ദുബായ്: മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പരിക്കേറ്റ രോഹിത് ശര്‍മക്ക് പൂര്‍ണമായും ടൂര്‍ണമെന്റ് നഷ്ടമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ വിവരം അനുസരിച്ച് നവംബര്‍ മൂന്നാം തീയ്യതി നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ രോഹിത് തിരിച്ചെത്തും. മുംബൈ നായകനായ രോഹിത് നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്റെ ഫോട്ടോ ഇന്നലെ മുംബൈ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇത് അദ്ദേഹത്തിന്റെ മടങ്ങിവരവിനെയാണ് സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കിയതോടെയാണ് അദ്ദേഹത്തിന് ഐപിഎല്‍ സീസണ്‍ നഷ്ടമാകുമെന്ന അഭ്യൂഹം പ്രചരിച്ചത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രങ്ങള്‍ അദ്ദേഹം മടങ്ങിവരുമെന്ന സൂചനയാണ് നല്‍കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനിടെയാണ് രോഹിതിന്റെ കാലിന് പരിക്കേറ്റത്.

ഇതോടെ തുടര്‍ന്നുള്ള സിഎസ്‌കെയ്ക്കും രാജസ്ഥാന്‍ റോയല്‍സിനുമെതിരായ മത്സരത്തില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. മുംബൈയെ നാല് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മക്ക് ഈ സീസണില്‍ ബാറ്റിങ്ങില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നായക മികവ് മുംബൈ ആവിശ്യപ്പെടുന്നു. ലോക്ഡൗണിലെ വിശ്രമത്തെത്തുടര്‍ന്ന് വണ്ണം കൂടിയത് രോഹിതിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന തരത്തിലും ആരോപണങ്ങളുയരുന്നുണ്ട്.
കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രോഹിതിന്റെ തടിയെ പരിഹസിച്ചിരുന്നു. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മയെ തഴയാനുള്ള കാരണം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ഇല്ലായ്മയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എന്താണ് രോഹിത്തിന്റെ അഭാവമെന്നത് സംബന്ധിച്ച് വ്യക്തമായി ഉത്തരം നല്‍കാന്‍ സെലക്ടര്‍മാരോ ബിസിസിഐ വൃത്തങ്ങളോ തയ്യാറാകാത്തതിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്.

നിലവില്‍ ഒന്നാം സ്ഥാനത്താണ് മുംബൈയുള്ളത്. ഇനി മൂന്ന് മത്സരമാണ് ശേഷിക്കുന്നത്. 14 പോയിന്റുള്ള മുംബൈ രണ്ട് ജയം കൂടി നേടിയാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചേക്കും. 9 മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 260 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. പ്ലേ ഓഫിലെത്താനുള്ള പോരാട്ടം ശക്തമാകവെ രോഹിത് ശര്‍മ കളിക്കാതിരുന്നാല്‍ മുംബൈക്കത് കടുത്ത തിരിച്ചടിയാവും. നിലവില്‍ രോഹിതിന് പകരം ഇഷാന്‍ കിഷനാണ് ക്വിന്റന്‍ ഡീകോക്കിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.
ഓസീസ് പര്യടനത്തിനുള്ള ഏകദിന,ടി20 ടീമില്‍ വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുലിനെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാന വിക്കറ്റ് കീപ്പറായും രാഹുലിനെ പരിഗണിക്കുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കുമോയെന്ന് കണ്ടറിയണം. സഞ്ജു സാംസണ്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവരും ടി20ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.