IPL 2020: വിറച്ച്, വിറപ്പിച്ച് ഡല്‍ഹി; സൂപ്പര്‍ ഓവറില്‍ നാണംകെട്ട് പഞ്ചാബ്

ദുബായ്: ഐപിഎല്ലിന്റെ രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഉജ്ജ്വല ജയം. സൂപ്പര്‍ ഓവറില്‍ പഞ്ചാബ് മുന്നോട്ടുവെച്ച 3 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി അനായാസം കയ്യടക്കി. ഇരു ടീമുകളും 157 റണ്‍സ് എന്ന നിലയ്ക്ക് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.

മായങ്ക് അഗര്‍വാള്‍ (60 പന്തില്‍ 89) നടത്തിയ ഒറ്റയാന്‍ പോരാട്ടം പഞ്ചാബിനെ ജയത്തിന് തൊട്ടരികെ കൊണ്ടുവന്നെങ്കിലും സ്റ്റോയിനസ് ഡല്‍ഹിയുടെ രക്ഷകനാവുകയായിരുന്നു. കെഎല്‍ രാഹുലും നിക്കോളസ് പൂരനും ചേര്‍ന്നാണ് പഞ്ചാബിന് വേണ്ടി സൂപ്പര്‍ ഓവറില്‍ ഇറങ്ങിയത്. പക്ഷെ കഗീസോ റബാദയ്ക്ക് മുന്‍പില്‍ ഇരുവരുടെയും പദ്ധതികള്‍ വിലപോയില്ല. നെഞ്ചളവില്‍ കുത്തി ഉയര്‍ത്തിയ ബൗണ്‍സര്‍ കൊണ്ടാണ് റബാദ പഞ്ചാബ് നായകനെ വീഴ്ത്തിയത്. തൊട്ടടുത്ത പന്തില്‍ത്തന്നെ പൂരന്റെ സ്റ്റംപുകളും താരം തെറിപ്പിച്ചു. ഇതോടെ അവസാനിച്ചു പഞ്ചാബിന്റെ സൂപ്പര്‍ ഓവര്‍ പോരാട്ടവും.

ഡല്‍ഹിക്ക് വേണ്ടി മൂന്നു റണ്‍സെടുക്കാന്‍ റിഷഭ് പന്തിന് ഏറെ വിയര്‍ക്കേണ്ടി വന്നില്ല. മുഹമ്മദ് ഷമിയുടെ ഒരു വൈഡ് കൂടി ചേര്‍ന്നതോടെ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമായി. നേരത്തെ, 158 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ ഡല്‍ഹി ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഡല്‍ഹി നിരയില്‍ അശ്വിനും റബാദയ്ക്കും സ്റ്റോയിനസിനും രണ്ടു വിക്കറ്റുവീതമുണ്ട്. മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് അശ്വിന്‍ എറിഞ്ഞത്. ഓവറിലെ അവസാന പന്തില്‍ തോളിന് പരിക്കേറ്റതോടെ താരം കളംവിട്ടു. മത്സരത്തില്‍ മോഹിത് ശര്‍മയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റുവീതം വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ പഞ്ചാബിനായി മായങ്ക് അഗര്‍വാളും കെഎല്‍ രാഹുലുമാണ് ഓപ്പണിങ് ഇറങ്ങിയത്. സാവധാനമായിരുന്നു ബാറ്റിങ്. എന്നാല്‍ പവര്‍പ്ലേ തീരുംമുന്‍പ് കെഎല്‍ രാഹുല്‍ (21), കരുണ്‍ നായര്‍ (1), നിക്കോളസ് പൂരന്‍ (0) എന്നിവര്‍ വേഗം തിരിച്ചെത്തി. അശ്വിന്റെ ആറാം ഓവറാണ് പഞ്ചാബിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. കരുണ്‍ നായരെയും നിക്കോളസ് പൂരനെയും നഷ്ടപ്പെട്ടതോടെ ടീം പ്രതിസന്ധിയിലായി. തൊട്ടടുത്ത ഓവറില്‍ അലസമായ ഷോട്ട് കളിച്ച് മാക്‌സ്‌വെല്ലും മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി. തുടര്‍ന്ന് ഇടവേളകളില്‍ വിക്കറ്റു വീഴുന്നതാണ് പഞ്ചാബ് ക്യാംപ് കണ്ടത്. സര്‍ഫറാസ് ഖാനും (12) കൃഷ്ണപ്പ ഗൗതവും (20) ക്രീസില്‍ ഏറെനേരം നിന്നില്ല.

എന്നാല്‍ ഒരറ്റത്ത് മായങ്ക് നടത്തിയ ഒറ്റയാന്‍ പോരാട്ടം പഞ്ചാബിന്റെ മത്സരത്തില്‍ നിലനിര്‍ത്തി. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്റ്റോയിനസിന്റെ ആദ്യപന്തുതന്നെ സിക്‌സറടിച്ച് മായങ്ക് ജയപ്രതീക്ഷ കൂട്ടി. പിന്നാലെ ഒരു ഡബിളും ഒരു ബൗണ്ടറിയും പിറന്നതോടെ പഞ്ചാബ് ജയിച്ചതായി ഏവരും വിധിയെഴുതി. എന്നാല്‍ നാലാം പന്തില്‍ മായങ്ക് പുറത്താവുമ്പോള്‍ സമവാക്യം രണ്ട് പന്തില്‍ ഒരു റണ്‍സെന്നായി. മനസാന്നിധ്യം കൈവിടാതെ പന്തെറിഞ്ഞ സ്റ്റോയിനസ് അടുത്ത രണ്ടു പന്തിലും പഞ്ചാബിനെ റണ്‍സെടുക്കാന്‍ അനുവദിച്ചില്ല. മത്സരത്തില്‍ വഴിത്തിരിവായതും സ്റ്റോയിനസിന്റെ ഈ പ്രകടനംതന്നെ.

നേരത്തെ, ഡല്‍ഹി നിരയില്‍ വാലറ്റത്തിറങ്ങിയ മാർക്കസ് സ്റ്റോയിനസുതന്നെയാണ് ടീമിനെ പൊരുതാവുന്ന നിലയിൽ എത്തിച്ചത്. സ്റ്റോയിന്സിന്റെ അതിവേഗ അർധ സെഞ്ച്വറി (21 പന്തിൽ 53) കിങ്സ് ഇലവന് ഓർക്കാപ്പുറത്തേറ്റ അടിയായി മാറി. അവസാന ഓവറിൽ മാത്രം 30 റൺസാണ് സ്റ്റോയിനസിന്റെ കരുത്തിൽ ഡൽഹി അടിച്ചെടുത്തത്.

തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. പിച്ചിലെ വേഗവും പ്രവചനാതീമായ ബൗണ്‍സും ഡല്‍ഹി ബാറ്റ്‌സ്മാന്മാരെ കുഴക്കി. പവര്‍പ്ലേ തീരുംമുന്‍പേയാണ് ശിഖര്‍ ധവാനും പൃഥ്വി ഷായും ഷിമ്രോണ്‍ ഹെറ്റ്മയറും ഡഗ്ഗൗട്ടില്‍ തിരിച്ചെത്തിയത്. പുല്‍നാമ്പുകൾ നിറഞ്ഞ പിച്ചിന്റെ സ്വഭാവം പഠിക്കാന്‍ മൂവരും മെനക്കെട്ടില്ല. ഇതു കൃത്യമായി മുതലെടുത്തതാകട്ടെ മുഹമ്മദ് ഷമിയും.

വന്നപാടെ കണ്ണുംപൂട്ടിയുള്ള വീശലിനാണ് ധവാന്‍ ശ്രമിച്ചത്. എന്നാല്‍ ഒരുഷോട്ടുപോലും കൃത്യമായി കൊണ്ടില്ല. പിച്ചിലെ ബൗണ്‍സ് തിരിച്ചറിഞ്ഞ ഷമി ധവാനെ ബൗണ്‍സര്‍ കെണിയില്‍ത്തന്നെ കുരുക്കി. രണ്ടാം ഓവറിലെ നാലം പന്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാച്ച് നഷ്ടപ്പെടുത്തിയെങ്കിലും കൃഷ്ണപ്പ ഗൗതമിന്റെ മനസാന്നിധ്യം ധവാന്റെ റണ്ണൗട്ടില്‍ കലാശിച്ചു.

ക്രീസില്‍ നിലയുറപ്പിക്കാന്‍ യുവതാരം പൃഥ്വി ഷായ്ക്കും ഉദ്ദേശ്യമുണ്ടായില്ല. നെഞ്ചളവില്‍ കുത്തിയുയര്‍ന്ന ഷമിയുടെ പന്തിനെ താരം പുള്‍ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ പന്ത് ചെന്നുവീണത് മിഡ് ഓണില്‍ ജോര്‍ദന്റെ കൈകളിലും. നാലാം ഓവറിലെ അവസാന പന്തില്‍ വെടിക്കെട്ടു വീരന്‍ ഹെറ്റ്മയര്‍ കൂടി മടങ്ങിയതോടെ ഡല്‍ഹി അതിസമ്മര്‍ദ്ദത്തിലായി. ഇവിടെയും ഷമിക്കാണ് വിക്കറ്റ്. ശേഷം ക്രീസില്‍ ഒരുമിച്ച റിഷഭ് പന്ത് - ശ്രേയസ് അയ്യര്‍ സഖ്യം സാവധാനമാണ് ബാറ്റുവീശിയത്. ഇതോടെ റണ്‍ നിരക്ക് കൂപ്പുകുത്തി.

14 ആം ഓവറില്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയാണ് പന്തിനെ പുറത്താക്കുന്നത്. തുടരെ ഗൂഗ്ലിയെറിഞ്ഞ് വിഷമിപ്പിച്ച ബിഷ്‌ണോയിയെ ഒരുതവണ ലോങ് ഓണിലേക്ക് അതിര്‍ത്തി കടത്തിയപ്പോള്‍ പന്ത് ആവേശഭരിതനാവുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ താരം വീണ്ടും വമ്പനടിക്ക് പോയി. പക്ഷെ പന്ത് ബാറ്റില്‍ത്തട്ടി സ്റ്റംപിലേക്ക് കയറി. ഡെത്ത് ഓവറുകളില്‍ ആഞ്ഞടിക്കാന്‍ കണക്കുകൂട്ടിയ ശ്രേയസ് അയ്യറെ സ്ലോ ബോളില്‍ ഷമിയാണ് വീഴ്ത്തിയത്. ഇതോടെ ഡല്‍ഹിയുടെ പോരാട്ടവീര്യം ചോര്‍ന്നു. ശേഷമെത്തിയ അക്‌സര്‍ പട്ടേലിനെ ഷെല്‍ഡണ്‍ കോട്രല്‍ തിരിച്ചയച്ചു. അവസാന ഓവറുകളില്‍ ജോര്‍ദനെയും കോട്രലിനെയും കടന്നാക്രമിച്ച മാര്‍ക്കസ് സ്‌റ്റോയിനിസാണ് ഡല്‍ഹിയെ ഭേദപ്പെട്ട നിലയിലേക്ക് കൊണ്ടുവന്നത്. നാടകീയമായ അവസാന ഓവറിൽ മാത്രം 30 റൺസ് സ്റ്റോയിനസിന്റെ കരുത്തിൽ ഡൽഹി അടിച്ചെടുത്തു.

ഡല്‍ഹി പ്ലേയിങ് ഇലവന്‍:

ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കഗീസോ റബാദ, ആന്റിച്ച നോര്‍ഞ്ഞെ, മോഹിത് ശര്‍മ.

പഞ്ചാബ് പ്ലേയിങ് ഇലവന്‍:

കെഎല്‍ രാഹുല്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക്കോളസ് പൂരന്‍, കൃഷ്ണപ്പ ഗൗതം, ക്രിസ് ജോര്‍ദന്‍, ഷെല്‍ഡണ്‍ കോട്രല്‍, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: ipl 2020
Story first published: Sunday, September 20, 2020, 18:58 [IST]
Other articles published on Sep 20, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X