ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സ് ജയം. ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന്റെ പോരാട്ടം 147 റണ്‍സില്‍ അവസാനിച്ചു. 39 പന്തില്‍ 57 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ അവസാനഘട്ടംവരെ സണ്‍റൈസേഴ്‌സിന് ജയപ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഏഴു ബൗളര്‍മാരുമായി ദുബായില്‍ കളിക്കാനിറങ്ങിയ ചെന്നൈയാകട്ടെ മത്സരത്തില്‍ 8 വിക്കറ്റുകളാണ് കണ്ടെത്തിയത്. കരണ്‍ ശര്‍മയ്ക്കും ഡ്വെയ്ൻ ബ്രാവോയ്ക്കും രണ്ടു വിക്കറ്റുണ്ട്. സാം കറന്‍, രവീന്ദ്ര ജഡേജ, ശാര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.

പവര്‍പ്ലേയ്ക്ക് മുന്‍പുതന്നെ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും കൂടാരം കയറിയതാണ് സണ്‍റൈസേഴ്‌സിനെ തുടക്കത്തിലെ സമ്മര്‍ദ്ദത്തിലാക്കിയത്. നാലാം ഓവറില്‍ സാം കറന്‍ വാര്‍ണറുടെ (13 പന്തില്‍ 9) സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. ഇതേ ഓവറില്‍ത്തന്നെ മനീഷ് പാണ്ഡയെ (3 പന്തില്‍ 4) ബ്രാവോ റണ്ണൗട്ടാക്കുകയും ചെയ്തു. ശേഷം വില്യംസണുമായി ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്താനുള്ള ബെയര്‍സ്റ്റോയുടെ ശ്രമം പത്താം ഓവറില്‍ അവസാനിച്ചു. അപകടകാരിയായ ബെയര്‍സ്റ്റോയെ (24 പന്തില്‍ 23) ജഡേജയാണ് തിരിച്ചയച്ചത്. ഈ സമയം ഹൈദരാബാദ് സ്‌കോര്‍ മൂന്നിന് 59.

15 ആം ഓവറില്‍ പ്രിയം ഗാര്‍ഗും (18 പന്തില്‍ 16) വീണതോടെ ഹൈദരാബാദ് അപകടം തിരിച്ചറിഞ്ഞു. കരണ്‍ ശര്‍മയ്ക്കാണ് ഗാര്‍ഗിന്റെ വിക്കറ്റ്. തുടര്‍ന്നെത്തിയ വിജയ് ശങ്കര്‍ (7 പന്തില്‍ 12) വമ്പനടിക്ക് തയ്യാറെടുത്തെങ്കിലും ബ്രാവോ ഇദ്ദേഹത്തിനും മടക്കടിക്കറ്റ് നല്‍കി. 18 ആം ഓവറിലാണ് കെയ്ന്‍ വില്യംസണ്‍ (39 പന്തില്‍ 57) പുറത്താകുന്നത്. കരണ്‍ ശര്‍മയാണ് താരത്തെ കുടുക്കിയതും. അവസാന രണ്ടു ഓവറുകളില്‍ റാഷിദ് ഖാനും ഷഹബാസ് നദീമും ആഞ്ഞുവീശിയെങ്കിലും ലക്ഷ്യത്തിന് 147 റണ്‍സ് അകലെ ഹൈദരാബാദ് വീണു.
നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ തികയ്ക്കുകയായിരുന്നു. ഷെയ്ന്‍ വാട്‌സനാണ് ചെന്നൈയുടെ ടോപ്‌സ്‌കോറര്‍. വാട്‌സണ്‍ 38 പന്തില്‍ 42 റണ്‍സെടുത്തു. 3 സിക്‌സും 1 ഫോറും ഇതില്‍ ഉള്‍പ്പെടും. അംബാട്ടി റായുഡുവും ചെന്നൈയ്ക്കായി തിളങ്ങി. 34 പന്തില്‍ 41 റണ്‍സ് റായുഡു നേടി. മൂന്നാം വിക്കറ്റില്‍ വാട്‌സണ്‍ - റായുഡു സഖ്യം നടത്തിയ പോരാട്ടമാണ് സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സിന് നെടുംതൂണായത്. ഹൈദരാബാദിനായി സന്ദീപ് ശര്‍മയും നടരാജനും ഖലീൽ അഹമ്മദും രണ്ടു വീക്കറ്റുകൾവീതം വീഴ്ത്തി.

മൂന്നാം ഓവറില്‍ ഫാഫ് ഡുപ്ലെസിയെ നഷ്ടപ്പെട്ടുകൊണ്ടായിരുന്നു ചെന്നൈയുടെ തുടക്കം. ഒരല്‍പ്പം ബൗണ്‍സിനൊപ്പം സ്വിങ് ചെയ്‌തെത്തിയ സന്ദീപ് ശര്‍മയുടെ പന്ത് ഡുപ്ലെസിയുടെ (0) ബാറ്റില്‍ ഉരസി കീപ്പറുടെ കൈകളില്‍ എത്തുകയായിരുന്നു. നാലാം ഓവറില്‍ ഓപ്പണറായി ഇറങ്ങിയ സാം കറനും സന്ദീപിന് മുന്നില്‍ വീണു. സ്റ്റംപിന് വെളിയിലേക്ക് ദിശകാട്ടിയ ഔട്ട്‌സ്വിങ്ങറാണ് സാം കറനെ (21 പന്തില്‍ 32) കുഴക്കിയത്. ശേഷം ക്രീസില്‍ ഒന്നിച്ച വാട്‌സണ്‍ - റായുഡു സഖ്യം സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ടു കൊണ്ടുപോയി.

16 ആം ഓവറിലാണ് റായുഡുവിന്റെ മടക്കം. ഖലീല്‍ അഹമ്മദിന്റെ താഴ്ന്ന ഫുള്‍ ടോസ് അടിച്ചകറ്റാന്‍ തുനിഞ്ഞ റായുഡു (34 പന്തില്‍ 41) ലോങ് ഓഫില്‍ വാര്‍ണറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 17 ആം ഓവറില്‍ അര്‍ധ സെഞ്ച്വറിക്കരികെ വാട്‌സണിനും (38 പന്തില്‍ 42) വിക്കറ്റ് നഷ്ടപ്പെട്ടു. നടരാജനാണ് വാട്‌സണിന്റെ വിക്കറ്റ്. നടരാജന്റെ ഫുള്‍ ടോസ് കൃത്യമായി വിനിയോഗിക്കാന്‍ വാട്‌സണിനും കഴിഞ്ഞില്ല. തുടര്‍ന്ന് ക്രീസില്‍ ധോണിയും (13 പന്തില്‍ 21) ജഡേജയും (10 പന്തില്‍ 25) നടത്തിയ പോരാട്ടമാണ് ചെന്നൈയുടെ സ്‌കോര്‍ 167 റണ്‍സില്‍ എത്തിച്ചത്.
ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
സൺറൈസേഴ്സ് ഹൈദരാബാദ്:
ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, വിജയ് ശങ്കര്‍, ഷഹബാസ് നദീം, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, ടി നടരാജന്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ്:
ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസി, അംബാട്ടി റായുഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, സാം കറന്‍, ഡ്വെയന്‍ ബ്രാവോ, ദീപക് ചഹര്‍, പിയൂഷ് ചൗള, ശാര്‍ദ്ധുല്‍ താക്കൂര്‍, കരണ്‍ ശര്‍മ.