ദില്ലി: ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിന്റെ തലവര വരെ മാറ്റാന്‍ ശേഷിയുള്ള ഒരു താരം ഉണ്ടാകുമെന്ന് ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍. ലോകേഷ് രാഹുലാണ് ആ താരമെന്ന് ഗവാസ്‌കര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമാണ് രാഹുല്‍. 14 മത്സരങ്ങളില്‍ നിന്ന് 593 റണ്‍സാണ് രാഹുല്‍ അടിച്ച് കൂട്ടിയത്. അതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറില്‍ അദ്ദേഹം സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇത്തവണത്തെ ഐപിഎല്ലില്‍ രാഹുല്‍ ഗംഭീരമായി കളിച്ചാല്‍, അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി മാറുമെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അമ്പരിപ്പിക്കുന്ന പ്രവചനമാണിത്.

രാഹുല്‍ ഈ ഐപിഎല്ലില്‍ ഒരുപാട് റണ്‍സടിക്കാന്‍ സാധ്യതയുള്ള താരമാണ്. ഉത്തരവാദിത്തം നല്‍കുന്നതിനനുസരിച്ച് കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയുന്ന താരമാണ് രാഹുല്‍. ഒരു ടീമിനെ നയിക്കാന്‍ കെല്‍പ്പുണ്ടെന്ന് തെളിയിക്കാന്‍ രാഹുലിന് ഈ സീസണ്‍ അവസരമൊരുക്കും. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. പഞ്ചാബ് കിരീടം നേടിയാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ രാഹുലിനായിരിക്കും. പഞ്ചാബിനെ എങ്ങനെ രാഹുല്‍ മുന്നോട്ട് നയിക്കുമെന്നതിനെ ആശ്രയിച്ചരിക്കും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവ് വിലയിരുത്തപ്പെടുക. അവിടെ അദ്ദേഹത്തിന് തിളങ്ങാനായാല്‍, ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി വരെ മാറുമെന്നും ഗവാസ്‌കര്‍ പ്രവചിച്ചു.
രാഹുല്‍ ഏറ്റവും പ്രതിഭയുള്ള താരമാണ്. ഇന്ത്യന്‍ ടീമിലെ എല്ലാവരെയും പിന്തള്ളി ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹം മാറുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. പഞ്ചാബിന്റെ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ പിന്തുണയും രാഹുലിനുണ്ട്. ഇന്ത്യന്‍ ടീമിനെ നയിക്കാനും മികച്ച പ്രകടനം നടത്താനും ടീമില്‍ നിരവധി താരങ്ങളുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ എന്നിവര്‍ ടീമില്‍ മികച്ച പ്രകടനം നടത്തുന്നവരാണ്. എന്നാല്‍ ഭാവിയില്‍ ഒരു മാറ്റം വന്നാല്‍ രാഹുല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഓപ്ഷനുകളിലൊന്നായിരിക്കും. ഉറപ്പായും അദ്ദേഹം ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും മാറും. ഈ ടൂര്‍ണമെന്റ് പഞ്ചാബിന്റെ ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന് ഒരുപാട് തെളിയിക്കാനുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം ഐപിഎല്ലില്‍ പഞ്ചാബിന്റെ ആദ്യ മത്സരം നാളെയാണ്. ദില്ലി ക്യാപിറ്റല്‍സാണ് എതിരാളി. കഴിഞ്ഞ തവണ തുടര്‍ച്ചയായ ജയങ്ങള്‍ തുടക്കത്തില്‍ പഞ്ചാബ് നേടിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ തോല്‍വികളിലൂടെ പഞ്ചാബ് അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. ഒടുവില്‍ സെമിയില്‍ എത്താതെ ടീം പുറത്താവുകയും ചെയ്തു. കഴിഞ്ഞ തവണ രവിചന്ദ്രന്‍ അശ്വിനായിരുന്നു പഞ്ചാബിനെ നയിച്ചിരുന്നത്. ഇത്തവണ അശ്വിന്‍ പഞ്ചാബിനൊപ്പമില്ല. ക്രിസ് ഗെയിലും ഗ്ലെന്‍ മാക്‌സ്‌വെല്ലും അടക്കമുള്ള താരങ്ങള്‍ പഞ്ചാബിലുണ്ട്. അതുകൊണ്ട് രാഹുല്‍ വളരെ പ്രതീക്ഷയോടെയാണ് ടീമിനെ നയിക്കുന്നത്.