട്. തീര്‍ച്ചയായും അദ്ദേഹം കളിക്കുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് പറഞ്ഞു.
ടീമിലെ എല്ലാവരും ഗംഭീര കളിക്കാരനാണ്. ക്വിന്റണ്‍ ഡികോക്ക് മുതല്‍ ജസ്പ്രീത് ബുംറയെ വരെ നോക്കൂ. എല്ലാവരും മാച്ച് വിന്നര്‍മാരാണ്. അതിന്റെ ക്രെഡിറ്റ് ഡീം മാനേജ്‌മെന്റിനാണ്. ഏത് ടീമിന് വേണ്ടിയും ഇവര്‍ കളിക്കാന്‍ തയ്യാറാണ്. എന്നാല്‍ മുംബൈ ടീം മാനേജ്‌മെന്റ് ഇവരെ ടീമിലെത്തിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. അത് അവരിലുള്ള വിശ്വാസം കൊണ്ടാണ്. ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ അവര്‍ മികച്ച തീരുമാനങ്ങളാണ് എടുക്കുന്നത്. ടീമില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ ഇവര്‍ക്ക് സാധിക്കും. എല്ലാവരെയും ടീം മാനേജ്‌മെന്റ് ശക്തമായി തന്നെ പിന്തുണയ്ക്കും. അവരുടെ പിന്തുണയില്ലെങ്കില്‍ ഇത്തരമൊരു ടീമിനെ ഉണ്ടാക്കാനോ, അതിലെ കളിക്കാര്‍ക്ക് മികച്ച പ്രകടനം നടത്താനോ സാധിക്കില്ലെന്നും രോഹിത് പറഞ്ഞു.
അതേസമയം ഡെക്കാന്‍ ചാര്‍ജേഴ്‌സില്‍ കളിച്ചത് പോലെ ഐപിഎല്ലില്‍ വേറെ ഏതെങ്കിലും ടീമിനെ നയിക്കുമോ എന്ന ചോദ്യത്തിനും രോഹിത് ഉത്തരം നല്‍കി. ഒരിക്കലും താന്‍ മറ്റൊരു ടീമിനും വേണ്ടി കളിക്കില്ല. കാരണം ഇനി അത് ആവര്‍ത്തിക്കില്ല. മറ്റൊരു ടീമിന്റെ ക്യാപ്റ്റനാവാന്‍ ഞാനില്ല. മുംബൈയാണ് തന്റെ ടീമെന്നും രോഹിത് പറഞ്ഞു. ഇതോടെ ഐപിഎല്ലില്‍ ഇനിയുള്ള കാലം മുംബൈക്ക് വേണ്ടി തന്നെ കളിക്കുമെന്ന കാര്യവും രോഹിത് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ ഡല്‍ഹിക്കെതിരെ മുംബൈക്ക് തന്നെയാണ് മുന്‍തൂക്കം. മുംബൈ നിരയില്‍ രോഹിത് ശര്‍മ ഒഴിച്ചുള്ള എല്ലാ താരങ്ങളും മികച്ച ഫോമിലാണ്.