
ഒത്തിണക്കമില്ലാതെ ഹൈദരാബാദ്
ഈ സീസണില്‍ ഹൈദരബാദിനെ അലട്ടുന്ന പ്രധാന പ്രശ്‌നം ഒത്തിണക്കമില്ലായ്മയാണ്. ടീമെന്ന നിലയില്‍ അവര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്നില്ല. നായകന്‍ ഡേവിഡ് വാര്‍ണറുടെ സ്ഥിരതയില്ലായ്മയും ടീമിനെ പ്രതിസന്ധിയിലാക്കുന്നു. 2019ലെ ഓറഞ്ച് ക്യാപ് നേടിയ വാര്‍ണര്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഓപ്പണിങ്ങില്‍ വാര്‍ണര്‍-ജോണി ബെയര്‍സ്‌റ്റോ കൂട്ടുകെട്ട് മികവുകാട്ടേണ്ടത് ടീമിന് അത്യാവശ്യമാണ്. പവര്‍പ്ലേ അവസാനിക്കുന്നവരെയെങ്കിലും ഒന്നാം വിക്കറ്റ് കാത്ത് സൂക്ഷിക്കാന്‍ ഹൈദരാബാദിന് സാധിക്കണം. മനീഷ് പാണ്ഡെയ്ക്കും സ്ഥിരതയില്ല. ചില മികച്ച പ്രകടനങ്ങള്‍ കണ്ടെങ്കിലും അത് തുടരാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.

കെയ്ന്‍ വില്യംസണ്‍ മാത്രമാണ് വിശ്വസ്തന്‍. മധ്യനിരയില്‍ ഓള്‍റൗണ്ടറായി വിജയ് ശങ്കറിനെ പരിഗണിക്കുന്നത് ടീമിനുതന്നെ തിരിച്ചടി നല്‍കുന്ന തീരുമാനമാണ്. സമീപകാലത്തൊന്നും വിജയ് ശങ്കര്‍ തിളങ്ങിയിട്ടില്ല. റാഷിദ് ഖാന്‍ സ്പിന്‍ ബൗളിങ്ങില്‍ ശോഭിക്കുന്നു. ടി നടരാജന്‍,ഖലീല്‍ അഹമ്മദ്,സന്ദീപ് ശര്‍മ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും തരക്കേടില്ല. ബാറ്റിങ് നിര സ്ഥിരത കണ്ടെത്തിയാല്‍ പ്ലേ ഓഫ് പ്രതീക്ഷ ഇപ്പോഴും ഹൈദരാബാദിന് സജീവമാണ്. അവസാന മത്സരത്തില്‍ ആര്‍സിബിയോട് 10 റണ്‍സിന് തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്.

വിജയവഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇന്ന് വിജയം അഭിമാന പ്രശ്‌നമാണ്. ഇയാന്‍ മോര്‍ഗന്‍ കാര്‍ത്തികിന് പകരം നായകനായിട്ടും നില മെച്ചപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ വലിയ വിമര്‍ശനം തന്നെ ടീം നേരിടേണ്ടി വരും. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ ക്ഷീണത്തിലാണ് കെകെആര്‍ ഇറങ്ങുന്നത്. മികച്ച താരനിരയുണ്ടെങ്കിലും ആര്‍ക്കും ഫോമില്ലാത്തതാണ് പ്രധാന പ്രശ്‌നം. രാഹുല്‍ ത്രിപതി ഓപ്പണിങ്ങില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഓപ്പണറെന്ന നിലയില്‍ ശുബ്മാന്‍ ഗില്ലിന്റെ മെല്ലപ്പോക്ക് ചര്‍ച്ചയാവുന്നുണ്ട്.

നിധീഷ് റാണ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ടോപ് ഓഡറില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. മധ്യനിരയില്‍ ആന്‍ഡ്രേ റസല്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതും ടീമിന് വലിയ തിരിച്ചടിയാകുന്നു. പേസ് ബൗളിങ് നിരയും ടീമിന്റെ തലവേദനയാണ്. പാറ്റ് കമ്മിന്‍സ് ബാറ്റുകൊണ്ട് തിളങ്ങുമ്പോഴും പന്തുകൊണ്ട് നിരാശപ്പെടുത്തുന്നു. പ്രസിദ്ധ് കൃഷ്ണ,ശിവം മാവി,കമലേഷ് നാഗര്‍കോട്ടി എന്നിവരും ശരാശരി മാത്രമാണ്. അതിനാല്‍ ഇന്ന് ക്രിസ് ഗ്രീനിന് പകരം ലോക്കി ഫെര്‍ഗൂസന്‍ കളിച്ചേക്കും. സുനില്‍ നരെയ്ന്‍ ഇന്നും കളിക്കുന്ന കാര്യം സംശയമാണ്.

സാധ്യതാ ഇലവന്‍
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ഷഹബാസ് നദീം, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ, ടി നടരാജന്‍
കെകെആര്‍: ശുബ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാതി, നിധീഷ് റാണ, ഇയാന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ.


Click it and Unblock the Notifications