അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് യുഎഇയില്‍ പരിശീലനം ആരംഭിച്ചു. ഏഴ് ദിവസത്തെ ക്വാറന്റെയ്ന്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് മുംബൈ താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചത്. അബുദാബിയിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താമസിച്ചിരുന്നത്. ഇവിടുത്തെ നിയമപ്രകാരം 14 ദിവസമാണ് ക്വാറന്റെയ്‌നില്‍ കഴിയേണ്ടത്. അതിനാല്‍ മുംബൈ പരിശീലനം ആരംഭിക്കാന്‍ വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാല്‍ ശനിയാഴ്ച വൈകുന്നേരം മുംബൈ പരിശീലനം ആരംഭിക്കുകയായിരുന്നു. യുഎഇയില്‍ കടുത്ത ചൂട് കാലാവസ്ഥ ആയതിനാല്‍ വൈകുന്നേരമാണ് താരങ്ങള്‍ പരിശീലനം നടത്തുന്നത്. മുംബൈ നായകന്‍ രോഹിത് ശര്‍മ,സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. താരങ്ങള്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം പരിശീലനത്തിന്റെ അനുഭവവും പങ്കുവെച്ചിട്ടുണ്ട്. കൊറോണയെത്തുടര്‍ന്ന് അഞ്ച് മാസത്തോളമായി താരങ്ങളെല്ലാം വീടുകളിലായിരുന്നു. അതിനാല്‍ത്തന്നെ വീണ്ടും കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് താരങ്ങള്‍. മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധന,ബൗളിങ് കോച്ച് സഹീര്‍ ഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.
ഐപിഎല്ലില്‍ കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് (നാല് തവണ) മുംബൈ ഇന്ത്യന്‍സ്. ശക്തമായ താരനിരയാണ് ഇത്തവണയും ടീമിനൊപ്പമുള്ളത്. ടീമിന്റെ സ്റ്റാര്‍ പേസര്‍മാരിലൊരാളായ ലസിത് മലിംഗയ്ക്ക് ഈ സീസണിലെ പകുതിയിലധികം മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട്, മിച്ചല്‍ മഗ്ലെങ്ങന്‍, ധവാല്‍ കുല്‍ക്കര്‍ണി, നഥാന്‍ കോള്‍ട്ടര്‍നെയ്ല്‍ തുടങ്ങിയ മികച്ച പേസ് നിര ഇത്തവണ മുംബൈയ്‌ക്കൊപ്പമുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പമെത്താന്‍ വൈകും.
സെപ്റ്റംബര്‍ 10നാണ് സിപിഎല്‍ അവസാനിക്കുന്നത്. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്. ഇതിനിടെ സിഎസ്‌കെ ക്യാംപില്‍ കോവിഡ് വൈറസ് വ്യാപനം തുടരുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇതിനോടകം 13ന് മുകളില്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ സിഎസ്‌കെ താരങ്ങള്‍ പരിശീലനം ആരംഭിക്കാന്‍ ഇനിയും വൈകും. സിഎസ്‌കെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഐപിഎല്‍ ഷെഡ്യൂളും വൈകും.