IPL 2020: തോറ്റു തൊപ്പിയിട്ടു, കൊല്‍ക്കത്തയുടെ മാനം 'കപ്പലുകയറി' — ബാംഗ്ലൂരിന് ഉജ്ജ്വല ജയം

അബുദാബി: കേവലം ചടങ്ങുതീര്‍ക്കല്‍ മാത്രമായിരുന്നു രണ്ടാം ഇന്നിങ്‌സ്. ടോസ് ജയിച്ച് 20 ഓവര്‍ ബാറ്റു ചെയ്തുപ്പോഴേ കളി തോറ്റെന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തിരിച്ചറിഞ്ഞു. സ്‌കോര്‍ബോര്‍ഡില്‍ 85 റണ്‍സ് മാത്രമാണ് പ്രതിരോധിക്കാന്‍. പന്തിനെ രണ്ടുവശത്തേക്കും സ്വിങ് ചെയ്യിച്ച ബാംഗ്ലൂര്‍ പേസര്‍മാരുടെ മികവോ അച്ചടക്കമോ കൊല്‍ക്കത്തയുടെ ബൗളര്‍മാരില്‍ കണ്ടില്ല. ഫലമോ, വിരാട് കോലിയും ഗുര്‍കീറത്ത് സിങ്ങും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അനായാസ ജയം സമ്മാനിച്ചു. 39 പന്തുകൾ ബാക്കി നില്‍ക്കെയാണ് ബാംഗ്ലൂരിന്റെ തകര്‍പ്പന്‍ ജയം. സ്‌കോര്‍: കൊല്‍ക്കത്ത 84/8, ബാംഗ്ലൂര്‍ 13.3 ഓവറില്‍ 85/2.

ഒട്ടും സമ്മര്‍ദ്ദം കൂടാതെയാണ് ബാംഗ്ലൂര്‍ ബാറ്റു ചെയ്യാനിറങ്ങിയത്. ഏഴാം ഓവറില്‍ ആരോണ്‍ ഫിഞ്ച് (21 പന്തില്‍ 16) പുറത്താകുമ്പോള്‍ത്തന്നെ ബാംഗ്ലൂര്‍ ലക്ഷ്യത്തിന് അടുത്തെത്തിയിരുന്നു. പവര്‍പ്ലേയില്‍ ദേവദ്ത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 44 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇതേസമയം, ലോക്കി ഫെര്‍ഗൂസിന്റെ ഏഴാം ഓവറില്‍ രണ്ടുതവണ ആഘോഷിക്കാന്‍ കൊല്‍ക്കത്തയ്ക്ക് അവസരം കിട്ടി. ഫിഞ്ച് കീപ്പര്‍ ക്യാച്ചില്‍ പുറത്തായതിന് പിന്നാലെ ഗുര്‍കീറത്തുമായുള്ള ആശയക്കുഴപ്പത്തില്‍ ദേവ്ദത്ത് പടിക്കലും (17 പന്തില്‍ 25) തിരിച്ചുപോരുകയായിരുന്നു.

മത്സരത്തില്‍ മൂന്നാം നമ്പറിലാണ് ഗുര്‍കീറത്തിനെ കോലി ഇറക്കിയത്. നാലാം നമ്പറില്‍ കോലിക്കും ക്രീസിലെത്തേണ്ടി വന്നു. എന്തായാലും ബാംഗ്ലൂരിന് കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിക്കാന്‍ ഇരുവരും ഇടവരുത്തിയില്ല. ശേഷം 13.3 ഓവറുകൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിജയവും കൈവരിച്ചു. വിരാട് കോലി 17 പന്തിൽ 18 റൺസെടുത്തു. ഗുർകീറർത്ത് 26 പന്തിൽ 21 റൺസും.

കൊല്‍ക്കത്തയുടെ പതനം

കണ്ണടച്ചുതുറക്കും മുന്‍പ് 4 വിക്കറ്റുകള്‍. മുഹമ്മദ് സിറാജ് നല്‍കിയ 'ഷോക്കില്‍' നിന്നും കരകയറാന്‍ 20 ഓവര്‍ ബാറ്റു ചെയ്തിട്ടും കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല. ഐപിഎല്‍ കണ്ട എക്കാലത്തേയും മികച്ച ബൗളിങ് പ്രകടനം മുഹമ്മദ് സിറാജ് പുറത്തെടുത്തപ്പോള്‍ ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അക്ഷരാര്‍ത്ഥത്തില്‍ ചൂളിപ്പോയി. നായകന്‍ ഇയാന്‍ മോര്‍ഗന്‍ ഒറ്റയാന്‍ പോരാട്ടമാണ് കൊല്‍ക്കത്തയുടെ മാനം അല്‍പ്പമെങ്കിലും രക്ഷിച്ചത്. എന്നാല്‍ ടീമിന് വലിയ സ്‌കോര്‍ സമ്മാനിക്കാന്‍ മോര്‍ഗനും കഴിയാതെ പോയി.

നിശ്ചിത 20 ഓവറില്‍ തപ്പിയും തടഞ്ഞും 8 വിക്കറ്റ് നഷ്ടത്തിൽ 84 റണ്‍സ് മാത്രമാണ് കൊല്‍ക്കത്ത നൈറ്റ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടത് 85 റണ്‍സും. മത്സരത്തില്‍ മുഹമ്മദ് സിറാജിന്റെ അത്യുഗ്രന്‍ പ്രകടനമാണ് ബാംഗ്ലൂരിന് സ്വപ്‌നത്തുടക്കം നല്‍കിയത്. സിറാജ് നാലോവറില്‍ രണ്ടു മെയ്ഡന്‍ ഓവറുകള്‍ പൂര്‍ത്തിയാക്കി; മൂന്നു വിക്കറ്റുകളും കൈക്കലാക്കി. വിട്ടുനൽകിയതാകട്ടെ കേവലം 8 റൺസും.

ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്ന്. നാലാമത്തെ ഓവര്‍ തീരുമ്പോഴേക്കും നാലു ബാറ്റ്‌സ്മാന്മാരാണ് കൂടാരം കയറിയത്. ആദ്യ ഓവര്‍ ക്രിസ് മോറിസിന്റേത്. ശുബ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും സാവകാശം കരുതലോടെ ബാറ്റു വീശി. രണ്ടാം ഓവറിനായി സിറാജ് പന്തെടുക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്നു റണ്‍സായിരുന്നു കൊല്‍ക്കത്തയ്ക്ക്. സിറാജിന്റെ ആദ്യ രണ്ടു പന്തുകള്‍ ഭീഷണി കൂടാതെ കടന്നുപോയി. മൂന്നാമത്തെ പന്ത് ഔട്ട് സ്വിങ്ങര്‍. തേര്‍ഡ് മാനിലേക്ക് ദിശകാട്ടാന്‍ ത്രിപാഠി ശ്രമിച്ചെങ്കിലും പന്ത് ബാറ്റിലുരസി കീപ്പറുടെ കൈകളില്‍. ത്രിപാഠി (5 പന്തില്‍ 1) പുറത്ത്!

തൊട്ടടുത്ത പന്ത് ഇന്‍സ്വിങ്ങര്‍. ഓഫ് സൈഡിലേക്ക് ഷോട്ട് കളിക്കാന്‍ മുന്നോട്ടാഞ്ഞ നിതീഷ് റാണ (0) സ്റ്റംപ് വായുവില്‍ പറക്കുന്നതാണ് പിന്നെ കണ്ടത്. അടുത്ത പന്ത് സ്റ്റംപിലേക്ക് കൃത്യം കൊള്ളിച്ചെങ്കിലും ടോം ബാന്റണിന്റെ അടിയുറച്ച പ്രതിരോധം സിറാജിന് ഹാട്രിക് നിഷേധിച്ചു. ഓവറില്‍ റണ്‍സ് വഴങ്ങാതെയാണ് സിറാജ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത്. മൂന്നാം ഓവറില്‍ നവ്ദീപ് സെയ്‌നി പന്തെടുത്തു. സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കേണ്ട ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത ഗില്ലിന് പക്ഷെ അധികം ആയുസ്സുണ്ടായില്ല. ഓഫ് സ്റ്റംപിന് വെളിയില്‍ സെയ്‌നി എറിഞ്ഞ ഷോര്‍ട്ട് പന്ത് കെണിയില്‍ ഗില്‍ (6 പന്തില്‍ 1) പെട്ടു. മിഡ് ഓണില്‍ അനായാസ ക്യാച്ചാണ് മോറിസ് എടുത്തത്. ഈ സമയം കൊല്‍ക്കത്തയുടെ സ്‌കോര്‍ മൂന്നിന് 3.

നാലാം ഓവറില്‍ ഒരിക്കല്‍ക്കൂടി കോലി സിറാജിനെ സമീപിച്ചു. ഒരിക്കല്‍ക്കൂടി തീരുമാനം ശരിയെന്ന് സിറാജും തെളിയിച്ചു. ആദ്യ പന്ത് ലെഗ് ബൈ. രണ്ടാം പന്ത് ഡോട്ട്. മൂന്നാം പന്തില്‍ ബാന്റണ്‍ (8 പന്തില്‍ 10) പുറത്ത്. ടെസ്റ്റ് മത്സരത്തെ അനുസ്മരിക്കുന്ന ലൈനും ലെങ്തും പാലിച്ച സിറാജ് ഒരിക്കല്‍ക്കൂടി ബാറ്റ്‌സ്മാനെ കീപ്പറുടെ കൈകളില്‍ എത്തിച്ചു. ഈ സമയം കൊല്‍ക്കത്തയുടെ സ്‌കോറാകട്ടെ നാലിന് 14 ഉം. ശേഷം ക്രീസിലെത്തിയ മോര്‍ഗനെ ഇടവലം തിരിയാന്‍ സിറാജ് അനുവദിച്ചില്ല. ഇതോടെ രണ്ടാമത്തെ മെയ്ഡന്‍ ഓവറുമായി സിറാജ് റെക്കോര്‍ഡ് പുസ്തകത്തിലേക്കും കടന്നു.

മോര്‍ഗന്‍ - കാര്‍ത്തിക് കൂട്ടുകെട്ടിലായിരുന്നു പിന്നീട് കൊല്‍ക്കത്തയുടെ പ്രതീക്ഷ. എന്നാല്‍ പരുങ്ങിക്കളിച്ച കാര്‍ത്തിക്കിനെ (14 പന്തില്‍ 4) ഒന്‍പതാം ഓവറില്‍ ചഹാല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. 13 ആം ഓവറില്‍ ചഹാല്‍ത്തന്നെ പാറ്റ് കമ്മിന്‍സിനെയും തിരിച്ചയച്ചു. ഈ സമയം കൊല്‍ക്കത്തയുടെ സ്‌കോര്‍ ആറിന് 40. 16 ആം ഓവറില്‍ ഇയാന്‍ മോര്‍ഗന്‍ (34 പന്തില്‍ 30) കൂടി പുറത്തായതോടെയാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. വാഷിങ്ടണ്‍ സുന്ദറാണ് കൊല്‍ക്കത്ത നായകന് മടക്ക ടിക്കറ്റ് നല്‍കിയത്. ശേഷം കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ 84 റണ്‍സില്‍ അവസാനിച്ചു.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:

ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി (നായകന്‍), എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ഗുര്‍കീറത്ത് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, മുഹമ്മദ് സിറാജ്, ഇസുരു ഉഡാന, നവ്ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചഹാല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്:

ശുബ്മാന്‍ ഗില്‍, ടോം ബാന്റണ്‍, നിതീഷ് റാണ, ഇയാന്‍ മോര്‍ഗന്‍ (നായകന്‍), ദിനേശ് കാര്‍ത്തിക്, രാഹുല്‍ ത്രിപാഠി, പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗൂസന്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: ipl 2020
Story first published: Wednesday, October 21, 2020, 18:42 [IST]
Other articles published on Oct 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X