IPL 2020: കെകെആറിനെതിരേ ബാറ്റിങ് നിരയോട് പറഞ്ഞതെന്ത്? വെളിപ്പെടുത്തി മുഹമ്മദ് കൈഫ്
ഷാര്‍ജ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് തകര്‍പ്പന്‍ ജയത്തോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉയിര്‍ത്തെഴുന്നേറ്റത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 18 റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ കെകെആര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യരുടെയും (88*) പൃത്ഥ്വി ഷായുടെയും (66) ബാറ്റിങ്ങാണ് ഡല്‍ഹിക്ക് കരുത്തായത്. ഇപ്പോഴിതാ ഷാര്‍ജയിലെ മത്സരത്തിന് മുമ്പ് ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരോട് പറഞ്ഞ കാര്യമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവരുടെ അസിസ്റ്റന്റ് കോച്ചായ മുഹമ്മദ് കൈഫ്.
'വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരമായിരുന്നു ഷാര്‍ജയിലേത്. ശക്തമായിത്തന്നെ ഞങ്ങള്‍ മടങ്ങിയെത്തിയിരിക്കുന്നു. പവര്‍പ്ലേയില്‍ കൂടുതല്‍ കരുത്ത് കാട്ടണമെന്ന് ബാറ്റ്‌സ്മാന്‍മാരോട് പറഞ്ഞിരുന്നു. ശിഖര്‍ ധവാനും പൃത്ഥ്വി ഷായും മികച്ച തുടക്കം തന്നെ നല്‍കി. മികച്ച പ്രകടനമാണ് ഷാ കാഴ്ചവെച്ചത്. പവര്‍പ്ലേയില്‍ അവന്‍ എത്രത്തോളം അപകടകാരിയാണെന്ന് നമ്മള്‍ കണ്ടതാണ്. പവര്‍പ്ലേ മുതലാക്കണമെന്നാണ് അവരോട് പറഞ്ഞത്'-കൈഫ് പറഞ്ഞു.

ഒന്നാം വിക്കറ്റില്‍ 56 റണ്‍സാണ് ധവാനും പൃത്ഥ്വിയും ചേര്‍ന്ന് സ്വന്തമാക്കിയത്. ആദ്യ പവര്‍പ്ലേയില്‍ 57 റണ്‍സെന്ന മാന്യമായ സ്‌കോറാണ് ഡല്‍ഹി നേടിയത്. 14.5 ഓവറില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കിയ ഡല്‍ഹി പിന്നീടുള്ള 31 പന്തില്‍ അടിച്ചെടുത്തത് 78 റണ്‍സാണ്. പൃത്ഥ്വി നാല് വീതം ഫോറും സിക്‌സും നേടിയപ്പോള്‍ ധവാന്‍ രണ്ട് വീതം സിക്‌സും ഫോറുമാണ് നേടിയത്. മൂന്നാമായി എത്തി പുറത്താവാതെ നിന്ന അയ്യരുടെ ഇന്നിങ്‌സാണ് ഡല്‍ഹിക്ക് കരുത്തായത്. 38 പന്തില്‍ ഏഴ് ഫോറും 6 സിക്‌സും അയ്യരുടെ ബാറ്റില്‍ നിന്നും പിറന്നു. റിഷഭ് പന്ത് 17 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സും നേടി.
ഡല്‍ഹിയുടെ ബൗളര്‍മാരുടെ പ്രകടനത്തെയും കൈഫ് പ്രശംസിച്ചു. 'അമിത് മിശ്രയ്ക്ക് പരിക്കേറ്റിരിക്കുന്നു. വളരെ വലിയ പങ്കാണ് മിശ്രക്ക് ടീമിലുള്ളത്. മറ്റ് ബൗളര്‍മാരുമായി താരതമ്യപെടുത്തുമ്പോള്‍ വ്യത്യസ്തനായ ബൗളറാണ് മിശ്ര. നിരവധി വര്‍ഷങ്ങളായി ഐപിഎല്‍ കളിച്ച് പരിചയസമ്പത്തുള്ള ബൗളറാണ് മിശ്ര. ശുബ്മാന്‍ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയത് വളരെ നിര്‍ണ്ണായകമായി. അവസാനംവരെ നിന്ന് ജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് ഗില്‍. റബദയെ സംബന്ധിച്ച് വളരെ മോശമായ ദിവസമായിരുന്നു. എന്നാല്‍ ടീമെന്ന നിലയില്‍ മികച്ച മത്സരമായിരുന്നു. ഗില്ലിനെതിരേ മിശ്രയുടെ ഓവറുകള്‍ കാണാന്‍ മനോഹരമായിരുന്നു. ത്രിപതിയുടെ ബാറ്റിങ് ഞെട്ടിച്ചു. ഏറെ നാളായി കളിക്കാതിരുന്ന ശേഷമാണ് അവന്‍ തകര്‍ത്തടിച്ചത്. ലഭിച്ച അവസരം മുതലാക്കി'-കൈഫ് പറഞ്ഞു. രണ്ട് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് മിശ്ര വീഴ്ത്തിയത്. ഡല്‍ഹിക്കുവേണ്ടി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറെന്ന നേട്ടവും മിശ്ര സ്വന്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications