വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈ – ചെന്നൈ 'എല്‍ ക്ലാസിക്കോ', 'മഹേന്ദ്രജാലം' കെടുത്തുമോ ഹിറ്റ്മാന്‍?

ആദ്യം അനിശ്ചിതത്വം. പിന്നെ കാത്തിരിപ്പ്. ഇടയ്ക്ക് ആശങ്ക; നീണ്ട പ്രതിസന്ധികള്‍ക്കൊടുവില്‍ ഐപിഎല്‍ 2020 പതിപ്പിന് ശനിയാഴ്ച്ച തിരിതെളിയുകയാണ്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ യുഎഇയിലാണ് ഈ വര്‍ഷം ഐപിഎല്‍ നടക്കുന്നത്. ആരാധകര്‍ കണ്ടുപരിചയിച്ച ഐപിഎല്ലുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തേത്.

കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം ടൂര്‍ണമെന്റിന്റെ പകിട്ടും പത്രാസും കുറയും. സ്റ്റേഡിയങ്ങളില്‍ ആളും ആരവങ്ങളുമുണ്ടായിരിക്കില്ല. പക്ഷെ ഇതൊന്നും ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ കുറയ്ക്കുന്നില്ല. ശനിയാഴ്ച്ചത്തെ മുംബൈ - ചെന്നൈ എല്‍ ക്ലാസിക്കോയെ കുറിച്ചുള്ള ചര്‍ച്ചകളും വാഗ്വാദങ്ങളും ഓണ്‍ലൈന്‍ ലോകത്ത് പൊടിപൊടിക്കുകയാണ്.

സാവകാശം കുറവ്

അബുദാബിയിലാണ് മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം. പറഞ്ഞുവരുമ്പോള്‍ അബുദാബിയിലെ പിച്ചില്‍ മുംബൈ ഇന്ത്യന്‍സിനാണ് പരിചയം കൂടുതല്‍. കാരണം മുംബൈ ക്യാംപ് പരിശീലനം നടത്തിയിരിക്കുന്നത് മുഴുവന്‍ അബുദാബി സ്റ്റേഡിയത്തില്‍ത്തന്നെ. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമേ ചെന്നൈ ടീം അബുദാബിയില്‍ എത്തുകയുള്ളൂ. അതുകൊണ്ട് പിച്ചും മൈതാനവുമായി പൊരുത്തപ്പെടാന്‍ ധോണിപ്പടയ്ക്ക് സാവകാശം കുറവാണ്.

മുംബൈയുടെ ഓപ്പണിങ് ജോടി

അബുദാബിയിലെ പിച്ച് വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് സിഎസ്‌കെയുടെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും അഭിപ്രായപ്പെടുകയുണ്ടായി. ഇതേസമയം, ജോഷ് ഹേസല്‍വുഡ് ടീമിനൊപ്പം ചേര്‍ന്നത് സൂപ്പര്‍ കിങ്‌സിന് ആശ്വാസം പകരുന്നുണ്ട്. രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നതാണ് മുംബൈ പാളയത്തില്‍ നിന്നും ലഭിക്കുന്ന വിവരം. വലിയ വിലയ്ക്ക് ഓസ്‌ട്രേലിയയുടെ വെടിക്കെട്ടു താരം ക്രിസ് ലിന്നിനെ വാങ്ങിയിട്ടും രോഹിത് - ഡികോക്ക് സഖ്യത്തെ ഇറക്കാന്‍ത്തന്നെ മുംബൈയുടെ തീരുമാനം. ഈ അവസരത്തില്‍ ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ മുംബൈയും ചെന്നൈയും കളിപ്പിക്കാന്‍ സാധ്യതയുള്ള ടീമിനെ ചുവടെ കാണാം.

സാധ്യതാ ഇലവൻ

ചെന്നൈയുടെ സാധ്യതാ ഇലവന്‍:

ഷെയ്ന്‍ വാട്‌സണ്‍, അംബാട്ടി റായുഡു, ഫാഫ് ഡുപ്ലെസിസ്, എംഎസ് ധോണി (നായകന്‍, വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, പിയൂഷ് ചൗള, ദീപക് ചഹര്‍, ശാര്‍ദ്ധുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍.

മുംബൈയുടെ സാധ്യതാ ഇലവന്‍:

രോഹിത് ശര്‍മ (നായകന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, നതാന്‍ കോള്‍ട്ടര്‍നൈല്‍, രാഹുല്‍ ചഹര്‍, ട്രെന്‍ഡ് ബൗള്‍ട്ട്, ജസ്പ്രീത് ബുംറ.

മുന്‍തൂക്കം ആര്‍ക്ക്?

മുന്‍തൂക്കം ആര്‍ക്ക്?

ദീപക് ചഹറായിരിക്കും രോഹിത് ശര്‍മയ്ക്ക് എതിരെ ചെന്നൈ കരുതുന്ന തുറുപ്പുച്ചീട്ട്. പവര്‍പ്ലേയില്‍ത്തന്നെ രോഹിത്തിനെ മടക്കാന്‍ ചെന്നൈ ശ്രമിക്കും. ഇതുവരെ ആറു ഇന്നിങ്‌സുകളിലാണ് രോഹിത് ശര്‍മയും ദീപക് ചഹറും പവര്‍പ്ലേ ഓവറുകളില്‍ മുഖാമുഖം വന്നത്. കൃത്യമായി പറഞ്ഞാല്‍ രോഹിത്തിനെതിരെ 24 പന്തുകള്‍ ചഹര്‍ പവര്‍പ്ലേയില്‍ എറിഞ്ഞിട്ടുണ്ട്. രണ്ടുതവണ ഹിറ്റ്മാനെ പുറത്താക്കാന്‍ ചഹറിന് കഴിഞ്ഞു. ആകെ വിട്ടുകൊടുത്തതാകട്ടെ 29 റണ്‍സും. എന്നാല്‍ അബുദാബിയിലെ വേഗം കുറഞ്ഞ പിച്ചില്‍ സ്വിങ് മികവ് പുലര്‍ത്താന്‍ ചഹറിന് കഴിയുമോ എന്നത് മാത്രമാണ് പ്രധാന ചോദ്യം.

സ്റ്റാർ താരം

മുംബൈയുടെ കാര്യമെടുത്താല്‍ ഡെത്ത് ഓവറുകളിലാണ് ടീം ഉജ്ജ്വലപോരാട്ടം കാഴ്ച്ചവെക്കുന്നത്. അവസാന ഓവറുകളില്‍ റണ്‍നിരക്ക് പിടിച്ചുനിര്‍ത്താനും വിക്കറ്റുകള്‍ കണ്ടെത്താനും മുംബൈ ബൗളര്‍മാര്‍ക്ക് പൊതുവേ കഴിയാറുണ്ട്. ക്രീസില്‍ ധോണിയാണെങ്കില്‍ക്കൂടി ആശങ്കയില്ലാതെ പന്തെറിയാന്‍ മുംബൈയ്ക്ക് സാധിക്കും.

ജസ്പ്രീത് ബുംറയാണ് മുംബൈ നിരയിലെ സ്റ്റാര്‍ ബൗളര്‍. ഡെത്ത് ഓവറുകളില്‍ (16 മുതല്‍ 20 ഓവര്‍ വരെ) മൂന്നുതവണ ധോണിയെ പുറത്താക്കിയ ചരിത്രം ബുംറയ്ക്കുണ്ട്. 33 പന്തുകളില്‍ 39 റണ്‍സ് മാത്രമാണ് അവസാന ഓവറുകളില്‍ ധോണിക്ക് മുന്നില്‍ ബുംറ വഴങ്ങിയതും. നതാന്‍ കോള്‍ട്ടര്‍നൈലും ഇവിടെ ഒട്ടും മോശക്കാരനല്ല. 23 പന്തില്‍ 25 റണ്‍സ് മാത്രമാണ് കോള്‍ട്ടര്‍നൈല്‍ വിട്ടുകൊടുത്തിട്ടുള്ളത്; രണ്ടുതവണ ധോണിയെ ഇദ്ദേഹം തിരിച്ചയച്ചതും കാണാം.

മത്സരഗതി

മത്സരഗതി

അബുദാബി സ്റ്റേഡിയത്തില്‍ വലിയ സ്‌കോറുകള്‍ പൊതുവേ പിറക്കാറില്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ 140 റണ്‍സില്‍ താഴെയാണ് ആദ്യ ഇന്നിങ്‌സുകള്‍ അവസാനിക്കാറ്.

സാധാരണയായി തോറ്റുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റ് തുടങ്ങാറ്. 2012 മുതല്‍ ടീം ഈ പതിവ് പാലിച്ചുപോരുന്നു. എന്നാല്‍ ഇത്തവണ ചിത്രം മാറാം. കാരണം ചെന്നൈയെ ഏറ്റവുമധികം തവണ തോല്‍പ്പിച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈയ്ക്ക് എതിരെ കളിച്ച കഴിഞ്ഞ പത്തു മത്സരങ്ങളില്‍ എട്ടിലും രോഹിത് ശര്‍മയുടെ ടീം ജയിച്ചുകയറിയിട്ടുണ്ട്.

ചെന്നൈയുടെ തന്ത്രം

സ്പിന്‍ വിഭാഗം പരിശോധിച്ചാല്‍ ചെന്നൈയ്ക്കാണ് മുന്‍തൂക്കം. ഇടകയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ കേന്ദ്രീകരിച്ചായിരിക്കും സിഎസ്‌കെ സ്പിന്‍ തന്ത്രങ്ങള്‍ മെനയുക. ഐപിഎല്ലില്‍ 108 വിക്കറ്റുകളുണ്ട് ജഡേജയുടെ പേരില്‍. മറുഭാഗത്ത് ക്രൂണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, അന്‍കുല്‍ റോയ് എന്നിവര്‍ മുംബൈയുടെ സ്പിന്‍ നിര പൂര്‍ണമാക്കുന്നു.

പൊള്ളാർഡിനെ പൂട്ടാൻ

ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കീറോണ്‍ പൊള്ളാര്‍ഡ് നടത്തിയ ഗംഭീരന്‍ പ്രകടനം മുംബൈയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. 204 സ്‌ട്രൈക്ക് റേറ്റില്‍ 207 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചെടുത്തത്. ബാറ്റിങ് ശരാശരി 51 റണ്‍സ്. സിപിഎല്ലിന് സമാനമായി ഐപിഎല്ലിലും ഇക്കുറി വേഗം കുറഞ്ഞ പിച്ചുകള്‍ ഒരുങ്ങുന്നതുകൊണ്ട് ഫോം നിലനിര്‍ത്താന്‍ പൊള്ളാര്‍ഡിന് വിഷമം കാണില്ല. ഇതേസമയം, ഇമ്രാന്‍ താഹിറിനെ വെച്ച് പൊള്ളാര്‍ഡിനെ നേരിടാനായിരിക്കും ധോണി ശ്രമിക്കുക. കാരണം ഇരുതാരങ്ങളും തമ്മില്‍ മുഖാമുഖം വന്നപ്പോഴൊക്കെ താഹിറാണ് ആധിപത്യം കുറിച്ചിട്ടുള്ളത് (16 ഇന്നിങ്‌സുകളില്‍ നിന്ന് 4 വിക്കറ്റ്; ഡോട്ട് പന്തുകളാകട്ടെ 50 ശതമാനവും).

പവർപ്ലേ ഓവർ

തുടക്കത്തില്‍ ലഭിക്കുന്ന വിക്കറ്റുകളെ ആശ്രയിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് മികവ് കാട്ടാറ്. 2018 മുതലുള്ള കണക്ക് നോക്കിയാല്‍ പവര്‍പ്ലേ ഓവറുകളില്‍ മാത്രം മൊത്തം 56 വിക്കറ്റുകള്‍ ചെന്നൈ വീഴ്ത്തിയത് കാണാം. എട്ടു ടീമുകളില്‍വെച്ച് ഏറ്റവും മികച്ച പ്രകടനമാണിത്. ഇതില്‍ 25 വിക്കറ്റുകളും ദീപക് ചഹറിന്റെ സംഭാവനയാണെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. അബുദാബിയിലെ വേഗം കുറഞ്ഞ പിച്ചില്‍ ആദ്യമെ വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ സ്പിന്നര്‍മാരെ വെച്ച് കളി പിടിച്ചെടുക്കാന്‍ ധോണിക്ക് അനായാസം കഴിയും. എന്നാല്‍ ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇറക്കുമ്പോള്‍ ധോണിയുടെ തന്ത്രം വിലപോവുമോ എന്നുമാത്രം കണ്ടറിയണം.

Story first published: Friday, September 18, 2020, 19:34 [IST]
Other articles published on Sep 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X