ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് തിരശ്ശീല വീഴുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടം അലമാരയിലെത്തിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ എന്ന താരത്തിന്റെ ആറാം ഐപിഎല്‍ കിരീടവും മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയിലെ അഞ്ചാം കിരീടവുമാണിത്. സീസണില്‍ മോശം ഫോമിലായിരുന്ന രോഹിത് കലാശപ്പോരാട്ടത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്. ഇപ്പോഴിതാ തന്റെ നായക പദവിയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും രോഹിത് പ്രതികരിച്ചിരിക്കുകയാണ്. താന്‍ സഹതാരങ്ങളുടെ പിറകെ വടിയെടുത്ത് ഓടുന്ന നായകനല്ലെന്നാണ് രോഹിത് പറഞ്ഞത്.
'ആരുടെയെങ്കിലും പിറകെ വടിയുമായി ഓടുന്ന ആളല്ല ഞാന്‍. നായകനെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയെന്നതാണ്. ഒന്നിനുവേണ്ടിയും ടീമിനോട് അധികമായി ആവിശ്യപ്പെടേണ്ട ആവിശ്യം വന്നിട്ടില്ല. സ്‌ക്രീനിന് പുറത്ത് നില്‍ക്കുന്നവര്‍ക്കാണ് കൂടുതല്‍ കൈയടി നല്‍കേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ശരിക്കും ഞങ്ങളുടെ ഒരുക്കം തുടങ്ങുന്നത്. എന്നാല്‍ ടീമിലെ വിടവുകള്‍ അവസാന സീസണോടെ തന്നെ അടക്കാന്‍ സാധിച്ചുവെന്നാണ് കരുതുന്നത്'-രോഹിത് പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കണ്ട എക്കാലത്തെയും മികച്ച നായകാനായണ് രോഹിതിനെ നിലവില്‍ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. പരിക്കും മോശം ഫോമും ഫിറ്റ്‌നസ് കുറവും മൂലം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രോഹിതിന് ആദ്യം പരിഗണിച്ചിരുന്നില്ല. എന്നാല്‍ കുറിക്ക് കൊള്ളുന്ന പ്രകടനവുമായി വിമര്‍ശകരുടെ വായടപ്പിക്കാന്‍ കലാശപ്പോരാട്ടത്തില്‍ രോഹിതിന് സാധിച്ചു. 51 പന്തില്‍ 5 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 68 റണ്‍സ് നേടിയ രോഹിതാണ് ഡല്‍ഹിക്കെതിരേ മുംബൈയുടെ ജയം എളുപ്പമാക്കിയത്.
മത്സരത്തില്‍ രോഹിത് ശര്‍മക്കുവേണ്ടി സൂര്യകുമാര്‍ യാദവ് സ്വന്തം വിക്കറ്റ് ബലികൊടുത്തിരുന്നു. എന്നാല്‍ താനായിരുന്നു പുറത്തുപോകേണ്ടിയിരുന്നതെന്നും അത്ര മികച്ച ഫോമിലാണ് സൂര്യകുമാര്‍ കളിച്ചതെന്നും രോഹിത് മത്സര ശേഷം പറഞ്ഞിരുന്നു. ഐപിഎല്‍ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും കളിക്കാന്‍ പ്രയാസമുള്ള ടൂര്‍ണമെന്റാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട്. ഫൈനലിലെത്തുന്നതിനായി സഹതാരങ്ങള്‍ നടത്തിയ പ്രകടനത്തില്‍ വളരെ അഭിമാനമുണ്ടെന്നും അത് എളുപ്പമുള്ള കാര്യമല്ലെന്നും രോഹിത് പറഞ്ഞു. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ 156 എന്ന സ്‌കോറില്‍ ഒതുക്കി നിര്‍ത്താന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചു. മറുപടിക്കിറങ്ങിയ മുംബൈ എട്ട് പന്ത് ബാക്കി നിര്‍ത്തിയാണ് അനായാസ വിജയം നേടിയെടുത്തത്.