IPL 2020: പഞ്ചാബിനെ 'പൂട്ടി', സ്റ്റോക്ക്‌സും സഞ്ജുവും മിന്നി — രാജസ്താന് ഉജ്ജ്വല ജയം

അബുദാബി: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി. ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ അടിക്ക് തിരിച്ചടിയുമായി രാജസ്താന്‍ റോയല്‍സ് കളംവാണപ്പോള്‍ പഞ്ചാബിന് 7 വിക്കറ്റ് തോല്‍വി. കിങ്‌സ് ഇലവന്‍ ഉയര്‍ത്തിയ 186 റണ്‍സ് ലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ രാജസ്താന്‍ മറികടന്നു. ബെന്‍ സ്‌റ്റോക്ക്‌സ് (26 പന്തില്‍ 50), സഞ്ജു സാംസണ്‍ (25 പന്തില്‍ 48) എന്നിവരുടെ ബാറ്റിങ് മികവിലാണ് രാജസ്താന്റെ മുന്നേറ്റം. ഡെത്ത് ഓവറുകളില്‍ സധൈര്യം ബാറ്റുവീശിയ സ്റ്റീവ് സ്മിത്തും (20 പന്തില്‍ 31) ജോസ് ബട്‌ലറും (11 പന്തില്‍ 22) ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. പഞ്ചാബിനായി ക്രിസ് ജോര്‍ദനും മുരുഗന്‍ അശ്വിനും ഓരോ വിക്കറ്റുവീതം വീഴ്ത്തി.

അടിക്ക് തിരിച്ചടി, ഈ മുദ്രാവാക്യം മുഴക്കിയാണ് രാജസ്താന്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. ആദ്യ ഓവര്‍ തൊട്ടുതന്നെ ബെന്‍ സ്‌റ്റോക്ക്‌സ് ആക്രമണം അഴിച്ചുവിട്ടു. കേവലം 5 ഓവര്‍ കൊണ്ടുതന്നെ രാജസ്താന്‍ സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സ് കണ്ടെത്തി. ആറാം ഓവറില്‍ സിക്‌സടിച്ചുകൊണ്ട് ബെന്‍ സ്‌റ്റോക്ക്‌സ് അര്‍ധ സെഞ്ച്വറിയും തികച്ചു. എന്നാല്‍ ഇതേ ഓവറില്‍ ജോര്‍ദന്‍ സ്‌റ്റോക്ക്‌സിനെ വീഴ്ത്തി. ദീപക് ഹൂഡയ്ക്ക് അനായാസ ക്യാച്ച് സമ്മാനിച്ച് സ്റ്റോക്ക്‌സ് മടങ്ങുമ്പോള്‍ രാജസ്താന്റെ സ്‌കോര്‍ ഒന്നിന് 60.

11 ആം ഓവറിലാണ് റോബിന്‍ ഉത്തപ്പ (23 പന്തില്‍ 30) പുറത്താവുന്നത്. എന്നാല്‍ ഇതൊന്നും മറുഭാഗത്ത് നിന്ന സഞ്ജുവിനെ അലട്ടിയില്ല. സ്വതസിദ്ധ ശൈലിയില്‍ പന്തിനെ അതിര്‍ത്തി കടത്തുന്ന തിരക്കിലായിരുന്നു താരം. എന്നാല്‍ 15 ആം ഓവറില്‍ സഞ്ജു റണ്ണൗട്ടായി പുറത്തായി. അര്‍ധ സെഞ്ച്വറിക്ക് രണ്ടു റണ്‍സകലെയാണ് സഞ്ജുവിന്റെ മടക്കം. 3 വീതം സിക്‌സും ഫോറും സഞ്ജുവിന്റെ ബാറ്റില്‍ നിന്നും മത്സരം കണ്ടു. ശേഷമെത്തിയ സ്റ്റീവ് സ്മിത്ത് - ജോസ് ബട്‌ലര്‍ സഖ്യം സധൈര്യം ബാറ്റുചെയ്തപ്പോള്‍ പഞ്ചാബ് ബൗളര്‍മാര്‍ നിഷ്പ്രഭമായി. 17 ആം ഓവറില്‍ 4 ബൗണ്ടറികളുടെ അകമ്പടിയോടെ 19 റണ്‍സാണ് ഷമിക്കെതിരെ സ്മിത്ത് അടിച്ചെടുത്തത്. 18 ആം ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 11 റണ്‍സ് ബട്‌ലറും നേടി.

പഞ്ചാബിന്റെ പോരാട്ടം

ക്രിസ് ഗെയ്‌ലിന്റെ ക്യാച്ച് വിട്ടുകളഞ്ഞപ്പോള്‍ റിയാന്‍ പരാഗ് കരുതിയില്ല, ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന്. നെഞ്ചളവില്‍ പന്തെറിയുക. ഗെയ്‌ലിന് എതിരെ രാജസ്താന്‍ ബൗളര്‍മാര്‍ കൃത്യമായ 'ഹോം വര്‍ക്ക്' ചെയ്തു. വരുണ്‍ ആരോണിന്റെ നാലാം ഓവറില്‍ ഗെയ്ല്‍ കെണിയില്‍പ്പെട്ടതുമാണ്. പക്ഷെ ഡീപ്പ് ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ നിന്ന റിയാന്‍ പരാഗിന് കൈകള്‍ ചോര്‍ന്നു. ഫലമോ, ഗെയ്‌ലിന് വീണുകിട്ടി രണ്ടാം ജന്മം. ക്രിസ് ഗെയ്‌ലിനെ തളയ്‌ക്കേണ്ടതെങ്ങനെയെന്ന് ആലോചിച്ച് തലപുകയ്ക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത് മത്സരം മുഴുവന്‍. ആറ് ബൗളര്‍മാരെ സ്മിത്ത് മാറി മാറി പരീക്ഷിച്ചു. എന്നിട്ടും ഗെയ്ല്‍ എന്ന വന്മരത്തെ കടപുഴക്കാന്‍ രാജസ്താന്‍ റോയല്‍സിനായില്ല.

ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ ഗെയ്ല്‍ക്കാറ്റ് വീശിയടിച്ചപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 185 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. ആദ്യ ഓവറില്‍ ക്രീസിലെത്തിയ ഗെയ്‌ലാകട്ടെ 20 ഓവറും ബാറ്റു ചെയ്തു. താരം 63 പന്തിൽ 99 റൺസെടുത്തു. മറുഭാഗത്ത് 4 വിക്കറ്റുകള്‍ വീഴ്ത്തിയത് മാത്രമാണ് രാജസ്താന് ആശ്വസിക്കാനുള്ള വക. ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്ക്‌സുമാണ് രാജസ്താന്റെ വിക്കറ്റ് വേട്ടക്കാര്‍.

മത്സരത്തിന്റെ ആദ്യ രണ്ടോവറുകള്‍ മാത്രമാണ് രാജസ്താന്‍ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞത്. ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ മന്ദീപ് സിങ്ങിനെ (0) പുറത്താക്കി. രണ്ടാം ഓവറില്‍ ഗെയ്‌ലിനെതിരെ തുടരെ 'ഡോട്ട് ബോള്‍' എറിയാനും വരുണ്‍ ആരോണിനും സാധിച്ചു. ശേഷം അക്ഷരാര്‍ത്ഥത്തില്‍ ഗെയ്ല്‍ ഷോയായിരുന്നു മൈതാനത്ത്. പന്ത് തലങ്ങനെയും വിലങ്ങനെയും അതിര്‍ത്തി പാഞ്ഞുകൊണ്ടിരുന്നു. ഒന്നിന് 53 റണ്‍സെന്ന നിലയിലാണ് പഞ്ചാബ് പവര്‍പ്ലേ പിന്നിട്ടത്. തുടര്‍ന്ന് ക്രിസ് ഗെയ്ല്‍ 'ടോപ് ഗിയറിലേക്കും' കടന്നു. ശ്രേയസ് ഗോപാലിനും ബെന്‍ സ്റ്റോക്ക്‌സിനും ഗെയ്‌ലിനെ തടയാനായില്ല. ഒന്‍പതാം ഓവറില്‍ 2 റണ്‍സ് മാത്രം വിട്ടുകൊടുത്ത ആത്മവിശ്വാസത്തിലാണ് തെവാട്ടിയ 11 ആം ഓവറില്‍ വീണ്ടും പന്തെടുത്തത്. എന്നാല്‍ ഇതേ ഓവറില്‍ സിക്‌സിന്റെ അകമ്പടിയോടെ ഗെയ്ല്‍ അര്‍ധ സെഞ്ച്വറി തികച്ചു. 35 പന്തിലാണ് ഗെയ്ല്‍ 50 പിന്നിട്ടത്.

ഒരറ്റത്ത് ഗെയ്ല്‍ നിറഞ്ഞാടിയപ്പോള്‍ പരമാവധി സ്‌ട്രൈക്ക് കൈമാറാനാണ് നായകന്‍ കെഎല്‍ രാഹുല്‍ ശ്രമിച്ചത്. പക്ഷെ 15 ആം ഓവറില്‍ പഞ്ചാബ് നായകന് തിരിച്ചുകയറേണ്ടി വന്നു. അര്‍ധ സെഞ്ച്വറിക്ക് നാലു റണ്‍സ് അകലെ സ്റ്റോക്ക്‌സാണ് രാഹുലിനെ വീഴ്ത്തിയത്. സ്‌റ്റോക്ക്‌സിന്റെ സ്ലോ ബോള്‍ കെണിയില്‍ രാഹുല്‍ പുറത്താകുമ്പോള്‍ പഞ്ചാബിന്റെ സ്‌കോര്‍ രണ്ടിന് 121. തുടര്‍ന്നെത്തിയ നിക്കോളസ് പൂരന്‍ ആക്രമം അഴിച്ചുവിടാന്‍ വൈകിച്ചില്ല. നേരിട്ട 10 പന്തില്‍ 3 സിക്‌സുകള്‍ അടക്കം 22 റണ്‍സ് കുറിച്ചാണ് പൂരന്‍ തിരിച്ചുവന്നത്. സ്റ്റോക്ക്‌സുതന്നെ പൂരനും വില്ലനായി. എന്നാല്‍ ഒടുക്കംവരെ ക്രീസില്‍ നിലയുറപ്പിച്ച ഗെയ്ല്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 185 റണ്‍സില്‍ കൊണ്ടുവന്നു. ഇതേസമയം, സെഞ്ച്വറിക്ക് ഒരു റൺസ് അകലെയാണ് ഗെയ്ൽ വീണത്. ആർച്ചർ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ ഗെയ്‌ലിന്റെ സ്റ്റംപുതെറിക്കുകയായിരുന്നു. 8 സിക്സും 6 ഫോറും ഉൾപ്പെടെ 63 പന്തിൽ 99 റൺസ് ഗെയ്ൽ അടിച്ചെടുത്തു.

ഇരുടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

രാജസ്താന്‍ റോയല്‍സ്:

റോബിന്‍ ഉത്തപ്പ, ബെന്‍ സ്റ്റോക്ക്‌സ്, സ്റ്റീവന്‍ സ്മിത്ത് (നായകന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍, കാര്‍ത്തിക് ത്യാഗി.

കിങ്‌സ് ഇലവന്‍ പഞ്ചാബ്:

കെഎല്‍ രാഹുല്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), മന്ദീപ് സിങ്, ക്രിസ് ഗെയ്ല്‍, നിക്കോളസ് പൂരന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ദന്‍, മുരുഗന്‍ അശ്വിന്‍, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: ipl 2020
Story first published: Friday, October 30, 2020, 19:08 [IST]
Other articles published on Oct 30, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X