ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആധികാരിക ജയം. ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 194 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊല്‍ക്കത്തയെ ബാംഗ്ലൂര്‍ 112 റണ്‍സില്‍ തളച്ചു; ജയം 82 റണ്‍സിന്റേത്. മത്സരത്തില്‍ സമഗ്രാധിപത്യമാണ് റോയല്‍ ചലഞ്ചേഴ്‌സ് കയ്യടക്കിയത് --- ആദ്യം ബാറ്റുകൊണ്ട് തിളങ്ങി. ശേഷം പന്തുകൊണ്ടും.
ശുബ്മാന്‍ ഗില്ലൊഴികെ (25 പന്തില്‍ 34) മറ്റെല്ലാവരും കൊല്‍ക്കത്ത നിരയില്‍ നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്‌സില്‍ ആകെ മൂന്നു പേര്‍ മാത്രമാണ് രണ്ടക്ക സഖ്യയിലെത്തിയത്. നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ കൊല്‍ക്കത്തയുടെ പതനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ക്രിസ് മോറിസിനും രണ്ടു വിക്കറ്റുണ്ട്. നവ്ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചഹാല്‍, ഇസുരു ഉഡാന, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.

ഉയര്‍ന്ന ലക്ഷ്യം മുന്നില്‍നില്‍ക്കെ സാവധാനം ബാറ്റുചെയ്തതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിനയായത്. ബാറ്റിങ് നിരയിലെ പരീക്ഷണങ്ങള്‍ കൊല്‍ക്കത്ത ബാംഗ്ലൂരിനെതിരെയും തുടര്‍ന്നത് കാണാം. രാഹുല്‍ ത്രിപാഠിക്ക് പകരം ടോം ബാന്റനാണ് ഇത്തവണ ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്തത്. സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ബാന്റണ്‍ (12 പന്തില്‍ 8) നാലാം ഓവറില്‍ സ്റ്റംപ് തെറിച്ചു മടങ്ങി. എട്ടാം ഓവറിലാണ് നിതീഷ് റാണയുടെ തിരിച്ചുവരവ്. വാഷിങ്ടണ്‍ സുന്ദര്‍ റാണയുടെ (14 പന്തില്‍ 9) വിക്കറ്റെടുത്തു. 10 ആം ഓവറില്‍ ശുബ്മാന്‍ ഗില്‍ (25 പന്തില്‍ 34) കൂടി പോയതോടെ കൊല്‍ക്കത്തയുടെ താളംതെറ്റി. ഇസുരു ഉഡാനെ ഗില്ലിനെ റണ്ണൗട്ടാക്കുകയായിരുന്നു. ശേഷം ഒന്ന് പൊരുതാന്‍ പോലും കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല. ദിനേശ് കാര്‍ത്തിക് (2 പന്തില്‍ 1), ആന്ദ്രെ റസ്സല്‍ (10 പന്തില്‍ 16), ഇയാന്‍ മോര്‍ഗന്‍ (12 പന്തില്‍ 8), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 16), പാറ്റ് കമ്മിന്‍സ് (3 പന്തില്‍ 1) എന്നിവര്‍ പെട്ടെന്നുതന്നെ കൂടാരം കയറി.

നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുകയായിരുന്നു. എഡി ഡിവില്ലേഴ്സാണ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍. ഡിവില്ലേഴ്സ് 33 പന്തില്‍ 73 റണ്‍സെടുത്തു. 6 സിക്‌സും 5 ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. കൊല്‍ക്കത്തയ്ക്കായി പ്രസിദ്ധ കൃഷ്ണയും ആന്ദ്രെ റസ്സലും ഓരോ വിക്കറ്റുവീതം വീഴ്ത്തി.

ഷാര്‍ജയില്‍ കേവലം ഒരു സ്പിന്നറെയുംകൊണ്ടാണ് കൊല്‍ക്കത്ത ബാംഗ്ലൂരിനെ എതിരിട്ടത്. പേസിനെ ആശ്രയിച്ചായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ തന്ത്രങ്ങള്‍ മുഴുവന്‍. എന്നാല്‍ ആദ്യ പവര്‍പ്ലേയില്‍ ബാംഗ്ലൂര്‍ ഓപ്പണര്‍മാര്‍ ക്രീസില്‍ വിരാജിച്ചു. പവര്‍പ്ലേയില്‍ 47 റണ്‍സാണ് ഫിഞ്ചും പടിക്കലും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. റസ്സല്‍ എറിഞ്ഞ എട്ടാം ഓവറില്‍ ബാംഗ്ലൂരിന്റെ ആദ്യവിക്കറ്റ് വീണു. ദേവ്ദത്ത് പടിക്കലിനെ (23 പന്തില്‍ 32) ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു റസ്സല്‍. ശേഷം ക്രീസില്‍ കോലിയെത്തിയെങ്കിലും കൊല്‍ക്കത്ത മത്സരത്തില്‍ പിടിമുറുക്കി. ബാംഗ്ലൂരിന്റെ സ്‌കോറിങ് വേഗം കുറച്ചു. 13 ആം ഓവറില്‍ ആരോണ്‍ ഫിഞ്ച് (37 പന്തില്‍ 47) മടങ്ങുമ്പോള്‍ കേവലം 94 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. പക്ഷെ എബി ഡിവില്ലേഴ്‌സിന്റെ വരവ് മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു.

16 ആം ഓവര്‍തൊട്ട് പന്തിനെ നാലുപാടും ഡിവില്ലേഴ്‌സ് പായിക്കാന്‍ തുടങ്ങി. നാഗര്‍കോട്ടിയുടെ 16 ആം ഓവറില്‍ രണ്ടു സിക്‌സും ഒരു ബൗണ്ടറിയുമടക്കം 18 റണ്‍സ് പിറന്നു. പാറ്റ് കമ്മിന്‍സിന്റെ 17 ആം ഓവറിലും കണ്ടു രണ്ടു സിക്‌സും ഒരു ഫോറുമടക്കം 19 റണ്‍സ്. 18 ആം ഓവറില്‍ റസ്സലാണ് പന്തെടുത്തത്. ഈ ഓവറില്‍ ഡിവില്ലേഴ്‌സ് അര്‍ധ സെഞ്ച്വറി പിന്നിട്ടു. കേവലം 23 പന്തിലാണ് എബിഡിയുടെ അര്‍ധ സെഞ്ച്വറി. പ്രസിദ്ധ് കൃഷ്ണയുടെ 19 ആം ഓവറിൽ 12 റൺസ് മാത്രമാണ് കോലിയും (28 പന്തിൽ 33) ഡിവില്ലേഴ്സും (33 പന്തിൽ 73) ചേർന്ന് നേടിയത്. എന്നാൽ അവസാന ഓവറിലെ വെടിക്കെട്ട് ബാംഗ്ലൂരിനെ 194 റൺസിൽ കൊണ്ടെത്തിച്ചു.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:
ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി (നായകന്‍), എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദൂബെ, മുഹമ്മദ് സിറാജ്, ക്രിസ് മോറിസ്, ഇസുരു ഉഡാന, നവ്ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചഹാല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്:
രാഹുല്‍ ത്രിപാഠി, ശുബ്മാന്‍ ഗില്‍, നിതീഷ് റാണ, ഇയാന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക് (നായകന്‍, വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, ടോം ബാന്റണ്‍, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.