IPL 2020: ഗെയ്‌ലിന്റെ മടങ്ങിവരവ് എങ്ങനെ ടീമിനെ സ്വാധീനിച്ചു, മുരുകന്‍ അശ്വിന്‍ പറയുന്നു
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ആര്‍സിബിയെ എട്ട് വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ബാറ്റിങ് നിരയുടെ പ്രകടനമാണ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ക്രിസ് ഗെയ്ല്‍ ടീമിലേക്ക് തിരിച്ചെത്തി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഗെയ്‌ലിന്റെ മടങ്ങിവരവ് പഞ്ചാബിനെ എങ്ങനെ സ്വാധീനിച്ചുവെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പഞ്ചാബിന്റെ സ്പിന്‍ ബൗളറായ മുരുകന്‍ അശ്വിന്‍. 'വിജയം നേടാനായത് സന്തോഷകരമായ കാര്യമാണ്. ക്രിസ് ഗെയ്‌ലിന്റെ മടങ്ങിവരവ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ഞങ്ങള്‍ തോല്‍ക്കുമ്പോഴും ടീം ക്യാപ് ഉന്മേഷത്തില്‍ത്തന്നെയാണ്. ഞങ്ങളുടെ ടീം സ്പിരിറ്റിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വിജയം വരും മത്സരങ്ങളിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ'-മുരുകന്‍ അശ്വിന്‍ പറഞ്ഞു.

ആര്‍സിബിക്കെതിരേ പഞ്ചാബിന്റെ ബൗളിങ് നിരയുടെ പ്രകടനവും മികച്ചതായിരുന്നു. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ബൗളിങ് നിര ഉയര്‍ന്നതാണ് ഷാര്‍ജയിലെ ചെറിയ മൈതാനത്തും ആര്‍സിബിയുടെ ടീം സ്‌കോറിനെ 171 എന്ന സ്‌കോറിലേക്ക് ഒതുക്കാനായത്. മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനമാണ് അശ്വിനും കാഴ്ചവെച്ചത്. നാല് ഓവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ആരോണ്‍ ഫിഞ്ചിനെ ക്ലീന്‍ബൗള്‍ഡ് ചെയ്ത പന്ത് മനോഹരമായിരുന്നു. കൂടാതെ എബിഡിക്ക് പകരം നാലാം നമ്പറിലെത്തിയ വാഷിങ്ടണ്‍ സുന്ദറിനെയും അശ്വിന്‍ പുറത്താക്കി.
തന്റെ ബൗളിങ് പ്രകടനത്തെക്കുറിച്ചും അശ്വിന്‍ പ്രതികരിച്ചു. കൃത്യമായി ലെങ്തില്‍ പന്തെറിയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചെറിയ മൈതാനത്ത് ലെങ്ത് നഷ്ടപ്പെട്ടാല്‍ സിക്‌സ് വഴങ്ങേണ്ടിവരും. അഞ്ച് പന്തുകള്‍ നന്നായി എറിഞ്ഞ് ഒരു പന്തില്‍ സിക്‌സര്‍ നേടിയാല്‍ അത് ആ ഓവറിന്റെ മികവിനെ തകര്‍ക്കുമെന്നും അശ്വിന്‍ പറഞ്ഞു. പല മത്സരങ്ങളിലും വിജയത്തിനടുത്തെത്തിയാണ് പഞ്ചാബ് തോറ്റത്. ഇത്തവണ ബാറ്റിങ്-ബൗളിങ് നിരയുടെ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീസണിലെ ആദ്യ മത്സരം കളിച്ച ഗെയ്ല്‍ ഓപ്പണറായല്ല ആര്‍സിബിക്കെതിരേ ഇറങ്ങിയത്. കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും ഒന്നാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മൂന്നാമനായാണ് ഗെയ്ല്‍ ക്രീസിലെത്തിയത്. ആദ്യം ടൈമിങ് കണ്ടെത്താന്‍ പ്രയാസപ്പെട്ട ഗെയ്ല്‍ പതിയെ പഴയ പ്രതാപത്തിലേക്കെത്തി. 45 പന്തില്‍ 1 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന ഓവറില്‍ ഗെയ്ല്‍ റണ്ണൗട്ടാവുകയായിരുന്നു. പഞ്ചാബ് ഇത്രയും മത്സരങ്ങളില്‍ ഗെയ്‌ലിനെ കളിപ്പിക്കാതിരുന്നതിനെതിരേ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications