അബുദാബി: കിങ്സ് ഇലവൻ പഞ്ചാബിന് എതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. അവസാന പന്തിൽ 6 റൺസ് വേണമെന്നിരിക്കെ മാക്‌സ്‌വെല്ലിന്റെ 'സിക്സർ ഷോട്ട്' ബൌണ്ടറി ലൈനിന് രണ്ടിഞ്ച് അകലെ പതിക്കുകയായിരുന്നു. ഇതോടെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 165 റണ്‍സ് ലക്ഷ്യത്തിന് 2 റൺസ് അകലെ പഞ്ചാബ് വീണു. അനായാസം ജയിക്കാവുന്ന മറ്റൊരു മത്സരമാണ് കിങ്സ് ഇലവൻ പഞ്ചാബ് ഇന്നും കൈവിട്ടത്. മായങ്ക് അഗര്‍വാളും (39 പന്തിൽ 56) കെഎല്‍ രാഹുലും (58 പന്തിൽ 74) ചേര്‍ന്നൊരുക്കിയ ഓപ്പണിങ് കൂട്ടുകെട്ട് ഫലം കാണാതെപോയി.

ലക്ഷ്യം താരതമ്യേന ചെറുതായതുകൊണ്ട് സാവധാനമാണ് പഞ്ചാബ് ബാറ്റിങ് മുന്നോട്ടുകൊണ്ടുപോയത്. കൊല്‍ക്കത്തയുടെ ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ കിങ്‌സ് ഇലവന്‍ തയ്യാറായില്ല. പവര്‍പ്ലേ ഓവര്‍ തീരുമ്പോള്‍ 47 റണ്‍സാണ് മായങ്ക് - രാഹുല്‍ കൂട്ടുകെട്ട് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. പത്താം ഓവര്‍ പിന്നിട്ടപ്പോള്‍ സ്‌കോര്‍ 76 തൊട്ടു. 15 ആം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് മായങ്കിന്റെ (39 പന്തില്‍ 56) രൂപത്തില്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ലെഗ് സൈഡില്‍ സിക്‌സ് കണ്ടെത്താനുള്ള മായങ്കിന്റെ ശ്രമം ക്യാച്ചില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ വിക്കറ്റുവീഴ്ച്ചയൊന്നും പഞ്ചാബിനെ പ്രതിരോധത്തിലാക്കിയില്ല. ക്രീസില്‍ എത്തിയ നിക്കോളസ് പൂരന്‍ രാഹുലിനൊപ്പം ചേര്‍ന്ന് അനായാസം റണ്‍സ് കണ്ടെത്തി. നരെയ്ന്റെ 18 ആം ഓവറിലാണ് പൂരൻ (10 പന്തിൽ 16) പുറത്താകുന്നത്. 19 ആം ഓവറിൽ പ്രഭ്സിമ്രാൻ സിങ്ങും (7 പന്തിൽ 4) രാഹുലും (58 പന്തിൽ 74) പുറത്തായതോടെ 6 പന്തിൽ 14 റൺസ് എന്നായി സമവാക്യം. അവസാന ഓവർ പന്തെടുത്തത് സുനിൽ നരെയ്നും. എന്നാൽ രണ്ടു ബൌണ്ടറി അടിക്കാൻ കഴിഞ്ഞെങ്കിലും ടീമിനെ ജയിപ്പിക്കാൻ മാക്‌സ്‌വെല്ലിനോ മന്ദീപ് സിങ്ങിനോ സാധിച്ചില്ല.
നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കുറിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി പിന്നിട്ട നായകൻ ദിനേശ് കാർത്തിക്കാണ് കൊല്‍ക്കത്തയുടെ ടോപ്‌സ്‌കോറര്‍. കാർത്തിക് 29 പന്തില്‍ 58 റണ്‍സെടുത്തു. പഞ്ചാബ് നിരയില്‍ മുഹമ്മദ് ഷമിക്കും രവി ബിഷ്‌ണോയിക്കും അർഷദീപ് സിങ്ങിനും ഓരോ വിക്കറ്റുവീതമുണ്ട്.

തകര്‍ച്ചയോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നിങ്‌സ് ആരംഭിച്ചത്. ആദ്യ പവര്‍പ്ലേയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ബൗളര്‍മാര്‍ കൊല്‍ക്കത്തയെ വരിഞ്ഞുമുറുക്കി. കഴിഞ്ഞമത്സരത്തിലെ ഹീറോയായ രാഹുല്‍ ത്രിപാഠിയെ മൂന്നാം ഓവറില്‍ത്തന്നെ മുഹമ്മദ് ഷമി (10 പന്തില്‍ 4) സ്റ്റംപ് തെറിപ്പിച്ചു പുറത്താക്കി. നാലാം ഓവറില്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തില്‍ നിതീഷ് റാണ (4 പന്തില്‍ 2) റണ്ണൗട്ടാവുക കൂടി ചെയ്തപ്പോള്‍ കൊല്‍ക്കത്ത പാടെ പതറി. നരെയ്‌ന് പകരം ഇയാന്‍ മോര്‍ഗനാണ് ശേഷം ക്രീസിലെത്തിയത്. ഗില്ലുമായി ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുകൊണ്ടുപോകവെ 11 ആം ഓവറില്‍ മോര്‍ഗന്‍ വീണു. രവി ബിഷ്ണിയെ പറത്താനുള്ള മോര്‍ഗന്റെ (23 പന്തില്‍ 24) ശ്രമം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കൈകളില്‍ ഒതുങ്ങി. ഈ സമയം ടീം സ്‌കോറാകട്ടെ മൂന്നിന് 63 റണ്‍സും. തുടര്‍ന്നെത്തിയ നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ ചടുലമായ ബാറ്റിങ്ങാണ് കൊല്‍ക്കത്തയുടെ പോരാട്ടത്തിന് പുതിയ ഊര്‍ജ്ജം പകര്‍ന്നത്.

അര്‍ഷദീപിന്റെ 17 ആം ഓവറില്‍ മൂന്നു ഫോറടക്കം 14 റണ്‍സ് കാര്‍ത്തിക് അടിച്ചെടുത്തു. ജോര്‍ദന്റെ 18 ആം ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സും കാര്‍ത്തിക് സംഭാവന ചെയ്തു. ഷമിയുടെ 18 ആം ഓവറിലാണ് കാര്‍ത്തിക് അതിവേഗം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 22 പന്തില്‍ താരം 50 പിന്നിട്ടു. എന്നാല്‍ ഇതേ ഓവറില്‍ അര്‍ധ സെഞ്ച്വറി തികച്ച ശുബ്മാന്‍ ഗില്‍ (47 പന്തില്‍ 57) റണ്ണൗട്ടായി പുറത്താകുന്നതും മത്സരം കണ്ടു. തുടര്‍ന്ന് ക്രീസില്‍ വന്ന ആന്ദ്രെ റസ്സലിന് (3 പന്തില്‍ 5) നിറഞ്ഞാടാന്‍ സാധിച്ചില്ല. 19 ആം ഓവറിലെ രണ്ടാം പന്തില്‍ അര്‍ഷദീപ് ഇദ്ദേഹത്തെ മടക്കി. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും (29 പന്തില്‍ 58) പാറ്റ് കമ്മിന്‍സും (4 പന്തിൽ 5) നടത്തിയ പോരാട്ടമാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 164 റണ്‍സില്‍ എത്തിച്ചത്.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
കിങ്സ് ഇലവൻ പഞ്ചാബ്:
രാഹുല്‍ ത്രിപാഠി, ശുബ്മാന്‍ ഗില്‍, നിതീഷ് റാണ, സുനില്‍ നരെയ്ന്‍, ഇയാന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, ദിനേശ് കാര്‍ത്തിക് (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്:
കെഎല്‍ രാഹുല്‍ (നായകന്‍), മായങ്ക് അഗര്‍വാള്‍, മന്ദീപ് സിങ്, നിക്കോളസ് പൂരന്‍, സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മുജീബ് ഉര്‍ റഹ്മാന്‍, ക്രിസ് ജോര്‍ദന്‍, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്.