IPL 2020: ഡല്‍ഹിയുടെ 'കഥ കഴിച്ചു' വരുണ്‍ ചക്രവര്‍ത്തി - കൊല്‍ക്കത്തയ്ക്ക് 59 റണ്‍സ് ജയം

അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 'കഥ കഴിച്ചു' വരുണ്‍ ചക്രവര്‍ത്തി. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍ --- പേരുകേട്ട ഡല്‍ഹി ബാറ്റ്‌സ്മാന്മാര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തിന്റെ ഗതിയറിയാതെ കുഴങ്ങിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമായി. 195 റണ്‍സിലേക്ക് ബാറ്റുവീശിയ ഡല്‍ഹിയുടെ പോരാട്ടം 135 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കൊല്‍ക്കത്ത നിര്‍ണായകമായ ജയം പിടിച്ചെടുത്തു; ഒപ്പം പ്ലേ ഓഫ് സാധ്യതകളും നിലനിര്‍ത്തി. സ്‌കോര്‍: കൊല്‍ക്കത്ത - 194/6, ഡല്‍ഹി - 135/9. ഡല്‍ഹി നിരയില്‍ ശ്രേയസ് അയ്യറൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 38 പന്തില്‍ 47 റണ്‍സെടുത്ത ശ്രേയസാണ് ടീമിലെ ടോപ് സ്‌കോറര്‍. മറുഭാഗത്ത് വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിങ് മികവ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കി. നാലോവറില്‍ 20 റണ്‍സ് വഴങ്ങി 5 വിക്കറ്റുകളാണ് താരം കുറിച്ചത്. സീസണിലെ ആദ്യ വിക്കറ്റുനേട്ടവും ചക്രവര്‍ത്തിയുടെ പേരില്‍ത്തന്നെ.

തകര്‍ച്ചയോടെയാണ് ഡല്‍ഹി ബാറ്റിങ് ആരംഭിച്ചത്. ആദ്യ പന്തില്‍ത്തന്നെ പൃഥ്വി ഷായ്ക്ക് പകരമിറങ്ങിയ അജിങ്ക്യ രഹാനെ (0) വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായി. മൂന്നാം ഓവറില്‍ ശിഖര്‍ ധവാന്റെ (6 പന്തില്‍ 6) സ്റ്റംപും തെറിച്ചു. തുടര്‍ന്ന് ശ്രേയസ് - റിഷഭ് പന്ത് കൂട്ടുകെട്ട് സ്‌കോര്‍ബോര്‍ഡ് സാവധാനം ചലിപ്പിച്ചെങ്കിലും വരുണ്‍ ചക്രവര്‍ത്തി രണ്ടോവര്‍കൊണ്ട് ഡല്‍ഹിയെ പടുകുഴിയില്‍ വീഴ്ത്തി. 12 ആം ഓവറില്‍ റിഷഭ് പന്ത് (33 പന്തില്‍ 27) പുറത്തായപ്പോള്‍ വരാനിരിക്കുന്ന അപകടത്തെ കുറിച്ച് ഡല്‍ഹി അറിഞ്ഞില്ല. ഈ സമയം ഡല്‍ഹി സ്‌കോര്‍ മൂന്നിന് 73. 14 ആം ഓവറില്‍ പന്തെടുത്ത ചക്രവര്‍ത്തി ഹെറ്റ്മയറെയും (5 പന്തില്‍ 10) ശ്രേയസിനെയും (38 പന്തില്‍ 47) തുടരെ പറഞ്ഞയച്ചു. 16 ആം ഓവറില്‍ സ്‌റ്റോയിനിസും (6 പന്തില്‍ 6) അക്‌സര്‍ പട്ടേലും (7 പന്തില്‍ 9) ചക്രവര്‍ത്തിക്ക് മുന്നില്‍ വീണതോടെ ഡല്‍ഹി തോല്‍വിയറിഞ്ഞു. വാലറ്റത്ത് പൊരുതിനോക്കാന്‍ രവിചന്ദ്രന്‍ അശ്വിന്‍ (13 പന്തില്‍ 14) ശ്രമിച്ചെങ്കിലും ലക്ഷ്യം ഏറെ അകലത്തായിരുന്നു.

കൊൽക്കത്തയുടെ പോരാട്ടം

ഒടുവില്‍ കൊല്‍ക്കത്തയുടെ നീണ്ട കാത്തിരിപ്പ് സഫലമായി. സുനില്‍ നരെയ്ന്‍ കത്തിക്കയറി; ഒപ്പം നിതീഷ് റാണയും. ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ റാണയും നരെയ്‌നും നടമാടിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കുറിച്ചത് 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ്. നാലാം വിക്കറ്റില്‍ നരെയ്‌നും റാണയും നടത്തിയ പോരാട്ടമാണ് കൊല്‍ക്കത്തയുടെ ഇന്നിങ്‌സിന് ബലം നല്‍കിയത്. മൂന്നിന് 42 എന്ന നിലയിലുണ്ടായ കൊല്‍ക്കത്തയെ 157 റണ്‍സിലെത്തിക്കാന്‍ കൂട്ടുകെട്ടിന് സാധിച്ചു. ഇരുവര്‍ക്കും അര്‍ധ സെഞ്ച്വറിയുണ്ട്. നരെയ്ന്‍ 32 പന്തില്‍ 64 റണ്‍സെടുത്തു. 4 സിക്‌സും 6 ഫോറും ഇദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ട്. നിതീഷ് റാണയും മോശമാക്കിയില്ല. താരം 53 പന്തില്‍ 81 റണ്‍സെടുത്തു. 1 സിക്‌സിന്റെയും 13 ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് റാണ കളം നിറഞ്ഞത്.

ശുബ്മാന്‍ ഗില്ലും (8 പന്തില്‍ 9) രാഹുല്‍ ത്രിപാഠിയും (12 പന്തില്‍ 13) പവര്‍പ്ലേ തീരുംമുന്‍പാണ് തിരിച്ചുകയറിയത്. ദിനേശ് കാര്‍ത്തിക്കിനും (6 പന്തില്‍ 3) വലിയ സംഭാവന നല്‍കാനുണ്ടായില്ല. എട്ടാം ഓവര്‍വരെ കാര്യങ്ങള്‍ ഡല്‍ഹിയുടെ വഴിക്കായിരുന്നു. എന്നാല്‍ തുടര്‍ന്ന് റാണയും റെയ്‌നയും കാര്യങ്ങള്‍ ഏറ്റെടുത്തു. രവിചന്ദ്രന്‍ അശ്വിനെയും തുഷാര്‍ ദേശ്പാണ്ഡയെയും മാര്‍ക്കസ് സ്‌റ്റോയിനിസിനെയും തിരിഞ്ഞുപിടിച്ചാണ് ഇരുവരും അടിച്ചത്. അശ്വിന് മൂന്നോവറില്‍ 45 റണ്‍സ് വഴങ്ങേണ്ടി വന്നു; തുഷാറിന് നാലോവറില്‍ 40 റണ്‍സും. നാലോവറില്‍ 41 റണ്‍സ് വിട്ടുകൊടുത്താണ് സ്‌റ്റോയിനിസും സ്‌പെല്‍ പൂര്‍ത്തിയാക്കിയത്. ഇതേസമയം സ്റ്റോയിനിസിന് രണ്ടു വിക്കറ്റുണ്ട്. വേഗവും സ്വിങ്ങുംകൊണ്ട് കൊല്‍ക്കത്തയെ കുഴപ്പിച്ച കഗീസോ റബാദ, ആന്റിച്ച് നോര്‍ക്കിയ പേസ് സഖ്യവും രണ്ടു വിക്കറ്റുകള്‍ വീതം കൈക്കലാക്കി.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ഡല്‍ഹി ക്യാപിറ്റല്‍സ്:

ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കഗീസോ റബാദ, തുഷാര്‍ ദേശ്പാണ്ഡെ, ആന്റിച്ച് നോര്‍ക്കിയ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്:

ശുബ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ഇയാന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗൂസന്‍, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: ipl 2020
Story first published: Saturday, October 24, 2020, 14:47 [IST]
Other articles published on Oct 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X