ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ട്. നിലവിലെ മികച്ച പേസര്‍മാരുടെ പട്ടികയിലെ സ്ഥാനക്കാരനായ ബോള്‍ട്ടിന് ഇത്തവണ മുംബൈ നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. കാരണം ലസിത് മലിംഗ ഇത്തവണ മുംബൈ നിരയില്‍ ഇല്ലാത്തതിനാല്‍ത്തന്നെ ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം ബൗളിങ്ങില്‍ കരുത്ത് പകരാന്‍ ബോള്‍ട്ടിന് അവസരം ലഭിച്ചേക്കും.
ഐപിഎല്ലില്‍ കളിക്കാന്‍ സന്തോഷവാനാണെങ്കിലും ഇത്തവണത്തെ യുഎഇ ഐപിഎല്ലിലെ പ്രധാന വെല്ലുവിളി എന്തായിരിക്കുമെന്ന് ബോള്‍ട്ട് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ബോള്‍ട്ടിന്റെ അഭിപ്രായത്തില്‍ യുഎഇയിലെ കടുത്ത ചൂടാണ് തിരിച്ചടി. 'മരുഭൂമിക്ക് നടുവില്‍ കനത്ത ചൂടില്‍ ഐപിഎല്ലിനായി മുന്നൊരുക്കം നടത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ന്യൂസീലന്‍ഡ് പോലൊരു ചെറിയ രാജ്യത്ത് നിന്നാണ് ഞാന്‍ വരുന്നത്.

നിലവില്‍ 7-8ഡിഗ്രി സെല്‍ഷ്യസാണ് അവിടുത്തെ കാലാവസ്ഥ'-മുംബൈ ഇന്ത്യന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബോള്‍ട്ട് വ്യക്കമാക്കി. മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ വളരെ സന്തോഷം. കുറച്ച് മത്സരങ്ങളില്‍ മുംബൈയ്‌ക്കെതിരേ കളിച്ചിട്ടുണ്ട്. അവരെ നേരിടാനെത്തുമ്പോഴുള്ള വലിയ വെല്ലുവിളി ഭയപ്പെടുത്തുന്ന താരനിരയായിരുന്നു. ഇപ്പോള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് മനോഹരമായ കാര്യമാണെന്നും ബോള്‍ട്ട് പറഞ്ഞു.
പൊതുവേ മാര്‍ച്ചില്‍ ഇന്ത്യയിലെ കാലാവസ്ഥ താരങ്ങളെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടിക്കുന്നതല്ല. എന്നാല്‍ യുഎഇയില്‍ നിലവില്‍ കഠിനമായ ചൂടാണ്. ഈ അവസ്ഥ വിദേശ താരങ്ങളെ തളര്‍ത്താന്‍ സാധ്യത കൂടുതലാണ്. യുഎഇയിലെ കടുത്ത ചൂട് കാരണം പകല്‍ സമയങ്ങളില്‍ ടീമിന് പരിശീലനം നല്‍കാറില്ല. വൈകുന്നേരമാണ് സാധാരണ പരിശീലനം നടത്തുന്നത്. ഐപിഎല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി 7.30ന് ആരംഭിക്കും. വൈകുന്നേരത്തെ ചൂട് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമോയെന്ന് കണ്ടറിയണം.
അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു ബോള്‍ട്ട്. നേരത്തെ ഐപിഎല്ലില്‍ കളിക്കുന്ന കാര്യം ബോള്‍ട്ട് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 33 ഐപിഎല്ലില്‍ നിന്നായി 38 വിക്കറ്റാണ് ബോള്‍ട്ട് ഐപിഎല്ലില്‍ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇത്തവണയും കരുത്തുറ്റ നിരയാണ്. ഉദ്ഘാടന മത്സരത്തില്‍ എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മുംബൈയുടെ എതിരാളികള്‍.