ദുബായ്: ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ചീട്ടുകൊട്ടാരം കണക്കെയാണ് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണുടഞ്ഞത്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് ലക്ഷ്യം അപ്രാപ്യമെന്ന് 10 ആം ഓവറിന് മുന്‍പുതന്നെ ബാംഗ്ലൂര്‍ തിരിച്ചറിഞ്ഞു. വാലറ്റത്ത് പൊരുതി നോക്കിയ വാഷിങ്ടണ്‍ സുന്ദറാണ് ആര്‍സിബിയുടെ മാനം അല്‍പ്പമെങ്കിലും രക്ഷിച്ചത്. ഐപിഎല്‍ ആറാം മത്സരത്തില്‍ 97 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കയ്യില്‍ നിന്നും കിങ്‌സ് ഇലവന്‍ പഞ്ചാബ് പിടിച്ചെടുത്തത്. 207 റണ്‍സിലേക്ക് ബാറ്റുവീശിയ ബാംഗ്ലൂര്‍ 109 റണ്‍സെടുത്തപ്പോഴേക്കും ഓള്‍ ഔട്ടായി. കളിയുടെ സമഗ്രമേഖലയിലും പഞ്ചാബിനായിരുന്നു ആധിപത്യം. നേരത്തെ, നായകന്‍ കെഎല്‍ രാഹുലിന്റെ സെഞ്ച്വറി മികവിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡില്‍ 206 റണ്‍സ് കുറിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഓവറില്‍ ദേവ്ദത്ത് പടിക്കല്‍ (2 പന്തില്‍ 1) പുറത്തായി. രണ്ടാം ഓവറില്‍ മൂന്നാമനായി വന്ന ജോഷ് ഫിലിപ്പും (0) മടങ്ങി. ശേഷം കോലി - ഫിഞ്ച് സഖ്യത്തിലായി ബാംഗ്ലൂരിന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ 5 പന്തുകളുടെ ആയുസ്സുമാത്രമേ കോലിക്കുണ്ടായുള്ളൂ. ഷെല്‍ഡണ്‍ കോട്രലിനെ ഉയര്‍ത്തിയടിക്കാനുള്ള കോലിയുടെ (5 പന്തില്‍ 1) ശ്രമം വിക്കറ്റില്‍ കലാശിച്ചു. ഇതോടെ പവര്‍പ്ലേ തീരുംമുന്‍പ് മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്മാരെ ബാംഗ്ലൂരിന് നഷ്ടമായി. ആരോണ്‍ ഫിഞ്ച് - എബി ഡിവില്ലേഴ്‌സ് കൂട്ടുകെട്ട് പോരാട്ടം തുടരുമെന്ന് കരുതിയെങ്കിലും പഞ്ചാബിന്റെ ലെഗ് സ്പിന്നര്‍മാര്‍ ഇരുവര്‍ക്കും കടിഞ്ഞാണിട്ടു. ആരോണ്‍ ഫിഞ്ചിനെ (21 പന്തില്‍ 20) രവി ബിഷ്‌ണോയി ബൗള്‍ഡ് ചെയ്തു. എബി ഡിവില്ലേഴ്‌സാകട്ടെ (18 പന്തില്‍ 28) മുരുഗന്‍ അശ്വിന്റെ ഗൂഗ്ലിക്ക് മുന്നില്‍ കീഴടങ്ങി. തുടര്‍ന്നെത്തിയവരാര്‍ക്കും ബാംഗ്ലൂരിന്റെ തോല്‍വി തടയാന്‍ സാധിച്ചില്ല. ഒടുവില്‍ 17 ആം ഓവറില്‍ 109 റണ്‍സിന് ടീം ഒന്നടങ്കം പുറത്തായി. പഞ്ചാബ് നിരയില്‍ രവി ബിഷ്‌ണോയി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ 3 വിക്കറ്റുകള്‍വീതം വീഴ്ത്തി. ഷെല്‍ഡണ്‍ കോട്രലിന് രണ്ടു വിക്കറ്റുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്ലും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുവീതം പങ്കിട്ടു.
നേരത്തെ, ബാംഗ്ലൂരിന് മുന്നില്‍ കത്തിപ്പടരുകയായിരുന്നു പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍. അവസാന ഓവറുകളില്‍ പന്ത് തലങ്ങും വിലങ്ങും അതിര്‍ത്തി കടന്നപ്പോള്‍ നഷ്ടപ്പെടുത്തിയ ക്യാച്ച് അവസരങ്ങളെയോര്‍ത്ത് വിരാട് കോലി പരിതപിച്ചു. 69 പന്തില്‍ പുറത്താകാതെ 139 റണ്‍സെടുത്ത നായകന്‍ കെഎല്‍ രാഹുലാണ് പഞ്ചാബിനെ മുന്നില്‍ നിന്നും നയിച്ചത്. 7 സിക്‌സും 14 ഫോറും രാഹുലിന്റെ ഇന്നിങ്‌സിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് 191!

മായങ്ക് അഗര്‍വാളും കെഎല്‍ രാഹുലും ചേര്‍ന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഇന്നിങ്‌സിന് തുടക്കമിട്ടത്. പവര്‍പ്ലേ ഓവര്‍ തീരുംവരെ വിക്കറ്റു നഷ്ടപ്പെടുത്താതെ കളിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ആദ്യ ആറ് ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സും കുറിക്കപ്പെട്ടു. ഏഴാം ഓവറില്‍ പന്തെടുത്ത യുസ്‌വേന്ദ്ര ചഹാലാണ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ഓവറിലെ അവസാന പന്തില്‍ ചഹാലിന്റെ ഗൂഗ്ലി പഠിച്ചെടുക്കാന്‍ മായങ്കിന് കഴിഞ്ഞില്ല. കുത്തിത്തിരിയുമെന്ന് പ്രതീക്ഷിച്ച പന്ത് മായങ്കിന്റെ (20 പന്തില്‍ 26) സ്റ്റംപുംകൊണ്ടുപോയി. നിക്കോളസ് പൂരനാണ് ശേഷം ക്രീസിലെത്തിയത്. 10 ആം ഓവറില്‍ പന്തെടുത്ത ഉമേഷ് യാദവിനെ ഇരുവരും ചേര്‍ന്ന് ശക്തമായി പ്രഹരിച്ചു. ഈ ഓവറില്‍ മാത്രം 20 റണ്‍സാണ് രാഹുല്‍ - പൂരന്‍ സഖ്യം അടിച്ചെടുത്തത്.

14 ആം ഓവറില്‍ ശിവം ദൂബെയാണ് പഞ്ചാബിന്റെ രണ്ടാമത്തെ വിക്കറ്റ് എടുക്കുന്നത്. ദൂബെയെ കടന്നാക്രമിക്കാന്‍ പോയ പൂരന്‍ (18 പന്തില്‍ 17) മിഡ് ഓഫില്‍ നിലയുറപ്പിച്ച ഡിവില്ലേഴ്‌സിന്റെ കൈകളില്‍ ഒതുങ്ങി. ശേഷമെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാകട്ടെ (6 പന്തില്‍ 5) കാര്യമായ സംഭാവന നല്‍കാതെയും മടങ്ങി. എന്നാല്‍ അവസാന ഓവറുകളില്‍ കത്തിപ്പടരുകയായിരുന്നു നായകന്‍ കെഎല്‍ രാഹുല്‍. മത്സരത്തിനിടെ രണ്ടുതവണ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയ വിരാട് കോലി പഞ്ചാബ് നായകന് തകര്‍ന്നാടാനുള്ള 'ലൈസന്‍സ്' നല്‍കുന്നതും മത്സരം കണ്ടു. 19 ആം ഓവറില്‍ പന്തെറിയാനെത്തിയ സ്റ്റെയ്‌നെ രാഹുല്‍ അടിച്ചൊതുക്കി. 3 സിക്‌സും 2 ഫോറും അടക്കം 26 റണ്‍സാണ് സ്‌റ്റെയ്‌ന്റെ ഓവറില്‍ പഞ്ചാബ് നായകന്‍ അടിച്ചുകൂട്ടിയത്. 20 ആം ഓവറില്‍ പന്തെടുത്ത ശിവം ദൂബെയും രാഹുലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 23 ഓവറാണ് അവസാന ഓവറില്‍ ദൂബെയ്ക്കും വഴങ്ങേണ്ടി വന്നത്. ഇതോടെ പഞ്ചാബ് സ്‌കോര്‍ 206 എന്ന നിലയിലും പര്യവസാനിച്ചു. ഇരു ടീമുകളുടെയും പ്ലേയിങ് ഇലവൻ ചുവടെ കാണാം.

കിങ്‌സ് ഇലവന്‍ പഞ്ചാബ്:
കെഎല്‍ രാഹുല്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, നിക്കോളസ് പൂരന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സര്‍ഫറാസ് ഖാന്‍, ജെയിംസ് നീഷാം, മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍, ഷെല്‍ഡണ്‍ കോട്രല്‍, രവി ബിഷ്‌ണോയി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:
ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി (നായകന്‍), എബി ഡിവില്ലേഴ്‌സ്, ശിവം ദൂബെ, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്‌നി, ഉമേഷ് യാദവ്, ഡെയ്ല്‍ സ്റ്റെയ്ന്‍, യുസ്‌വേന്ദ്ര ചഹാല്‍.