IPL 2020: പഞ്ചാബ് x ഹൈദരാബാദ്- നിലനില്‍പ്പിനായുള്ള പോരാട്ടത്തിലെ കളി കണക്കുകള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍ എത്തുകയാണ്. ഇരു കൂട്ടര്‍ക്കും ഇന്ന് ജയം അത്യാവശ്യമാണെന്നതിനാല്‍ത്തന്നെ പോരാട്ടം കടുക്കും. തുടര്‍ തോല്‍വികള്‍ക്ക് ശേഷം അവസാന മൂന്ന് മത്സരങ്ങളിലും ഗംഭീര ജയം സ്വന്തമാക്കി പഞ്ചാബ് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ ജയം അനിവാര്യമായ മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
പഞ്ചാബും ഹൈദരബാദും ഇതുവരെ 15 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 11 തവണയും ജയം ഹൈദരാബാദ് നേടിയപ്പോള്‍ നാല് മത്സരങ്ങളില്‍ പഞ്ചാബും വിജയം സ്വന്തമാക്കി. സീസണില്‍ ആദ്യം നേരിട്ടപ്പോള്‍ പഞ്ചാബിനെ വീഴ്ത്താന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു. എന്നാല്‍ അന്നത്തെ ടീമില്‍ നിന്ന് പഞ്ചാബ് പ്രകടനംകൊണ്ട് ഏറെ മെച്ചപ്പെട്ടതിനാല്‍ത്തന്നെ ഹൈദരാബാദിന് അത്ര എളുപ്പം വിജയിക്കാന്‍ കഴിയില്ല. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അല്‍പ്പം മുന്‍തൂക്കം പഞ്ചാബിനാണ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ പഞ്ചാബിനുവേണ്ടി കൂടുതല്‍ റണ്‍സുള്ള നിലവിലെ താരം ലോകേഷ് രാഹുലാണ് (211). സീസണില്‍ ഗംഭീര ഫോമിലുള്ള രാഹുലിന്റെ ബാറ്റിങ് മികവാണ് പഞ്ചാബിന്റെ നട്ടെല്ല്. നിലവില്‍ 540 റണ്‍സ് രാഹുലിന്റെ പേരിലുണ്ട്. ഹൈദരാബാദ് ഭയക്കുന്നതും രാഹുലിന്റെ ഈ ബാറ്റിങ് മികവിനെ ആയിരിക്കും. ഹൈദരാബാദ് നിരയില്‍ ഡേവിഡ് വാര്‍ണര്‍ (626) ആണ് മുന്നില്‍. എന്നാല്‍ ഈ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചിട്ടില്ല. പഞ്ചാബിനുവേണ്ടി കൂടുതല്‍ വിക്കറ്റ് മുഹമ്മദ് ഷമിയും (4) ഹൈദരാബാദിനുവേണ്ടി കൂടുതല്‍ വിക്കറ്റ് റാഷിദ് ഖാനുമാണ് വീഴ്ത്തിയത്. പേസ് ബൗളിങ്ങുകൊണ്ട് ഷമി വിസ്മയിപ്പിക്കുമ്പോള്‍ റാഷിദ് ഖാനും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പഞ്ചാബിനുവേണ്ടി കൂടുതല്‍ ക്യാച്ച് ഗ്ലെന്‍ മാക്‌സ്‌വെല്ലും (4) ഹൈദരാബാദിനുവേണ്ടി ഡേവിഡ് വാര്‍ണറുമാണ് (9) നേടിയിരിക്കുന്നത്. ഹൈദരാബാദിനെതിരേ പഞ്ചാബിന്റെ ശരാശരി സ്‌കോര്‍ 158 റണ്‍സും ഹൈദരാബാദിന്റെ ശരാശരി സ്‌കോര്‍ 167 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ക്രിസ് ഗെയ്ല്‍ 36 റണ്‍സ് നേടിയാല്‍ പഞ്ചാബിനുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കും. 41ാം വയസിലും ഉജ്ജ്വല ഫോമിലാണ് ഗെയ്ല്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍ 13 റണ്‍സ് കൂടി നേടിയാല്‍ 1500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാനാവും. ഉജ്ജ്വല ഫോമിലുള്ള മനീഷ് പാണ്ഡെ 77 റണ്‍സ് നേടിയാല്‍ ഹൈദരാബാദിനുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കും. 100 ഐപിഎല്‍ വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടാന്‍ 1 വിക്കറ്റ് മാത്രമാണ് സന്ദീപ് ശര്‍മക്ക് വേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications