
മുംബൈ ഇന്ത്യന്‍സ് -രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഓപ്പണറായോ അല്ലെങ്കില്‍ മൂന്നാം നമ്പറിലോ ആവും രോഹിത് ഇറങ്ങാന്‍ സാധ്യത. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്. അനായാസം സിക്‌സര്‍ പറത്താനുള്ള കരുത്താണ് രോഹിതിനെ എതിരാളികളുടെ പേടി സ്വപ്‌നമാക്കുന്നത്. 188 ഐപിഎല്ലില്‍ നിന്നായി 31.6 ശരാശരിയില്‍ 4898 റണ്‍സാണ് രോഹിത് നേടിയത്. അതില്‍ ഒരു സെഞ്ച്വറിയും 36 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും. 194 സിക്‌സും രോഹിത് നേടിയിട്ടുണ്ട്.

കീറോണ്‍ പൊള്ളാര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന് ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. 148 ഐപിഎല്ലില്‍ നിന്നായി 2755 റണ്‍സും 56 വിക്കറ്റുമാണ് പൊള്ളാര്‍ഡ് നേടിയത്. മധ്യനിരയില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തനാണ് പൊള്ളാര്‍ഡ്. 176 സിക്‌സാണ് പൊള്ളാര്‍ഡ് ഐപിഎല്ലില്‍ നേടിയത്. ഇത്തവണത്തെ സിപിഎല്ലിലും പൊള്ളാര്‍ഡ് ശോഭിച്ചിരുന്നു.

പാണ്ഡ്യ ബ്രദേഴ്‌സ്
ക്രുണാല്‍ പാണ്ഡ്യ-ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മുംബൈയുടെ നട്ടെല്ലാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സര ഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇരുവരും. ഹര്‍ദിക് മീഡിയം പേസ് ചെയ്യുമ്പോള്‍ സ്പിന്‍ കുരുക്കുമായാണ് ക്രുണാല്‍ എത്തുന്നത്. 66 ഐപിഎല്ലില്‍ നിന്ന് 1068 റണ്‍സും 42 വിക്കറ്റുമാണ് ഹര്‍ദിക്കിന്റെ പേരിലുള്ളത്. മൂന്ന് തവണ അര്‍ധ സെഞ്ച്വറി നേടിയ ഹര്‍ദിക് 68 സിക്‌സും സ്വന്തം പേരിലാക്കി. ക്രുണാല്‍ പാണ്ഡ്യ 55 മത്സരങ്ങളില്‍ നിന്ന് 891 റണ്‍സും 40 വിക്കറ്റുമാണ് വീഴ്ത്തിയത്. 35 സിക്‌സാണ് ക്രുണാല്‍ ഐപിഎല്ലില്‍ നേടിയത്.

ജസ്പ്രീത് ബൂംറ
പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ ടീമിന്റെ അഭിവാജ്യ ഘടകമാണ്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബൂംറയുടെ ബൗളിങ്ങിനെയാണ് എതിരാളികള്‍ ഏറ്റവും ഭയക്കുന്നത്. 77 ഐപിഎല്ലില്‍ നിന്ന് 82 വിക്കറ്റാണ് ബൂംറയുടെ സമ്പാദ്യം. ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. റണ്‍സ് വഴങ്ങുന്നതില്‍ വളരെ പിശുക്കുള്ള താരമാണ് ബൂംറ.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- എം എസ് ധോണി
നായകന്‍ ധോണി തന്നെയാണ് സിഎസ്‌കെയുടെ തുറപ്പുചീട്ട്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള ധോണിയുടെ മികവിനെ എതിരാളികള്‍ ഭയക്കുന്നു. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് ധോണിക്കുള്ളത്. 190 മത്സരങ്ങളില്‍ നിന്ന് 42.21 ശരാശരിയില്‍ 4432 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 209 സിക്‌സാണ് ഐപിഎല്ലില്‍ ധോണി നേടിയത്.

ഡ്വെയ്ന്‍ ബ്രാവോ
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ സിഎസ്‌കെയിലെ അഭിവാജ്യ ഘടകമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സര ഫലത്തെ സ്വാധീനിക്കാന്‍ ബ്രാവോയ്ക്ക് മികവുണ്ട്. 134 ഐപിഎല്ലില്‍ നിന്നായി 1483 റണ്‍സും 147 വിക്കറ്റുമാണ് ബ്രാവോ ഐപിഎല്ലില്‍ നേടിയത്. ഇക്കഴിഞ്ഞ സിപിഎല്ലിലും ബ്രാവോ തിളങ്ങിയിരുന്നു.

രവീന്ദ്ര ജഡേജ
ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സിഎസ്‌കെ നിരയിലെ പ്രധാനിയാണ്. മധ്യനിരയില്‍ ടീമിനെ ബാറ്റുകൊണ്ടും വിജയം നേടിക്കൊടുക്കാനുള്ള പ്രതിഭ ജഡേജയ്ക്കുണ്ട്. ഇത്തവണത്തെ സ്പിന്‍ മൈതാനത്ത് ജഡേജയ്ക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനം. 170 ഐപിഎല്ലില്‍ നിന്നായി 1927 റണ്‍സും 108 വിക്കറ്റും നേടിയിട്ടുള്ള ജഡേജ അഞ്ച് വിക്കറ്റ് പ്രകടനം ഒരു തവണ നടത്തിയിട്ടുണ്ട്.

ഷെയ്ന്‍ വാട്‌സണ്‍
മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണും സിഎസ്‌കെയുടെ നിര്‍ണ്ണായക താരമാണ്. മീഡിയം പേസറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ വാട്‌സണ്‍ ഓപ്പണറായി എത്താനാണ് സാധ്യത. 134 ഐപിഎല്ലില്‍ നിന്നായി 3575 റണ്‍സും 92 വിക്കറ്റും വാട്‌സണിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ നാല് സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും വാട്‌സണിന്റെ പേരിലുണ്ട്.

ഇമ്രാന്‍ താഹിര്‍
അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ് ജേതാവായ ഇമ്രാന്‍ താഹിറിന് ഇത്തവണയും ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. യുഎഇയിലെ പിച്ച് സ്പിന്നിന് അനുകൂലമായതിനാല്‍ താഹിറിനെ എതിരാളികള്‍ ഭയക്കും. ഇക്കഴിഞ്ഞ സിപിഎല്ലിലും താഹര്‍ ശോഭിച്ചിരുന്നു. 55 ഐപിഎല്ലില്‍ നിന്ന് 79 വിക്കറ്റാണ് താഹിറിന്റെ പേരിലുള്ളത്.


Click it and Unblock the Notifications