IPL 2020: സൂപ്പര്‍ ഓവറില്‍ കെഎല്‍ രാഹുലിന് 'പണികൊടുത്തത്' ഷൂസ്

3 പന്തുണ്ട് കൈയില്‍. ജയിക്കാന്‍ വേണ്ടത് 1 റണ്‍. ബാറ്റുചെയ്യുന്നതാകട്ടെ, സെഞ്ച്വറിക്കരികെ നില്‍ക്കുന്ന മായങ്ക് അഗര്‍വാളും. കണ്ണുംപൂട്ടി വീശിയാലും കിങ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസം ജയിക്കാവുന്ന സാഹചര്യം. എന്നിട്ടും കളി തോറ്റതെങ്ങനെയെന്ന് ആലോചിക്കുകയാണ് കെഎല്‍ രാഹുലും സംഘവും. നാലാം പന്തില്‍ മായങ്കിന് നേരെ ബൗണ്‍സറാണ് സ്റ്റോയിനസ് പരീക്ഷിച്ചത്. പുള്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും പന്തില്‍ ബാറ്റുതൊടുവിക്കാന്‍ മായങ്കിന് കഴിഞ്ഞില്ല. ഇതോടെ സമവാക്യം 2 പന്തില്‍ 1 റണ്ണെന്നായി.

സിംഗിള്‍ തടയണം; ഇതിനായി ബൗണ്ടറിക്കരികില്‍ നിന്ന ഫീല്‍ഡര്‍മാരെയെല്ലാം ശ്രേയസ് അയ്യര്‍ തിരിച്ചുവിളിച്ചു. ഡീപ്പില്‍ മാത്രം ഹെറ്റ്മയറെ ഡല്‍ഹി നായകന്‍ നിര്‍ത്തി. തൊട്ടടുത്ത പന്തില്‍ ഓഫ് സ്റ്റംപിന് വെളിയില്‍ വീണുകിട്ടിയ ഫുള്‍ ടോസ് അവസരം മായങ്ക് കൃത്യമായി ഇങ്ങേരുടെ കൈകളില്‍ എത്തിക്കുമെന്ന് ആരും കരുതിയില്ല. സമവാക്യം വീണ്ടും മാറി; 1 പന്തില്‍ 1 റണ്‍. തുടര്‍ന്നും പഞ്ചാബിനായിരുന്നു ജയസാധ്യത.

മൈതാനത്തിന്റെ ഏതുഭാഗത്തും പന്തിനെ തട്ടിയിട്ട് ഓടിയാല്‍ പഞ്ചാബിന് ജയിക്കാം. എന്നാല്‍ ജോര്‍ദനെയും ഫുള്‍ ടോസുകൊണ്ടാണ് സ്‌റ്റോയിനസ് എതിരിട്ടത്. പന്തിനെ മിഡ് വിക്കറ്റിലേക്ക് ജോര്‍ദന്‍ ഉയര്‍ത്തിയടിച്ചു. വായുവിലെത്തിയ പന്തിനെ കൈപ്പിടിയിലാക്കുന്നതില്‍ റബാദ യാതൊരു പിഴവും വരുത്തിയില്ല. തോല്‍വിയുടെ പടിവാതിക്കല്‍ നിന്നാണ് ഡല്‍ഹിയുടെ തിരിച്ചുവരവ്. സൂപ്പര്‍ ഓവറില്‍ കാര്യങ്ങള്‍ നേരെയാക്കാന്‍ പഞ്ചാബിന് വീണ്ടും അവസരമുണ്ടായിരുന്നു.

നായകന്‍ കെഎല്‍ രാഹുലാണ് ടീമിനായി ക്രീസിലെത്തിയത്. സൂപ്പര്‍ ഓവര്‍ സ്‌പെഷ്യലിസ്റ്റായ റബാദയ്ക്ക് എതിരെ മനസില്‍ ചില കണക്കുകൂട്ടലുകളും ഇദ്ദേഹം നടത്തി. അവനാഴിയില്‍ നിന്നും ഫുള്‍ ടോസാണ് റബാദ ആദ്യമെടുത്തത്. പാഡിലേക്ക് പറന്നെത്തിയ പന്തിനെ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്ക് പഞ്ചാബ് നായകന്‍ ദിശകാട്ടി. രണ്ടു റണ്‍സിനുള്ള സാവകാശം ഈ ഷോട്ട് സമ്മാനിച്ചു.

അടുത്ത പന്തില്‍ റബാദയെ തൂക്കിവെളിയിലണമെന്ന് രാഹുല്‍ ഉറപ്പിച്ചു. പക്ഷെ രാഹുലിന്റെ നീക്കം അവസാനനിമിഷം റബാദ മനസിലാക്കി. ക്രീസില്‍ നിന്നും ചുവടുമാറിയ ബാറ്റ്‌സ്മാനെതിരെ വേഗം കുറഞ്ഞ ബൗണ്‍സറാണ് റബാദ തിരഞ്ഞെടുത്തത്. ക്രീസില്‍ നിന്നും അപ്രതീക്ഷിതമായി മാറിനിന്നാല്‍ റബാദ കുഴങ്ങുമെന്ന് രാഹുല്‍ കരുതി. പക്ഷെ 'പളപളപ്പാര്‍ന്ന' മഞ്ഞ ഷൂസുകള്‍ താരത്തെ ചതിച്ചു. ക്രീസില്‍ നിന്നും മാറുകയാണെന്ന സൂചന ഓടിയടുത്തപ്പോഴേക്കും റബാദയ്ക്ക് കിട്ടി.

ക്രിക്കറ്റില്‍ പതിവായ വെള്ള നിറമുള്ള ഷൂസുകളാണ് പഞ്ചാബ് നായകന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ബൗളര്‍ ഇക്കാര്യം തിരിച്ചറിയാന്‍ വൈകുമായിരുന്നു. പൊതുവേ ഫ്‌ളഡ് ലൈറ്റ് വെളിച്ചവും ക്രീസിലെ വെള്ളവരയുമെല്ലാം കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ ഷൂസുകളുടെ ചലനം പിടിച്ചെടുക്കുക പാടാണ്. എന്നാല്‍ രാഹുലിന്റെ തിളക്കമാര്‍ന്ന മഞ്ഞ ഷൂസ് റബാദയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

മാറിനിന്ന് വീശാനാണ് രാഹുല്‍ തയ്യാറെടുക്കുന്നതെന്ന് കണ്ടതോടെ ഇദ്ദേഹത്തിന്റെ ശരീരത്തിന് നേരെ റബാദ പന്തെറിഞ്ഞു. റബാദയുടെ ബൗണ്‍സറില്‍ രാഹുല്‍ പകച്ചുപോയി. പുള്‍ ഷോട്ട് കളിച്ചെങ്കിലും പന്ത് ബാറ്റിന്റെ അറ്റത്ത് തട്ടി വായുവില്‍ ഉയര്‍ന്നു. ഡീപ് സ്‌ക്വയര്‍ ലെഗില്‍ നിന്ന അക്‌സര്‍ പട്ടേലിന് അനായാസ ക്യാച്ച് സമ്മാനിച്ചാണ് കെഎല്‍ രാഹുല്‍ സൂപ്പര്‍ ഓവറില്‍ നിന്ന് മടങ്ങിയത്. പിന്നാലെ വന്ന നിക്കോളസ് പൂരന്‍ 'കാടന്‍ വീശിന്' പോയപ്പോള്‍ സ്റ്റംപ് തെറിപ്പിക്കാന്‍ റബാദയ്ക്ക് ഏറെ പണിപ്പെടേണ്ടി വന്നില്ല. ഇതോടെ 2 റണ്‍സില്‍ ഒതുങ്ങി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പോരാട്ടം. മറുപടി ബാറ്റിങ്ങില്‍ റിഷഭ് പന്ത് അനായാസം ടീമിന് വിജയം സമ്മാനിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: ipl 2020
Story first published: Monday, September 21, 2020, 1:49 [IST]
Other articles published on Sep 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X