IPL 2020: പഞ്ചാബ് X ഹൈദരബാദ്- അറിഞ്ഞിരിക്കണം ഈ കളിക്കണക്കുകള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരബാദും നേര്‍ക്കുനേര്‍. സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളാണ് പഞ്ചാബും ഹൈദരാബാദും. ആദ്യ അഞ്ച് മത്സരത്തില്‍ ഒരു ജയം മാത്രമാണ് പഞ്ചാബിന് നേടാനായത്. ഹൈദരാബാദ് രണ്ട് മത്സരവും വിജയിച്ചു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഇന്നത്തെ ജയം അനിവാര്യമാണ്. ഹൈദരബാദിനും വിജയം അനിവാര്യമായിരിക്കെ തകര്‍പ്പന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും നേര്‍ക്കുനേര്‍ 14 തവണ പോരടിച്ചപ്പോള്‍ 10 തവണയും ജയം ഹൈദരാബാദിനായിരുന്നു. നാല് തവണ മാത്രമാണ് പഞ്ചാബ് വിജയിച്ചത്. 2014ല്‍ യുഎഇയില്‍ നടന്ന മത്സരത്തില്‍ ഹൈദരബാദിനെ തോല്‍പ്പിക്കാന്‍ പഞ്ചാബിന് സാധിച്ചിരുന്നു. നിലവിലെ താരസമ്പന്നത പരിഗണിക്കുമ്പോള്‍ ഹൈദരബാദിനെക്കാള്‍ ഒരുപടി മുന്നില്‍ പഞ്ചാബാണ്. ഇന്ന് ക്രിസ് ഗെയ്‌ലും മുജീബുര്‍ റഹ്മാനും പഞ്ചാബ് നിരയില്‍ ഇടം പിടിച്ചേക്കും. കെ എല്‍ രാഹുല്‍ നായകനെന്ന നിലയില്‍ മെച്ചപ്പെടേണ്ടതും പഞ്ചാബിന് അത്യാവശ്യമാണ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ കണക്കുകളില്‍ നിലവിലെ താരങ്ങളില്‍ പഞ്ചാബിനെതിരേ കൂടുതല്‍ റണ്‍സുള്ള ഹൈദരബാദ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറാണ് (574).2019 സീസണിലെ ഓറഞ്ച് ക്യാപ് ജേതാവായ വാര്‍ണര്‍ക്ക് പക്ഷെ ഇത്തവണ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഓപ്പണിങ്ങില്‍ വാര്‍ണര്‍-ബെയര്‍സ്റ്റോ സഖ്യം നിറം മങ്ങുന്നതാണ് ഹൈദരാബാദിന്റെ പ്രധാന പ്രശ്‌നം. പഞ്ചാബ് നിരയില്‍ കൂടുതല്‍ റണ്‍സ് കെ എല്‍ രാഹുലിന്റെ (200) പേരിലാണ്. 5 മത്സരത്തില്‍ നിന്ന് 302 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നിലവില്‍ മുന്നിലുള്ളത് രാഹുലാണ്. ഇത്തവണ ഒരു സെഞ്ച്വറിയും രാഹുല്‍ അക്കൗണ്ടിലാക്കിക്കഴിഞ്ഞു.

പഞ്ചാബിനെതിരേ കൂടുതല്‍ വിക്കറ്റുള്ള ഹൈദരാബാദ് താരം റാഷിദ് ഖാനാണ് (11). ഇത്തവണ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ റാഷിദ് പിശുക്ക് കാട്ടുന്നുണ്ടെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ പഴയ മിടുക്ക് കാട്ടാനാകുന്നില്ല. പഞ്ചാബ് നിരയില്‍ ഗ്ലെന്‍ മാക്‌സ് വെല്‍, മുഹമ്മദ് ഷമി (3) എന്നിവര്‍ക്കാണ് കൂടുതല്‍ വിക്കറ്റ്. കൂടുതല്‍ ക്യാച്ച് നേടിയ ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറും (8) പഞ്ചാബ് താരം മായങ്ക് അഗര്‍വാളും ഗ്ലെന്‍ മാക്‌സ് വെല്ലും കരുണ്‍ നായരുമാണ് (2).പഞ്ചാബിനെതിരേ ഹൈദരബാദിന്റെ ശരാശരി ടീം സ്‌കോര്‍ 164 റണ്‍സും പഞ്ചാബിന്റെ ശരാശരി ടീം സ്‌കോര്‍ 160 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഐപിഎല്ലില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഹൈദരബാദിന്റെ മനീഷ് പാണ്ഡെയ്ക്ക് വേണ്ടത് 10 റണ്‍സ്. മികച്ച ഫോമിലുള്ള താരം ഇന്ന് ഈ നേട്ടം സ്വന്തമാക്കിയേക്കും. ഹൈദരബാദിനായി 3500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ നായകന്‍ വാര്‍ണര്‍ക്ക് വേണ്ടത് 54 റണ്‍സ്. പഞ്ചാബ് പേസര്‍ മുഹമ്മദ് ഷമി ഇന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയാല്‍ 50 ഐപിഎല്‍ വിക്കറ്റ് ക്ലബ്ബിലെത്തും. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ 9 സിക്‌സ് നേടിയാല്‍ 100 സിക്‌സുകള്‍ എന്ന നേട്ടത്തിലെത്താന്‍ സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications