Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ക്രിക്കറ്റില്‍ മാത്രമല്ല സിനിമയിലും സ്റ്റാറാ- വരുണ്‍ ചക്രവര്‍ത്തി അഭിനയിച്ച സിനിമയെ അറിയാം

ദുബായ്: ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ഉയര്‍ന്നുവന്ന താരമാണ് വരുണ്‍ ചക്രവര്‍ത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ വരുണ്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ഐപിഎല്ലിലെത്തിയ താരം ഈ സീസണിലാണ് ഏറ്റവും കൂടുതല്‍ ശോഭിച്ചത്. ഇത്തവണത്തെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിലേക്കും വരുണിന് വിളിയെത്തി. ആരാധകരുടെ ഇടയില്‍ താരമായിക്കഴിഞ്ഞ വരുണ്‍ സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ടെന്നുള്ളതാണ് രസകരമായ സംഭവം.

2014ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമയായ ജീവയിലാണ് വരുണ്‍ അഭിനയിച്ചത്. വിഷ്ണു വിശാലും ശ്രീ ദിവ്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിക്കറ്റുമായി ബന്ധപ്പെട്ട സിനിമയാണിത്. പണത്തിന്റെ സ്വാധീനത്താല്‍ അര്‍ഹിച്ചവന് ക്രിക്കറ്റ് ടീമില്‍ സ്ഥാനം നഷ്ടപ്പെടുന്നുവെന്ന പ്രമേയം പറഞ്ഞ ചിത്രം ശരാശരി വിജയമായിരുന്നു. ചിത്രത്തില്‍ നായകന്‍ ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ സഹ താരമായാണ് വരുണ്‍ സിനിമയില്‍ മുഖം കാണിച്ചത്. അന്ന് വരുണ്‍ ചക്രവര്‍ത്തിയെന്ന ക്രിക്കറ്റ് താരത്തെ ആരും തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോള്‍ വരുണിന്റെ പഴയ ചിത്രത്തിന്റെ വിവരങ്ങള്‍ തിരയുകയാണ് ആരാധകര്‍.

varunchakravarthy

സ്പിന്നര്‍ ബൗളറായി മാറിയതിന് പിന്നില്‍ രസകരമായ കാര്യങ്ങള്‍ തന്നെ വരുണ്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സ്‌കൂള്‍ സമയത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു വരുണ്‍. എന്നാല്‍ പിന്നീട് മീഡിയം പേസറെന്ന നിലയിലേക്ക് മാറി. പിന്നീട് ജീവിത സാഹചര്യങ്ങളും കരിയറും മുന്നില്‍ക്കണ്ട് പ്രൊഫഷണല്‍ ജോലിയിലേക്ക് വരുണ്‍ തിരിഞ്ഞു. എന്നാല്‍ സാമ്പത്തികമായി വല്ലാതെ ബുദ്ധിമുട്ട് നേരിട്ടതോടെ ക്രിക്കറ്റ് കരിയറാക്കി അദ്ദേഹം സ്വീകരിക്കുകയായിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് 2018ല്‍ 8.5 കോടി രൂപയ്ക്ക് വരുണിനെ സ്വന്തമാക്കിയെങ്കിലും ഇതിനോട് നീതി പുലര്‍ത്തുന്ന പ്രകടനം കാഴ്ചവെക്കാന്‍ വരുണിനായില്ല. എന്നാല്‍ കെകെആറിലെത്തിയ ശേഷം ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ലെങ്കിലും കുല്‍ദീപ് യാദവിനെ പകരക്കാരനായി വരുണ്‍ എത്തുകയായിരുന്നു. അവസരം നന്നായി മുതലെടുത്ത താരം 11 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുമായി കെകെആര്‍ നിരയിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ്.

നിലവിലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായ കെകെആര്‍ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബുമായി കടുത്ത പോരാട്ടത്തിലാണ്. 12 മത്സരത്തില്‍ നിന്ന് ഇരു ടീമുകള്‍ക്കും 12 പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റിന്റെ മികവിലാണ് പഞ്ചാബ് നാലാം സ്ഥാനത്തുള്ളത്. ഇനിയുള്ള രണ്ട് മത്സരത്തില്‍ കെകെആര്‍ ജയിക്കുകയും പഞ്ചാബ് ഒരു മത്സരത്തില്‍ തോല്‍ക്കുകയും ചെയ്താല്‍ കെകെആര്‍ പ്ലേ ഓഫിലെത്തും. ഇന്ത്യക്കൊപ്പം ഓസീസ് പര്യടനത്തില്‍ തിളങ്ങിയാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലും വരുണ്‍ ഇടം പിടിച്ചേക്കും.

Story first published: Wednesday, October 28, 2020, 20:23 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+