ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും കരുത്തുറ്റ നിരയുമായി എത്തിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് സാധിച്ചില്ല. എട്ട് മത്സരം കളിച്ച പഞ്ചാബ് ആകെ നേടിയത് രണ്ട് ജയം മാത്രമാണ്. രണ്ട് തവണയും ആര്‍സിബിയെയാണ് പഞ്ചാബ് തോല്‍പ്പിച്ചതെന്നതാണ് ശ്രദ്ധേയം. രണ്ടാം ഘട്ടത്തില്‍ വിജയത്തോടെ തുടങ്ങിയ പഞ്ചാബ് തിരിച്ചുവരവ് പ്രതീക്ഷയിലാണ്.
നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് പഞ്ചാബ്. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ പഞ്ചാബ് ഒരിക്കലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരികില്ലെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍. 'എന്റെ നെഞ്ചിടിപ്പിന്റെ വേഗത്തെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു. എനിക്ക് പറയാന്‍ വാക്കുകളില്ല. പോയിന്റ് ടേബില്‍ ഇതിനെക്കാള്‍ മികച്ച നില അര്‍ഹിക്കുന്ന ടീമാണ് ഞങ്ങളുടേത്.എന്നാല്‍ വിജയത്തിനായൊരു തടസം ഉണ്ടായിരുന്നു. അത് മറികടക്കാന്‍ സാധിച്ചതില്‍ സന്തോഷം.
ഒരു ടീമെന്ന നിലയില്‍ തുടര്‍ തോല്‍വികള്‍ വളരെ നിരാശയുണ്ടാക്കി. അത് വളരെ അലോസരം സൃഷ്ടിക്കുന്ന കാര്യമായിരുന്നു. മികച്ച പ്രതിഭയുണ്ടെങ്കിലും അത് മുതലാക്കുന്നതില്‍ പരാജയപ്പെടുന്നു. ഉയര്‍ച്ചയും താഴ്ച്ചയും സ്വാഭാവികമാണ്. എന്നാല്‍ ആര്‍സിബിക്കെതിരായ ജയം ഞങ്ങള്‍ക്ക് അത്യാവശ്യമായിരുന്നു. കാരണം ഈ ജയം വലിയ ആത്മവിശ്വാസമാണ് ടീമില്‍ ഉണ്ടാക്കിയിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി പഞ്ചാബ് ഉണ്ടാകില്ല'-രാഹുല്‍ പറഞ്ഞു.

ആര്‍സിബിക്കെതിരേ അവസാന പന്ത് വരെ വിജയം നീട്ടിക്കൊണ്ടുപോയതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ കളി തീര്‍ക്കാമായിരുന്നെങ്കിലും അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിച്ച് അവസാന പന്തുവരെ വിജയം നീട്ടിക്കൊണ്ടുപോയ പഞ്ചാബിന്റെ ബാറ്റിങ്ങിനെ മുന്‍ പഞ്ചാബ് താരവും പരിശീലകനുമായ വീരേന്ദര്‍ സെവാഗും വിമര്‍ശിച്ചിരുന്നു.
ക്രിസ് ഗെയ്‌ലിന്റെ മടങ്ങിവരവ് പഞ്ചാബിന്റെ ടീം കരുത്തിനെ ഉയര്‍ത്തിയിട്ടുണ്ട്. ബൗളിങ് നിരയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത് ടീമിന് വലിയ ആശ്വാസമാവും. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ ഒരു പക്ഷേ പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താം. അല്ലാത്ത പക്ഷം ഇത്രയും മികച്ച ടീമുണ്ടായിട്ടും തോല്‍ക്കേണ്ടി വന്നതിന്റെ നാണക്കേടോടെ കളം വിടേണ്ടി വരും. രാഹുലിന്റെ നായകനെന്ന നിലയിലെ പ്രകടനത്തിനെതിരേയും വിമര്‍ശനം ശക്തമാണ്. എന്നാല്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ്ങുമായി വിമര്‍ശകരുടെ വായടപ്പിക്കാന്‍ രാഹുലിന് സാധിക്കുന്നുണ്ട്.