IPL 2020: സൂപ്പര്‍ 'എസി'ലേറി രാജസ്ഥാന്‍, സ്റ്റോക്‌സും സഞ്ജുവും മുംബൈയെ തുരത്തി- സിഎസ്‌കെ പുറത്ത്

അബുദാബി: ഐപിഎല്ലിന്റെ 13ാം സീസണ്‍ ക്ലൈമാക്‌സിലേക്കു നീങ്ങവെ മല്‍സരഫലങ്ങളും പോയിന്റ് പട്ടികയും മാറിമറിയുകയാണ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നാമതുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഞെട്ടിച്ചതിനു പിന്നാലെ വീണ്ടുമൊരു ഷോക്കിങ് വിജയം. സിഎസ്‌കെയുടെ ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തേക്കു വീണ രാജസ്ഥാന്‍ റോയല്‍സാണ് ഒന്നാം സ്ഥാനക്കാരും നിലവിലെ ചാംപ്യന്‍മാരുമായ മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ചത്.ഈ വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു കയറി. രാജസ്ഥാന്റെ ഉജ്ജ്വല ജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. തോറ്റാല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിക്കുമെന്ന വെല്ലുവിളിയുമായി ഇറങ്ങിയ രാജസ്ഥാന്‍ വമ്പന്‍ റണ്‍ചേസ് നടത്തിയാണ് മുംബൈയുടെ കഥ കഴിച്ചത്. മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ മറികടക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ബെന്‍ സ്റ്റോക്‌സിന്റെയും (107*) മലയാളി താരം സഞ്ജു സാംസണിന്റെയും (54*) തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ രാജസ്ഥാന് അവിസ്മരണീയ വിജയം സമ്മാനിച്ചു. 18.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയം പിടിച്ചെടുത്തു. 59 പന്തുകളിലാണ് സ്റ്റോക്‌സ് ഈ സീസണില്‍ തന്റെ ആദ്യത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സ്‌കോര്‍

60 പന്തില്‍ 14 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് സ്റ്റോക്‌സ് ടീമിന്റെ അമരക്കാരനായത്. സഞ്ജു 31 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. ആദ്യ രണ്ടു കളികളിലെ ഫിഫ്റ്റികള്‍ക്കു ശേഷം സഞ്ജുവിന്റെ ആദ്യത്തെ അര്‍ധസെഞ്ച്വറി നേട്ടം കൂടിയാണിത്. റണ്‍ചേസില്‍ 44 റണ്‍സാവുമ്പോഴേക്കും റോബിന്‍ ഉത്തപ്പ (13), നായകന്‍ സ്റ്റീവ് സ്മിത്ത് (11) എന്നിവരുടെ വിക്കറ്റുകള്‍ രാജസ്ഥാനു നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സ്റ്റോക്‌സ്- സഞ്ജു അപരാജിത സെഞ്ച്വറി കൂട്ടുകെട്ടിലൂടെ രാജസ്ഥാന് രാജകീയ വിജയം സമ്മാനിച്ചു. 152 റണ്‍സാണ് ഇരുവരും ചേര്‍ന്നു വാരിക്കൂട്ടിയത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ അഞ്ചു വിക്കറ്റിനാണ് 195 റണ്‍സ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ 160 റണ്‍സ് പോലും നേടുമോയെന്ന് കരുതിയ മുംബൈയെ 200ന് അടുത്ത് സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. ഹാര്‍ദിക് വെറും 21 ബോളില്‍ ഏഴു സിക്‌സറുകളും രണ്ടു ബൗണ്ടറിയുമടക്കം 60 റണ്‍സോടെ പുറത്താവാതെ നിന്നു. അവസാന അഞ്ചോവറില്‍ 79 റണ്‍സാണ് മുംബൈ വാരിക്കൂട്ടിയത്. 17 ഓവര്‍ കഴിയുമ്പോള്‍ നാലിന് 138 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സ് കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. വെറും 20 പന്തിലാണ് ഹാര്‍ദിക് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

സൂര്യകുമാര്‍ യാദവ് (40), ഇഷാന്‍ കിഷന്‍ (37), സൗരഭ് തിവാരി (34) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍. 26 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും യാദവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇഷാന്‍ 36 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചപ്പോള്‍ തിവാരി 24 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമെടുത്തു. അങ്കിജ് രാജ്പൂത്തിന്റെ 18ാം ഓവറില്‍ നാലു സിക്‌സറുകളാണ് പാണ്ഡ്യ പറത്തിയത്. 27 റണ്‍സ് ഈ ഓവറില്‍ മുംബൈ നേടി. രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചറും ശ്രേയസ് ഗോപാലും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസ് ലഭിച്ച മുംബൈ ക്യാപ്റ്റന്‍ കരെണ്‍ പൊള്ളാര്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് ഭേദമാവാത്തതിനാല്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സ്ഥിരം നായകന്‍ രോഹിത് ശര്‍മയില്ലാതെയാണ് മുംബൈ ഇറങ്ങിയത്. ഇതോടെ പൊള്ളാര്‍ഡ് തന്നെ നായകനായി തുടരുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് മുംബൈ ഇറങ്ങിയത്. നതാന്‍ കൂള്‍ട്ടര്‍ നൈലിനു പകരം മറ്റൊരു ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണാണ് പകരം പ്ലെയിങ് ഇലവനില്‍ എത്തിയത്. മറുഭാഗത്ത് രാജസ്ഥാന്‍ ടീമില്‍ മാറ്റങ്ങളില്ലായിരുന്നു.

തുടക്കം മോശം

തുടക്കം മോശം

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയുടെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ മിന്നുന്ന ഫോമിലുള്ള ക്വിന്റണ്‍ ഡികോക്കിനെ മുംബൈയ്ക്കു നഷ്ടമായി. നാലാമത്തെ പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ സിക്‌സര്‍ പറത്തിയ ഡികോക്ക് തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഓഫ്‌സൈഡിനു പുറത്തേക്കു പോയ പന്ത് ഡികോക്ക് സ്വന്തം വിക്കറ്റിലേക്കു അടിച്ചിടുകയായിരുന്നു. മതിയായ ഫുട്ട് വര്‍ക്കില്ലാതെ ഷോട്ട് കളിക്കാന്‍ ശ്രമിച്ചതാണ് താരത്തിനു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

തകര്‍പ്പന്‍ കൂട്ടുകെട്ട്

തകര്‍പ്പന്‍ കൂട്ടുകെട്ട്

രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് റണ്‍സ് വാരിക്കൂട്ടിയതോടെ മുംബൈയുടെ സ്‌കോറിങിന് വേഗം കൂടി. 10 ഓവര്‍ ആവുമ്പോഴേക്കും മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ 89 റണ്‍സുണ്ടായിരുന്നു. മുംബൈ 200 റണ്‍സ് പോലും അടിച്ചെടുക്കുമെന്ന സൂചന നല്‍കി കുതിക്കവെയാണ് സ്‌കോര്‍ 90ല്‍ വച്ച് ഇഷാന്‍ മടങ്ങിയത്. അവിശ്വസനീയ ക്യാച്ചിലൂടെ ജോഫ്ര ആര്‍ച്ചര്‍ ഇഷാനെ തിരിച്ചയക്കുകയായിരുന്നു. കാര്‍ത്തിക് ത്യാഗിയുടെ ബൗളിങില്‍ ഉറപ്പായും ബൗണ്ടറിയോ, സിക്‌സറോ ആവേണ്ടിയിരുന്ന ഷോട്ട് തോര്‍ഡ് മാനില്‍ വായുവില്‍ പറന്നുയര്‍ന്ന് ഒരുകൈ കൊണ്ട് പിടിയിലൊതുക്കി ആര്‍ച്ചര്‍ പിറകിലേക്ക് ലാന്‍ഡ് ചെയ്തപ്പോള്‍ ടീമംഗങ്ങള്‍ പോലും അവിശ്വസനീയതയോടെ തലയില്‍ കൈവച്ചു.

ഒരേ ഓവറില്‍ യാദവും പൊള്ളാര്‍ഡും പുറത്ത്

ഒരേ ഓവറില്‍ യാദവും പൊള്ളാര്‍ഡും പുറത്ത്

ഇഷാന്‍ മടങ്ങി തൊട്ടുപിന്നാലെ തന്നെ സൂര്യകുമാര്‍ യാദവും മടങ്ങി. ഒരേ ഓവറില്‍ രണ്ടു വിക്കറ്റുകളാണ് മുംബൈയ്ക്ക നഷ്ടമായത്. ശ്രേയസ് ഗോപാലിന്റെ ഓവറില്‍ യാദവും നായകന്‍ കരെണ്‍ പൊള്ളാര്‍ഡും പുറത്താവുകയായിരുന്നു. ടീം സ്‌കോറിലേക്കു അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് യാദവ് പുറത്തായത്. ശ്രേയസ് ഗോപാലിനായിരുന്നു വിക്കറ്റ്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച യാദവിനെ ബൗണ്ടറി ലൈനിന് അരികില്‍ വച്ച് ബെന്‍ സ്‌റ്റോക്‌സ് പിടികൂടുകയായിരുന്നു.

പുതുതായി ക്രീസിലെത്തിയ പൊള്ളാര്‍ഡ് നേരിട്ട രണ്ടാമത്തെ പന്തില്‍ സിക്‌സര്‍ പറത്തിയെങ്കിലും നാലാമത്തെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഗോപാലിന്റെ ബൗളിങില്‍ പൊള്ളാര്‍ഡിന് ടൈമിങ് പാളിയപ്പോള്‍ പന്ത് വിക്കറ്റില്‍ പതിച്ചു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- റോബിന്‍ ഉത്തപ്പ, ബെന്‍ സ്റ്റോക്‌സ്, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്്റ്റന്‍), റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, അങ്കിത് രാജ്പൂത്ത്, കാര്‍ത്തിക് ത്യാഗി.

മുംബൈ ഇന്ത്യന്‍സ്- ക്വിന്റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, October 25, 2020, 18:40 [IST]
Other articles published on Oct 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X