IPL 2020: ഇത് വിക്കറ്റ് കീപ്പര്‍മാരുടെ സീസണ്‍- സിക്‌സര്‍ വേട്ടക്കാരിലെ സാമ്യത രസകരം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ ആവേശം പ്ലേ ഓഫിലേക്ക് അടുക്കുകയാണ്. മുംബൈ ഇന്ത്യന്‍സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,ആര്‍സിബി എന്നീ ടീമുകള്‍ പോയിന്റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാലാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. പ്രധാനമായും കെകെആറും പഞ്ചാബും തമ്മിലാണ് നാലാം സ്ഥാനത്തിനായി ശക്തമായി രംഗത്തുള്ളത്. ദുബായിലെ സാഹചര്യത്തില്‍ ബാറ്റിങ് നിരയുടെ പ്രകടനത്തെക്കുറിച്ച് ആശങ്കകളേറെയായിരുന്നെങ്കിലും അതെല്ലാം കാറ്റില്‍ പറത്തുന്ന പ്രകടനമാണ് താരങ്ങള്‍ പുറത്തെടുക്കുന്നത്. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ 567 റണ്‍സുമായി പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ ഡല്‍ഹിയുടെ കഗിസോ റബാദയാണ് (23) മുന്നില്‍. എന്നാല്‍ നിലവിലെ സിക്‌സര്‍ വേട്ടക്കാരുടെ പട്ടിക നോക്കുമ്പോള്‍ കൗതുകകരമായ ഒരു സാമ്യത നമുക്ക് കാണാനാവും. അത് എന്തെന്നാല്‍ മുന്നിട്ട് നില്‍ക്കുന്ന ആദ്യ അഞ്ച് പേരും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആണെന്നതാണ്. അവരുടെ ഇത്തവണത്തെ പ്രകടനങ്ങള്‍ നമുക്ക് നോക്കാം.

സഞ്ജു സാംസണ്‍
രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണാണ് ഇത്തവണ സിക്‌സര്‍ വേട്ടക്കാരില്‍ നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 326 റണ്‍സാണ് സഞ്ജു നേടിയത്. 23 സിക്‌സറുകള്‍ പറത്തിയാണ് സഞ്ജു സിക്‌സര്‍ വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. 17 ഫോറും നേടിയ സഞ്ജുവിന്റെ സ്‌ട്രൈക്കറേറ്റ് 157.48. അവസാന മത്സരത്തില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ സഞ്ജു കൈയടി നേടിയിരുന്നു.

നിക്കോളാസ് പുരാന്‍
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് നിക്കോളാസ് പുരാന്‍. കെ എല്‍ രാഹുല്‍ കീപ്പര്‍ റോളിലുള്ളതിനാല്‍ ടീമില്‍ ഫീല്‍ഡര്‍ റോളാണ് പുരാനുള്ളത്. പഞ്ചാബിന്റെ മധ്യനിരയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന പുരാന്‍ 11 മത്സരത്തില്‍ നിന്ന് 22 സിക്‌സാണ് ഇതുവരെ നേടിയത്. 2 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 327 റണ്‍സ് അടിച്ചെടുത്ത പുരാന്റെ സ്‌ട്രൈക്കറേറ്റ് 173.01 ആണ്.

ഇഷാന്‍ കിഷന്‍
മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനാണ് സിക്‌സര്‍ വേട്ടക്കാരില്‍ നിലവില്‍ മൂന്നാം സ്ഥാനത്ത്. 9 മത്സരത്തില്‍ നിന്ന് 20 സിക്‌സാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ നേടിയത്. ക്വിന്റന്‍ ഡീകോക്ക് മുംബൈയിലുള്ളതിനാല്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ ഇഷാന്‍ എത്തുന്നില്ല. 2 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 298 റണ്‍സാണ് ഇഷാന്‍ നേടിയത്. 142.58ആണ് സ്‌ട്രൈക്കറേറ്റ്. 42.57ആണ് താരത്തിന്റെ സീസണിലെ ശരാശരി.

കെ എല്‍ രാഹുല്‍
പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലാണ് സിക്‌സര്‍ വേട്ടക്കാരില്‍ നാലാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ നിന്ന് 1 സെഞ്ച്വറിയും 5 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 567 റണ്‍സാണ് രാഹുല്‍ നേടിയത്. 20 സിക്‌സാണ് രാഹുലും നേടിയത്. 48 ബൗണ്ടറിയും രാഹുല്‍ സ്വന്തമാക്കി. കൂടുതലും ബൗണ്ടറികളിലൂടെയാണ് രാഹുല്‍ ഇത്തവണ റണ്‍സുയര്‍ത്തത്. 63 ശരാശരിയില്‍ കളിക്കുന്ന രാഹുലിന്റെ സ്‌ട്രൈക്കറേറ്റ് 133.41 ആണ്.

എബി ഡിവില്ലിയേഴ്‌സ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പര്‍ എ ബി ഡിവില്ലിയേഴ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 19 സിക്‌സാണ് എബിഡി നേടിയത്. 11 മത്സരത്തില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 324 റണ്‍സാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം. 25 ബൗണ്ടറിയും നേടിയ എബിയുടെ സ്‌ട്രൈക്കറേറ്റ് 174.19 ആണ്. 54 ആണ് ശരാശരി. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications