ദുബായ്: ദിനേഷ് കാര്‍ത്തിക് ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞതിനെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാര്‍ത്തിക്ക് സ്ഥാനമൊഴിഞ്ഞത് കെകെആറിനെ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. പകുതിയില്‍ വെച്ച് ടീമിന്റെ ക്യാപ്റ്റന്‍സി മാറ്റുന്നത് ടീമംഗങ്ങള്‍ക്ക് ഒരിക്കലും നല്ല കാര്യമായിരിക്കില്ലെന്ന് ഇര്‍ഫാന്‍ പറയുന്നു. ഇവിടെ നിന്ന് കെകെആര്‍ ചാരമാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ടീമിന്റെ വീഴ്ച്ച ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലേ ഓഫിലേക്കുള്ള പോരാട്ടത്തില്‍ അവര്‍ സജീവമായി മുന്നിലുണ്ടെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.

മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും കാര്‍ത്തിക്കിന്റെ തീരുമാനത്തെ വിമര്‍ശിച്ചു. അവര്‍ക്ക് ഇന്ന് രാത്രിയൊരു മത്സരമുണ്ടായിരുന്നു. എന്തായാലും തീരുമാനമെടുക്കേണ്ടത് കൊല്‍ക്കത്തയാണ്. ഇയാന്‍ മോര്‍ഗന്റെ ബാറ്റിംഗ് ഫോം ആശങ്കപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന് തിളങ്ങാനായിട്ടില്ല എന്നതാണ് സത്യം. ഐപിഎല്ലില്‍ വിദേശ ക്യാപ്റ്റനെ നിയമിച്ച് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മറ്റൊരു ടീം കൂടിയുണ്ടെന്ന കാര്യം അവര്‍ മറക്കരുതെന്നും ആകാശ് ചോപ്ര പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനെ സൂചിപ്പിച്ചായിരുന്നു ചോപ്രയുടെ വിമര്‍ശനം. രാജസ്ഥാന്‍ സ്റ്റീവ് സ്മിത്തിന് കീഴില്‍ കൂടുതല്‍ മത്സരങ്ങള്‍ ജയിക്കാന്‍ ബുദ്ധിമുട്ടുകയാണ്.
അതേസമയം കെകെആറിന്റെ സിഇഒ വെങ്കി മൈസൂരും ദിനേഷ് കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സി മാറ്റത്തില്‍ പ്രതികരിച്ചിട്ടുണ്ട്. കാര്‍ത്തിക്കിനെ പോലെ ടീമിന്റെ ജയം വലുതായി കാണുന്ന താരങ്ങളെ ലഭിക്കുക കെകെആറിന്റെ ഭാഗ്യമാണ്. കാര്‍ത്തിക്കിനെ പോലൊരാള്‍ക്ക് ക്യാപ്റ്റന്‍സി ഒഴിയുന്ന തീരുമാനമെടുക്കുക എന്നത് വളരെയധികം ധൈര്യം വേണ്ട കാര്യമാണ്. പക്ഷേ കാര്‍ത്തിക്കിന്റെ തീരുമാനം കേട്ടപ്പോള്‍ ഞങ്ങളും അമ്പരന്ന് പോയി. അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ടീം ബഹുമാനിക്കുന്നുവെന്നും വെങ്കി പഞ്ഞു. നേരത്തെ തന്നെ കെകെആറിന്റെ ആരാധകര്‍ കാര്‍ത്തിക്കിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്തയും പ്രതികരണവുമായി രംഗത്തെത്തി. കാര്‍ത്തിക്ക് മാറിയതില്‍ തനിക്ക് അദ്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു. ദിനേഷ് കാര്‍ത്തിക്കിന്റെ ബാറ്റിംഗ് ഫോമോ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവോ അല്ല ചോദ്യമായി വരുന്നത്. അതിലുപരി കൊല്‍ക്കത്തയില്‍ ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ഉണ്ടെന്നതാണ് സത്യം. അത്തരമൊരാളെ ക്യാപ്റ്റനാക്കാതെ ഇരിക്കുക എങ്ങനെയാണ്. മോര്‍ഗനെ കെകെആര്‍ ലേലത്തില്‍ സ്വന്തമാക്കിയപ്പോള്‍ തന്നെ ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ടീമിലെ ചില കളിക്കാര്‍ക്ക് പെട്ടെന്ന് ഈ മാറ്റത്തോട് പൊരുത്തപ്പെടാനാവില്ല. ഒരുപക്ഷേ മാറ്റം കെകെആറിനെ തകര്‍ക്കുകയോ അതല്ലെങ്കില്‍ കുതിപ്പിനോ കാരണമാകുമെന്ന് ദീപ് ദാസ് ഗുപ്ത പറഞ്ഞു.