For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡല്‍ഹിക്ക് എന്തുപറ്റി? തുടര്‍ തോല്‍വികളുടെ കാരണം വ്യക്തമാക്കി മുഹമ്മദ് കൈഫ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ആദ്യം പ്ലേ ഓഫില്‍ കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണിലെ ആദ്യ മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ ജയം നേടിയ ഡല്‍ഹി ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു. എന്നാല്‍ സീസണ്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ഡല്‍ഹിയുടെ പദ്ധതികളെല്ലാം പിഴച്ചു. താഴെയുണ്ടായിരുന്ന ടീമുകളെല്ലാം ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ ഡല്‍ഹിക്ക് തുടര്‍ തോല്‍വികള്‍ വഴങ്ങേണ്ടി വന്നു.

മുംബൈ ഇന്ത്യന്‍സിനോട് 9 വിക്കറ്റിന് തോറ്റതോടെ തുടര്‍ച്ചയായ നാലാമത്തെ പരാജയമാണ് ഡല്‍ഹി നേരിടുന്നത്. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തുടര്‍ തോല്‍വികളുടെ കാരണമെന്തെന്ന് ഡല്‍ഹിയുടെ സഹ പരിശീലകന്‍ മുഹമ്മദ് കൈഫ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. താരങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടതാണ് കാരണമെന്നാണ് കൈഫ് പറയുന്നത്.

kaif

'താരങ്ങള്‍ അല്‍പ്പം സമ്മര്‍ദ്ദം നേരിടുന്നുണ്ട്. അതാണ് കാരണം. ഞങ്ങളിത് പ്രതീക്ഷിച്ചിരുന്നതാണ്. ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ചില സമയങ്ങളില്‍ ഫോം നഷ്ടപ്പെട്ടേക്കാം,ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇടിവ് പ്രതീക്ഷിച്ചിരുന്നില്ല. അനായാസം പ്ലേ ഓഫില്‍ കടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര്‍സിബിയുമായി പോരാടിത്തന്നെ തീരുമാനിക്കാം'-കൈഫ് പറഞ്ഞു.

ബാറ്റിങ് നിരയില്‍ എല്ലാവരും ഒരുപോലെ നിറം മങ്ങുന്നതാണ് ടീമിന്റെ പ്രശ്‌നം. ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനാവുന്നില്ല. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയ ധവാന്‍ അവസാന രണ്ട് മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തി. പൃത്ഥ്വി ഷാ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് തുലയ്ക്കുന്നു. നായകന്‍ ശ്രേയസ് അയ്യര്‍ക്കും റിഷഭ് പന്തിനും സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറാനാവുന്നില്ല. മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരുന്ന സ്റ്റോയിനിസും ഹെറ്റ്‌മെയറും നനഞ്ഞ പടക്കം പോലെയായി.

കൂടാതെ തുടര്‍ ജയങ്ങളോടെ അനായാസമായി പ്ലേ ഓഫിലെത്തുമെന്ന അമിത ആത്മവിശ്വാസവും ഡല്‍ഹിക്ക് തിരിച്ചടിയായി. സീനിയര്‍ താരങ്ങളുടെ പരിക്ക് തിരിച്ചടിയായെന്നും കൈഫ് പറഞ്ഞു. 'മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ടൂര്‍ണമെന്റ് പകുതിയായപ്പോള്‍ അല്‍പ്പം സാവകാശപ്പെട്ടെങ്കിലും ഇഷാന്ത് ശര്‍മ,അമിത് മിശ്ര എന്നീ സീനിയര്‍ താരങ്ങളുടെ പരിക്ക് തിരിച്ചടിയായി. അതിനാല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താത്ത താരങ്ങളെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കേണ്ട സാഹചര്യം ഉണ്ടായി.

വിജയത്തിന്റെ താളം ടീമിന് നഷ്ടമായി. ആര്‍സിബിക്കെതിരായ അടുത്ത മത്സരത്തെ പോസിറ്റീവായാണ് കാണുന്നത്. വിജയത്തോടെ പ്ലേ ഓഫിലെത്താമെന്ന് പ്രതീക്ഷിക്കുന്നു-കൈഫ് പറഞ്ഞു. അവസാന മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ ആര്‍സിബിക്കും പ്ലേ ഓഫിലെത്താന്‍ സാധിക്കൂ. അതിനാല്‍ ഭാഗ്യം തുണയ്ക്കുന്ന ടീമിനാവും പ്ലേ ഓഫ് യോഗ്യത. മറ്റ് ടീമുകളുടെ മത്സര ഫലവും ഇവരുടെ പ്ലേ ഓഫ് പ്രവേശനത്തെ സ്വാധീനിക്കും.

Story first published: Sunday, November 1, 2020, 15:56 [IST]
Other articles published on Nov 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+