IPL 2020: പഞ്ചാബ് X ഹൈദരാബാദ്, തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് പടിക്കല്‍ കലമുടച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയെങ്കിലും മറുപടിക്കിറങ്ങിയ ഹൈദരാബാദിനെ 114 റണ്‍സിന് കൂടാരം കയറ്റി 12 റണ്‍സിന്റെ ആവേശ ജയം സ്വന്തമാക്കാന്‍ പഞ്ചാബിനായി. തുടര്‍ തോല്‍വികള്‍ക്ക് ശേഷം അവസാന നാല് മത്സരത്തിലും വിജയിച്ച പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. 11 മത്സരത്തില്‍ നിന്ന് 10 പോയിന്റാണ് പഞ്ചാബിനുള്ളത്. 11 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി കെകെആറാണ് നാലാം സ്ഥാനത്ത്. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ പഞ്ചാബ് വിജയിക്കുകയും കെകെആര്‍ ഒരു മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്താല്‍ പോലും പഞ്ചാബ് നാലാം സ്ഥാനത്തേക്കെത്തും. ബൗളിങ് മികവുകൊണ്ട് ശ്രദ്ധേയമായ പഞ്ചാബ് - ഹൈദരാബാദ് മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മനീഷ് പാണ്ഡെ (ഹൈദരാബാദ്)
അവസാന മത്സരത്തിലെ ഹീറോയില്‍ നിന്ന് സീറോയായി മാറിയിരിക്കുകയാണ് മനീഷ് പാണ്ഡെ. പഞ്ചാബിനെതിരേ സീനിയര്‍ താരമെന്ന നിലയില്‍ വലിയ ഉത്തരവാദിത്തം മനീഷ് പാണ്ഡെയ്ക്ക് ഉണ്ടായിരുന്നെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല. 29 പന്തുകള്‍ നേരിട്ട് വെറും 15 റണ്‍സാണ് മനീഷ് പാണ്ഡെ നേടിയത്. മൂന്നാമനായി ക്രീസിലെത്തി അനാവശ്യമായി മനീഷ് പ്രതിരോധിച്ച് കളിച്ചത് റണ്ണൊഴുക്കിനെ ബാധിക്കുകയും സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്തു. ജോര്‍ദാനെ സിക്‌സര്‍ പറത്താനുള്ള മനീഷിന്റെ ശ്രമം ബൗണ്ടറി ലൈനില്‍ മികച്ച ക്യാച്ചിലൂടെ സുചിത് അവസാനിപ്പിക്കുകയായിരുന്നു.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (പഞ്ചാബ്)
ഹൈദരാബാദിനെതിരേ നിര്‍ണ്ണായക സമയത്ത് അനാവശ്യമായി വിക്കറ്റ് തുലച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയിരിക്കുകയാണ്. 13 പന്തില്‍ 12 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. അഞ്ചാമനായി ക്രീസിലെത്തിയ മാക്‌സ്‌വെല്‍ നിക്കോളാസ് പുരാനുമായി സ്‌കോര്‍ബോര്‍ഡ് പതുക്കെ ഉയര്‍ത്തിവരികയായിരുന്നു. എന്നാല്‍ സന്ദീപ് ശര്‍മക്കെതിരേ വമ്പനടക്കി അനാവശ്യ ശ്രമം നടത്തിയ മാക്‌സ്‌വെല്ലിനെ ഡേവിഡ് വാര്‍ണര്‍ മിന്നും ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

അബ്ദുല്‍ സമദ് (ഹൈദരാബാദ്)
ഹൈദരാബാദിന്റെ യുവതാരം അബ്ദുല്‍ സമദില്‍ ടീം വലിയ പ്രതീക്ഷ വെച്ചിരുന്നെങ്കിലും മികവിനൊത്ത് ഉയരാന്‍ സമദിനായില്ല. കെയ്ന്‍ വില്യംസണ്‍ ഇറങ്ങുന്ന നാലാം നമ്പറില്‍ പകരക്കാരനായി സമദിന് അവസരം നല്‍കിയെങ്കിലും 5 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് സമദ് മടങ്ങി. മുഹമ്മദ് ഷമിക്കെതിരേ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അവസരോചിത പ്രകടനവുമായി ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള അവസരം സമദിന് മുന്നില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് തിളങ്ങാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications