IPL 2020: കെകെആര്‍ X ഹൈദരാബാദ്- അറിഞ്ഞിരിക്കേണ്ട കളി കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രണ്ട് മുന്‍ ചാമ്പ്യന്മാര്‍ നേര്‍ക്കുനേര്‍. രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുമ്പോള്‍ ഇരുകൂട്ടര്‍ക്കും ജയം അനിവാര്യം. കാരണം ആദ്യ മത്സരത്തില്‍ തോറ്റാണ് ഇരുവരും രണ്ടാം മത്സരത്തിനെത്തുന്നത്. രണ്ട് ടീമുകളും താരസമ്പന്നമാണ്. എങ്കിലും ടി20 താരങ്ങളെ പരിഗണിക്കുമ്പോള്‍ അല്‍പ്പം മുന്‍തൂക്കം കൊല്‍ക്കത്തയ്ക്ക് തന്നെ. ഇരു ടീമും തമ്മിലുള്ള പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

മുഖാമുഖം കണക്കില്‍ കെകെആര്‍
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുന്‍തൂക്കം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തന്നെയാണ്. ഇരു ടീമും 17 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം കെകെആറിനായിരുന്നു. ഏഴ് തവണ ഹൈദരാബാദും വിജയിച്ചിരുന്നു. 2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ യുഎഇയിലെ കണക്കിലെ ആധിപത്യം ഇരു കൂട്ടര്‍ക്കുമില്ല. 2014ലെ ഐപിഎല്‍ ചാമ്പ്യന്മാര്‍ കെകെആറായിരുന്നു. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഇരു ടീമിന്റെയും ബാറ്റിങ് നിര രണ്ടാം മത്സരത്തില്‍ ഫോം കണ്ടെത്തിയാല്‍ മികച്ച മത്സരം തന്നെ കാണാനാവും.

ഡേവിഡ് വാര്‍ണറില്‍ പ്രതീക്ഷ
നിലവിലെ ഹൈദരാബാദ് താരങ്ങളില്‍ കെകെആറിനെതിരേ കൂടുതല്‍ റണ്‍സുള്ള ഹൈദരാബാദ് താരം നായകന്‍ ഡേവിഡ് വാര്‍ണറാണ്. 533 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തിട്ടുള്ളത്. മറുവശത്ത് 126 റണ്‍സുള്ള നിധീഷ് റാണയാണ് കെകെആര്‍ നിരയില്‍ മുന്നില്‍. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ വാര്‍ണര്‍ അബുദാബിയില്‍ ഇന്ന് തിളങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം.

കെകെആറിനെതിരേ കൂടുതല്‍ വിക്കറ്റ് നേടിയ നിലവിലെ ഹൈദരാബാദ് താരം ഭുവനേശ്വര്‍ കുമാറാണ് (19). കെകെആര്‍ നിരയില്‍ കുല്‍ദീപ് യാദവും സുനില്‍ നരെയ്‌നുമാണ് (10) ഇക്കാര്യത്തില്‍ മുന്നില്‍. ഹൈദരാബാദിനെതിരേ കെകെആറിന്റെ ശരാശരി ടീം സ്‌കോര്‍ 149 റണ്‍സും ഹൈദരാബാദിന്റെ ടീം സ്‌കോര്‍ 156 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഇന്നത്തെ മത്സരത്തിലൂടെ ചില നേട്ടങ്ങളും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. കെകെആറിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസല്‍ 89 റണ്‍സ് നേടിയാല്‍ ഐപിഎല്ലില്‍ 1500 റണ്‍സ് ക്ലബ്ബില്‍ ഇടം നേടും. ഹൈദരാബാദ് ബൗളര്‍ സിദ്ധാര്‍ത്ഥ് കൗള്‍ 1 വിക്കറ്റ് കൂടി നേടിയാല്‍ 50 ഐപിഎല്‍ വിക്കറ്റ് പൂര്‍ത്തിയാക്കാം. ഐപിഎല്ലില്‍ അഞ്ച് സിക്‌സര്‍ കൂടി നേടിയാല്‍ 50 ഐപിഎല്‍ സിക്‌സെന്ന നേട്ടത്തിലെത്താന്‍ കെകെആര്‍ ഓപ്പണര്‍ സുനില്‍ നരെയ്‌ന് സാധിക്കും. ഹൈദരാബാദ് പേസര്‍ സന്ദീപ് ശര്‍മ അഞ്ച് വിക്കറ്റ്കൂടി നേടിയാല്‍ ഐപിഎല്ലില്‍ 100 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications