IPL 2020: നാണംകെടുത്തി, ചെന്നൈയുടെ 'പെട്ടിയില്‍ ആണിയടിച്ച്' മുംബൈ; 10 വിക്കറ്റ് ജയം

ഷാര്‍ജ: പ്രതിരോധിക്കാന്‍ ഏറെ റണ്‍സുണ്ടായിരുന്നില്ല ചെന്നൈ സൂപ്പര്‍ കിങ്‌സിന്. വെച്ചുതാമസിപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സും ഉദ്ദേശിച്ചില്ല. ഷാര്‍ജ രാജ്യാന്തര സ്റ്റേഡിയത്തില്‍ ക്വിന്റണ്‍ ഡികോക്കും (46*) ഇഷന്‍ കിഷനും (68*) 'നൃത്തമാടിയപ്പോള്‍' ചെന്നൈയുടെ തോല്‍വി അതിവേഗത്തിലായി. 115 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച മുംബൈ 46 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ജയം കൈപ്പിടിയിലാക്കിയത്. മറുഭാഗത്ത് ചെന്നൈ നിരയില്‍ പന്തെടുത്തവര്‍ക്കാര്‍ക്കും മുംബൈയുടെ വിക്കറ്റ് വീഴ്ത്താനായില്ല. തോല്‍വിയോടെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 'പെട്ടിയില്‍ ഒരാണിക്കൂടി' തറയ്ക്കപ്പെട്ടു. സ്‌കോര്‍: ചെന്നൈ 114/9, മുംബൈ 12.2 ഓവറില്‍ 115/0.

കളി എത്രയുംപെട്ടെന്ന് തീര്‍ക്കാനുള്ള ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് ആരംഭിച്ചത്. ദീപക് ചഹറിനെയും ഹേസല്‍വുഡിനെയും ആദ്യ ഓവറുകളില്‍ത്തന്നെ കിഷന്‍ - ഡികോക്ക് സഖ്യം കടന്നാക്രമിച്ചു. ഫലമോ, പവര്‍പ്ലേ തീരുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സ് കണ്ടെത്താന്‍ മുംബൈയ്ക്കായി. വിക്കറ്റ് മോഹിച്ച് കടന്നെത്തിയ ശാര്‍ദ്ധുല്‍ താക്കൂറിനോ രവീന്ദ്ര ജഡേജയ്‌ക്കോ ഇമ്രാന്‍ താഹിറിനോ മുംബൈയുടെ കുതിപ്പിന് കടിഞ്ഞാണിടാന്‍ സാധിച്ചില്ല. മൂവരും കണക്കിന് അടിവാങ്ങുകയും ചെയ്തു. ജഡേജയെറിഞ്ഞ ഒന്‍പതാം ഓവറിലാണ് ഇഷന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി തികച്ചത്. ഇതേ ഓവറില്‍ രണ്ടുതവണ ജഡേജയെ താരം സിക്‌സറിന് പറത്തി. മറുപുറത്ത് ഡികോക്കും ആഞ്ഞുവീശിയതോടെ മുംബൈ 46 പന്തുകൾ ബാക്കി നിൽക്കെ ജയിച്ചുകയറി.

ചെന്നൈയുടെ പതനം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതെന്തുപറ്റി? മുംബൈ ഇന്ത്യന്‍സിന് എതിരെ മൂന്നോവര്‍ ബാറ്റു ചെയ്തപ്പോഴേക്കും വീണത് നാലു വിക്കറ്റുകള്‍! ഈ സമയം ചെന്നൈയുടെ സ്‌കോറാകട്ടെ മൂന്നു റണ്‍സും. ഐപിഎല്ലില്‍ മറ്റൊരു ദുരന്തനാടകത്തിനാണ് ഷാര്‍ജ വേദിയാകുന്നതെന്ന ആദ്യ സൂചന എംഎസ് ധോണിക്ക് കിട്ടിയ നിമിഷം. ട്രെന്‍ഡ് ബൗള്‍ട്ടിന്റെയും ജസ്പ്രീത് ബുംറയുടെയും കൃത്യതയ്ക്ക് മുന്നില്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ പ്രതിരോധ പാഠങ്ങള്‍ മറന്നു. ശേഷം ജഡേജയിലും ധോണിയിലുമായിരുന്നു ചെന്നൈയുടെ പ്രതീക്ഷ. ബുംറ രണ്ടാമത് പന്തെടുത്തപ്പോള്‍ മൂന്നുതവണയാണ് പന്ത് ബൗണ്ടറി കടന്നത്. ഇതോടെ ആരാധകര്‍ ഉറപ്പിച്ചു, ചെന്നൈയുടെ രക്ഷകര്‍ അവതരിച്ചെന്ന്.

പക്ഷെ പതുങ്ങി കളിക്കാന്‍ ജഡേജ കൂട്ടാക്കിയില്ല. ഫലമോ, ആറാം ഓവറില്‍ അനായാസ ക്യാച്ച് സമ്മാനിച്ച് ജഡേജയും പുറത്ത്. ഈ സമയം ചെന്നൈയുടെ നില അഞ്ചിന് 21. തൊട്ടടുത്ത ഓവറില്‍ രാഹുല്‍ ചഹറിനെ പടുകൂറ്റന്‍ സിക്‌സറിന് പറത്തി ധോണി പ്രതീക്ഷ ഉയര്‍ത്തി; എന്നാല്‍ അടുത്ത പന്തില്‍ വീണ്ടും സിക്‌സടിക്കാന്‍ പോയി വിക്കറ്റും കളഞ്ഞു. ഇവിടെ തീര്‍ന്നു ചെന്നൈയുടെ പേരുകേട്ട ബാറ്റിങ് നിരയുടെ പോരാട്ടം. തുടര്‍ന്ന് യുവതാരം സാം കറന്റെ (47 പന്തിൽ 52) ഒറ്റയാന്‍ പ്രകടനമാണ് ടീമിന്റെ മാനം കപ്പലുകയറാതെ രക്ഷിച്ചത്. വാലറ്റത്തെയും കൂട്ടി സാം കറന്‍ മുംബൈയ്ക്ക് എതിരെ 20 ഓവര്‍ പിടിച്ചുനിന്നു. സ്‌കോര്‍ബോര്‍ഡില്‍ 114 റണ്‍സും കണ്ടെത്തി. മത്സരത്തില്‍ ട്രെന്‍ഡ് ബൗള്‍ട്ടിന് നാലു വിക്കറ്റുണ്ട്. ബുംറയും രാഹുല്‍ ചഹറും രണ്ടുവീതം വിക്കറ്റുകള്‍ കൈക്കലാക്കി. നതാന്‍ കോള്‍ട്ടര്‍നൈലും ഒരു വിക്കറ്റ് കുറിച്ചു.

യുവതാരങ്ങള്‍ക്ക് അവസരംകൊടുക്കുന്നില്ലെന്ന വിമര്‍ശനം രൂക്ഷമായതുകൊണ്ടാകണം മുംബൈക്ക് എതിരായ മത്സരത്തില്‍ ജഗദീശനെയും റിതുരാജ് ഗെയ്ക്‌വാദിനെും എംഎസ് ധോണി കൂടെക്കൂട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യേണ്ടി വന്നപ്പോള്‍ ഗെയ്ക്‌വാദിനെ ഓപ്പണറായി പറഞ്ഞയക്കുകയും ചെയ്തു. മറുഭാഗത്ത് കീറോണ്‍ പൊള്ളാര്‍ഡായിരുന്നു മുംബൈയ്ക്ക് വേണ്ടി തീരുമാനങ്ങളെടുത്തത് (ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം രോഹിത് ശര്‍മ കളിച്ചില്ല). ക്യാപ്റ്റന്‍സി ഇത്ര എളുപ്പമാണോയെന്ന് ഒരുനിമിഷം പൊള്ളാര്‍ഡ് ചിന്തിച്ചുപോയെങ്കില്‍ തെറ്റുപറയാനാകില്ല. ആദ്യ ഓവറില്‍ പന്തുകൊടുത്ത ബൗള്‍ട്ട് റണ്‍സ് വഴങ്ങാതെ ഗെയ്ക്‌വാദിനെ (0) പുറത്താക്കി. രണ്ടാമത്തെ ഓവറില്‍ ബുംറയും വീഴ്ത്തി തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍.

ഓവറിലെ നാലാം പന്തില്‍ റായുഡുവാണ് (3 പന്തില്‍ 2) ബുംറയ്ക്ക് ആദ്യം പിടികൊടുത്തത്. ബോഡി ലൈനിലേക്ക് ബുംറ തൊടുത്ത ഷോര്‍ട്ട് പിച്ച് പന്തിനെതിരെ അലസമായ പുള്‍ ഷോട്ട് കളിക്കാന്‍ പോയതായിരുന്നു റായുഡു. സംഭവിച്ചതോ, ഡികോക്കിന്റെ കയ്യിലേക്കൊരു അനായാസ ക്യാച്ചും. തൊട്ടടുത്ത പന്ത് നേരിട്ട ജഗദീശനാകട്ടെ (0), ബുംറയുടെ ഫുള്‍ ലെങ്തിനെതിരെ ബാറ്റിങ് പാഠങ്ങള്‍ വിസ്മരിച്ചു. പന്ത് ബാറ്റിലുരസി സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ ഭദ്രമായെത്തി. മൂന്നാം ഓവറില്‍ ബൗള്‍ട്ടിന്റെ ഔട്ട് സ്വിങ്ങറിലാണ് ഡുപ്ലെസി (7 പന്തില്‍ 1) കുടുങ്ങുന്നത് --- മറ്റൊരു കീപ്പര്‍ ക്യാച്ച്. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞതോടെ ജഡേജയും ധോണിയുമായി ക്രീസില്‍. ഇരുവര്‍ക്കും ഏറെ ആയുസ്സുണ്ടായില്ല.

ഇതിനിടെ ബുംറയുടെ നാലാം ഓവറില്‍ മൂന്നുതവണ പന്ത് അതിര്‍ത്തി കടന്നത് സ്‌കോര്‍ബോര്‍ഡിന് തുണയായി. ആറാം ഓവറില്‍ ബൗള്‍ട്ടിനെ കടന്നാക്രമിക്കാന്‍ പോയതാണ് ജഡേജയ്ക്ക് (6 പന്തില്‍ 7) വിനയായത്. തൊട്ടടുത്ത ഓവറില്‍ ധോണിയെ (16 പന്തില്‍ 16) രാഹുല്‍ ചഹറും പറഞ്ഞയച്ചു. ആദ്യ സിക്‌സിന്റെ മാതൃകയില്‍ രണ്ടാമതും ബാറ്റു വീശിയതാതിരുന്നു ധോണി. പക്ഷെ പന്ത് ബാറ്റിലുരസി കീപ്പറുടെ കൈകളില്‍ അവസാനിച്ചു. ഒന്‍പതാം ഓവര്‍വരെ സാം കറന് കൂട്ടായി ദീപക് ചഹര്‍ നിന്നു. സഹോദരന്‍ രാഹുല്‍ ചഹറിന് മുന്നിലാണ് ദീപക് ചഹര്‍ (0) കീഴടങ്ങിയത്. ഓവറിലെ അഞ്ചാം പന്തില്‍ വമ്പനടിക്ക് പോയ ദീപക് ചഹറിന് കണക്കുകൂട്ടലുകള്‍ പാടെ പിഴയ്ക്കുകയായിരുന്നു. ക്രീസില്‍ നിന്നിറങ്ങിയ ബാറ്റ്‌സ്മാനെ സ്റ്റംപുചെയ്യുന്നതില്‍ ഡികോക്ക് യാതൊരു പിഴവും വരുത്തിയില്ല. 15 ആം ഓവറിലാണ് ശാര്‍ദ്ധുല്‍ താക്കറിന്റെ (20 പന്തില്‍ 11) മടക്കം. നതാന്‍ കോള്‍ട്ടര്‍നൈലിന്റെ വേഗം കുറഞ്ഞ പന്ത് പഠിച്ചെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ശേഷം സാം കറനും ഇമ്രാന്‍ താഹിറും നടത്തിയ പോരാട്ടമാണ് ചെന്നൈയെ നൂറു കടത്തിയത്.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

മുംബൈ ഇന്ത്യൻസ്:

ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സൗരഭ് തിവാരി, സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ് (നായകന്‍), ക്രുണാല്‍ പാണ്ഡ്യ, നതാന്‍ കോള്‍ട്ടര്‍നൈല്‍, രാഹുല്‍ ചഹര്‍, ട്രെന്‍ഡ് ബൗള്‍ട്ട്, ജസ്പ്രീത് ബുംറ.

ചെന്നൈ സൂപ്പർ കിങ്സ്:

സാം കറന്‍, ഫാഫ് ഡുപ്ലെസി, അംബാട്ടി റായുഡു, എന്‍ ജഗദീശന്‍, എംഎസ് ധോണി (നായകന്‍, വിക്കറ്റ് കീപ്പര്‍), റിതുരാജ് ഗെയ്ക്‌വാഡ്, രവീന്ദ്ര ജഡേജ, ദീപക് ചഹര്‍, ശാര്‍ദ്ധുല്‍ താക്കൂര്‍, ജോഷ് ഹേസല്‍വുഡ്, ഇമ്രാന്‍ താഹിര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: ipl 2020
Story first published: Friday, October 23, 2020, 19:07 [IST]
Other articles published on Oct 23, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X