അബുദാബി: രാജസ്ഥാന്‍ റോയല്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അനായാസ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് ലക്ഷ്യം 5 പന്തുകള്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ മറികടന്നു. രണ്ടു വിക്കറ്റ് മാത്രമാണ് ഇന്നിങ്‌സില്‍ ബാംഗ്ലൂരിന് നഷ്ടപ്പെട്ടതും. ബാംഗ്ലൂരിനായി മലയാളി താരം ദേവ്ദത്ത് പടിക്കലും (45 പന്തില്‍ 63) നായകന്‍ വിരാട് കോലിയും (53 പന്തിൽ 72) തിളങ്ങി. സീസണില്‍ പടിക്കലിന്റെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇന്നത്തെ മത്സരത്തില്‍ കണ്ടത്; കോലിയുടെ ആദ്യത്തേതും. രാജസ്ഥാന്‍ നിരയില്‍ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലിനും ജോഫ്ര ആർച്ചർക്കും മാത്രമേ വിക്കറ്റ് കണ്ടെത്താനായുള്ളൂ.

ചെറിയ ലക്ഷ്യം മുന്നില്‍ നില്‍ക്കെ സാവധാനമാണ് ബാഗ്ലൂര്‍ ബാറ്റു ചെയ്തത്. മൂന്നാം ഓവറില്‍ ആരോണ്‍ ഫിഞ്ച് (8) വീണതൊഴിച്ചാല്‍ ഇന്നിങ്‌സിന്റെ ഒരുഘട്ടത്തിലും ബാംഗ്ലൂര്‍ പതറിയില്ല. പടിക്കലും കോലിയും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് സാവധാനം പടുത്തുയര്‍ത്തി. നീണ്ട കാത്തിരിപ്പിന് ശേഷം 16 ആം ഓവറിലാണ് രാജസ്ഥാന്‍ കൂട്ടുകെട്ട് പൊളിക്കുന്നത്. ആര്‍ച്ചറുടെ മിന്നല്‍വേഗമുള്ള പന്ത് പടിക്കലിന്റെ സ്റ്റംപ് പിഴുതുകൊണ്ടുപോവുകയായിരുന്നു. 1 സിക്‌സും 6 ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് താരം സാമ്പദിച്ചത്. തുടര്‍ന്നെത്തിയ എബി ഡിവില്ലേഴ്‌സ് കോലിക്കൊപ്പം ചേര്‍ന്ന് ടീമിനെ അനായാസം ജയിപ്പിച്ചു.

ആദ്യ ഇന്നിങ്സിൽ ജോസ് ബട്‌ലറും (22) സ്റ്റീവ് സ്മിത്തും (5) സഞ്ജു സാംസണും (4) കൂടാരം കയറിയതോടെ ബാറ്റു ചെയ്യാന്‍ രാജസ്ഥാന്‍ മറക്കുകയായിരുന്നു. ഐപിഎല്‍ 15 ആം മത്സരത്തില്‍ 155 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാൻ മുന്നോട്ടുവെച്ചത്. രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. 39 പന്തില്‍ 47 റണ്‍സെടുത്ത മഹിപാല്‍ ലോമ്രോറാണ് ടീമിലെ ടോപ് സ്‌കോറര്‍. മറുഭാഗത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹാലാണ് ബാംഗ്ലൂരിന് മേല്‍ക്കൈ സമ്മാനിച്ചത്. ഇസുരു ഉഡാന രണ്ടും നവ്ദീപ് സെയ്‌നി ഒരു വിക്കറ്റും കൈക്കലാക്കി.

കഴിഞ്ഞമത്സരത്തിന് സമാനമായി തകര്‍ച്ചയോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണയും ബാറ്റിങ് ആരംഭിച്ചത്. പവര്‍പ്ലേ അവസാനിക്കും മുന്‍പുതന്നെ സ്മിത്ത്, ബട്‌ലര്‍, സഞ്ജു ത്രയം ക്യാംപില്‍ തിരിച്ചെത്തി. ഇതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലേക്കും കടന്നു. ഇസുരു ഉഡാനയ്ക്കാണ് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ്. ബട്‌ലറെ നവ്ദീപ് സെയ്‌നി ക്യാച്ചില്‍ കുടുക്കി. യുസ്‌വേന്ദ്ര ചഹാലിന് മുന്നിലാണ് സഞ്ജു സാംസണ്‍ കീഴടങ്ങിയത്. ശേഷം റോബിന്‍ ഉത്തപ്പ - മഹിപാല്‍ ലോമ്രോര്‍ സഖ്യത്തിനായി ടീമിനെ കരകയറ്റേണ്ട ചുമതല. ഇരുവരും സാവധാനമാണ് ബാറ്റുവീശിയത്. ഇതോടെ 10 ഓവറില്‍ 70 റണ്‍സ് നേടാനേ രാജസ്ഥാന് കഴിഞ്ഞുള്ളൂ. 11 ആം ഓവറില്‍ ചഹാലിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച് ഉത്തപ്പയും (17) കൂടി പുറത്തായതോടെ രാജസ്ഥാന്‍ ഇന്നിങ്‌സ് ഇഴഞ്ഞു.

15 ആം ഓവറിന് ശേഷമാണ് ആക്രമിച്ചു കളിക്കാനുള്ള ശ്രമംതന്നെ രാജസ്ഥാന്‍ നടത്തിയത്. എന്നാല്‍ ഇതേ ഓവറില്‍ത്തന്നെ റിയാന്‍ പരാഗിനെയും (16) ടീമിന് നഷ്ടമായി. ഇസുരു ഉഡാനായണ് താരത്തെ മടക്കിയത്. തൊട്ടുപിന്നാലെ ക്രീസില്‍ താളംകണ്ടെത്തിയ ലോമ്രോറും ചഹാലിന് മുന്നില്‍ കീഴടങ്ങി. അര്‍ധ സെഞ്ച്വറിക്ക് 3 റണ്‍സ് അകലെ വെച്ചായിരുന്നു ലോമ്രോറിന്റെ മടക്കം. അവസാന ഓവറുകളില്‍ ജോഫ്ര ആര്‍ച്ചറും (16) രാഹുല്‍ തെവാട്ടിയയും (24) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിനെ 154 റണ്‍സില്‍ കൊണ്ടെത്തിച്ചത്.
ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
രാജസ്ഥാന്‍ റോയല്‍സ്:
ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റീവ് സ്മിത്ത് (നായകന്‍), സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, മഹിപാല്‍ ലോമ്രോര്‍, ടോം കറന്‍, ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഘട്ട്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:
ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി (നായകന്‍), എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ശിവം ദൂബെ, ഗുര്‍കീറത്ത് സിങ് മന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, നവ്ദീപ് സെയ്‌നി, ആദം സാംപ, യുസ്‌വേന്ദ്ര ചഹാല്‍.