വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പാഠം പഠിക്കാതെ രാജസ്ഥാന്‍, പക്ഷെ ബട്‌ലര്‍ രക്ഷിച്ചു — ചെന്നൈയ്ക്ക് വീണ്ടും തോല്‍വി

അബുദാബി: അലസമായ ബാറ്റിങ്ങില്‍ ആദ്യമൊന്ന് പതറി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ലക്ഷ്യം ചെറുതായിരുന്നതുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് രക്ഷപ്പെട്ടു. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 7 വിക്കറ്റിന്റെ ജയമാണ് സ്റ്റീവ് സ്മിത്തും ജോസ് ബട്‌ലറും കൂടി രാജസ്ഥാന് നേടിക്കൊടുത്തത്. ഒരുഘട്ടത്തില്‍ മൂന്നിന് 28 റണ്‍സെന്ന നിലയില്‍ വിറങ്ങലിച്ച രാജസ്ഥാന്‍ 15 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈയെ തോല്‍പ്പിച്ചു. ജയത്തിന്റെ പൂര്‍ണ ക്രെഡിറ്റും ജോസ് ബട്‌ലര്‍ക്കാണ്. ബട്‌ലറുടെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് (48 പന്തില്‍ 70) രാജസ്ഥാനെ കരകയറ്റിയത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് സാധ്യതകളും സജീവമാക്കി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തിരിച്ചുവരവാകട്ടെ കൂടുതല്‍ ദുഷ്‌കരമായിരിക്കുന്നു.

IPL 2020: Match 37, Chennai Super Kings vs Rajasthan Royals Match Details, Score Updates And More

126 റണ്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്നോട്ടുവെച്ച ലക്ഷ്യം അനായാസം കീഴടക്കാമെന്ന ആത്മവിശ്വാസം പൂണ്ടാണ് രാജസ്ഥാന്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ ഒരങ്കത്തിനുള്ള ബാല്യം ഇനിയുമുണ്ടെന്ന് ചെന്നൈ ബൗളര്‍മാര്‍ തെളിയിച്ചു. പവര്‍പ്ലേയ്ക്ക് മുന്‍പുതന്നെ മൂന്നു വിക്കറ്റുകളാണ് ചെന്നൈ കീശയിലാക്കിയത്. രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാരുടെ അലസത ഇവിടെ ചെന്നൈയ്ക്ക് ഗുണമായി. മൂന്നാം ഓവറില്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ (11 പന്തില്‍ 19) സ്റ്റംപ് തെറിപ്പിച്ചുകൊണ്ടാണ് ചെന്നൈയുടെ തുടക്കം. ദീപക് ചഹറിനാണ് സ്റ്റോക്ക്‌സിന്റെ വിക്കറ്റ്. തൊട്ടുപിന്നാലെ ഹേസല്‍വുഡിന് എതിരെ പിറകിലേക്ക് അനാവശ്യ ഷോട്ട് കളിക്കാന്‍ പോയി റോബിന്‍ ഉത്തപ്പയും (9 പന്തില്‍ 4) വിക്കറ്റു കളഞ്ഞു. അക്കൗണ്ട് തുറക്കും മുന്‍പാണ് സഞ്ജു പുറത്താകുന്നത്. ധോണിയുടെ തകര്‍പ്പന്‍ കീപ്പര്‍ ക്യാച്ച് സഞ്ജുവിന് തിരിച്ചയച്ചു. ശേഷം പതുങ്ങി കളിച്ച സ്റ്റീവ് സ്മിത്തിനെ (34 പന്തിൽ 26) കാഴ്ച്ചക്കാരനാക്കി ജോസ് ബട്‌ലറാണ് ആക്രമണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. താരം 15 ആം ഓവറില്‍ അര്‍ധ സെഞ്ച്വറി തികച്ചു. അവസാനഘട്ടത്തില്‍ ബട്‌ലര്‍ ആഞ്ഞടിച്ചതോടെയാണ് രാജസ്ഥാന്‍ ആത്മവിശ്വാസം കൈവരിച്ചതും ജയം കയ്യെത്തിപ്പിടിച്ചതും.

നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് കുറിക്കുകയായിരുന്നു. ഒരിക്കല്‍ക്കൂടി ബാറ്റിങ് നിര അമ്പെ നിരാശപ്പെടുത്തിയ ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ്‌സ്‌കോര്‍. ജഡേജ 30 പന്തില്‍ 35 റണ്‍സെടുത്തു. ഇതേസമയം, ക്രീസില്‍ നേരത്തെയെത്തിയിട്ടും ചെന്നൈയ്ക്ക് ഉയര്‍ന്ന സ്‌കോര്‍ സമ്മാനിക്കാന്‍ ധോണിക്ക് കഴിഞ്ഞില്ല. രാജസ്ഥാന്‍ നിരയില്‍ രാഹുല്‍ തെവാട്ടിയ, ശ്രേയസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുവീതമുണ്ട്.

IPL 2020: Match 37, Chennai Super Kings vs Rajasthan Royals Match Details, Score Updates And More

ഒരിക്കല്‍ക്കൂടി മോശം തുടക്കമാണ് ചെന്നൈയെ തേടിയെത്തിയത്. മൂന്നാം ഓവറില്‍ത്തന്നെ ഡുപ്ലെസിയെ (9 പന്തില്‍ 10) ആര്‍ച്ചര്‍ പുറത്താക്കി. പവര്‍പ്ലേ ഓവറില്‍ മുട്ടിക്കളിക്കുന്നുവെന്ന ആക്ഷേപം കുറയ്ക്കാന്‍ ഷെയ്ന്‍ വാട്‌സണും സാം കറനും മുന്‍കയ്യെടുക്കുന്നത് മത്സരം കണ്ടു. കാര്‍ത്തിക് ത്യാഗിയുടെ നാലാം ഓവറില്‍ രണ്ടു ബൗണ്ടറികള്‍ വാട്‌സണ്‍ കണ്ടെത്തി. എന്നാല്‍ ഇതേ ഓവറില്‍ മൂന്നാമതൊരു ഫോറിന് ശ്രമിച്ച വാട്‌സണിനെ (3 പന്തില്‍ 8) ഷോര്‍ട് മിഡ് വിക്കറ്റില്‍ വെച്ച് തെവാട്ടിയ പിടികൂടി. ഒരറ്റത്ത് ആക്രമിച്ചു കളിക്കുകയായിരുന്ന സാം കറനും വീണതോടെയാണ് ചെന്നൈയുടെ ഇന്നിങ്‌സ് മന്ദഗതിയിലായത്. ഒന്‍പതാം ഓവറില്‍ ശ്രേയസ് ഗോപാലാണ് കറനെ തിരിച്ചയച്ചത്. ഇദ്ദേഹത്തിന്റെ ഗൂഗ്ലി പഠിച്ചെടുക്കാന്‍ സാം കറന് (25 പന്തില്‍ 22) സാധിച്ചില്ല. ശേഷം ധോണി ക്രീസിലെത്തി. പത്താം ഓവറിലാണ് ചെന്നൈയ്ക്ക് വീണ്ടും വിക്കറ്റ് നഷ്ടപ്പെടുന്നത്. റായുഡുവിനെ (19 പന്തില്‍ 13) തെവാട്ടിയ കുടുക്കുകയായിരുന്നു. ലെഗ് സ്റ്റംപിലേക്കെത്തിയ പന്തിനെതിരെ സ്വീപ് ഷോട്ട് തിരഞ്ഞെടുത്തതാണ് റായുഡുവിന് വിനയായത്. തുടര്‍ന്ന് ജഡേജയും ധോണിയും ക്രീസില്‍ ഒരുമിച്ചു.

IPL 2020: Match 37, Chennai Super Kings vs Rajasthan Royals Match Details, Score Updates And More

അവസാന ഘട്ടത്തില്‍ ആഞ്ഞടിക്കാന്‍ തയ്യാറെടുത്ത ധോണിക്ക് (28 പന്തിൽ 28) 18 ആം വരെ മാത്രമേ ആയുസ്സുണ്ടായുള്ളൂ. ഓവറിലെ നാലാം പന്തില്‍ ഡബിളിനായുള്ള നീക്കമാണ് വിക്കറ്റില്‍ കലാശിച്ചത്. ആര്‍ച്ചറുടെ ത്രോ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ വഴി കുറിക്കുകൊള്ളുകയായിരുന്നു. തുടര്‍ന്ന് കേദാര്‍ ജാദവ് (7 പന്തിൽ 4) - രവീന്ദ്ര ജഡേജ (30 പന്തിൽ 35) സഖ്യം നടത്തിയ പോരാട്ടമാണ് ചെന്നൈയെ 125 റണ്‍സില്‍ കൊണ്ടെത്തിച്ചത്.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ചെന്നൈ സൂപ്പർ കിങ്സ്:

ഫാഫ് ഡുപ്ലെസി, സാം കറന്‍, ഷെയ്ന്‍ വാട്‌സണ്‍, അംബാട്ടി റായുഡു, എംഎസ് ധോണി (നായകന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, ദീപക് ചഹര്‍, പിയൂഷ് ചൗള, ശാര്‍ദ്ധുല്‍ താക്കൂര്‍, ജോഷ് ഹേസല്‍വുഡ്.

രാജസ്ഥാന്‍ റോയല്‍സ്:

റോബിന്‍ ഉത്തപ്പ, ബെന്‍ സ്റ്റോക്ക്‌സ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റീവന്‍ സ്മിത്ത് (നായകന്‍), ജോസ് ബട്‌ലര്‍, റിയന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, അങ്കിത് രജ്പൂത്, കാര്‍ത്തിക് ത്യാഗി.

Story first published: Monday, October 19, 2020, 22:54 [IST]
Other articles published on Oct 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X