പഞ്ചാബിന് കടം വീട്ടാനുണ്ട്
ഈ സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രാഹുല്‍ തെവാത്തിയയുടെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് പഞ്ചാബിനെ രാജസ്ഥാന് കീഴടക്കിയത്. അന്ന് കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്സുമായി തെവാത്തിയ കത്തിക്കയറിയിരുന്നു. അന്നത്തെ തോല്‍വിക്ക് പകരം വീട്ടാനുറച്ചാവും ഇന്ന് പഞ്ചാബ് ഇറങ്ങുക. അവസാന അഞ്ച് മത്സരത്തിലും തോല്‍വി അറിയാതെയാണ് കെ എല്‍ രാഹുലും സംഘവും ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ 13 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരാന്‍ പഞ്ചാബിനാവും.
ബാറ്റിങ്, ബൗളിങ് നിര ഒരുപോലെ തിളങ്ങുന്നതാണ് പഞ്ചാബിന് കരുത്ത് പകരുന്നത്. മുഹമ്മദ് ഷമിയുടെ പേസ് ബൗളിങ്ങിനൊപ്പം രവി ബിഷ്നോയ്, മുരുഗന് അശ്വിന് എന്നിവര്‍ സ്പിന്നിലും മികവ് കാട്ടുന്നു. ബാറ്റിങ്ങ് നിരയിലേക്ക് മായങ്ക് അഗര്‍വാള്‍ ഇന്നും മടങ്ങിയെത്തിയേക്കില്ല. കെ എല്‍ രാഹുല്‍,ക്രിസ് ഗെയ്ല്,നിക്കോളാസ് പുരാന് എന്നിവരില്‍ ടീം വളരെയധികം പ്രതീക്ഷവെക്കുന്നു. മധ്യനിരയില്‍ ഗ്ലെന്‍ മാക്സ്വെല് ബാറ്റിങ്ങില്‍ ഫോം കണ്ടെത്തേണ്ടത് പഞ്ചാബിന് പ്രധാനപ്പെട്ട കാര്യമാണ്.
രാജകീയമാക്കാന്‍ രാജസ്ഥാന്
അവസാന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ അനായാസം മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങുന്നത്. അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ ബെന്‍ സ്റ്റോക്സില്‍ ഇന്നും ടീം പ്രതീക്ഷ വെക്കുന്നു.സഞ്ജു സാംസണ് ഫോമിലേക്കുയര്‍ന്നതും ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. സ്റ്റീവ് സ്മിത്ത്,റോബിന് ഉത്തപ്പ,ജോസ് ബട്ലര് എന്നിവര്‍ തങ്ങളുടേതായ ദിവസം കത്തിക്കയറാന്‍ കെല്‍പ്പുള്ളവരാണ്.
കൂടാതെ മധ്യനിരയില്‍ രാഹുല്‍ തെവാത്തിയയും റിയാന്‍ പരാഗും കൂടി ചേരുമ്പോള്‍ രാജസ്ഥാന്റെ ബാറ്റിങ് നിര ശക്തം. എന്നാല്‍ ബൗളിങ്ങില്‍ ജോഫ്രാ ആര്ച്ചറല്ലാതെ മറ്റാര്‍ക്കും സ്ഥിരതയില്ല. അങ്കിത് രജപുത്,കാര്‍ത്തിക് ത്യാഗി എന്നിവരെല്ലാം റണ്‍സ് വിട്ടുകൊടുക്കാന്‍ തീരെ മടികാട്ടുന്നില്ല. ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാം എന്നതിനാല്‍ ജീവന് മരണ പോരാട്ടത്തിനാവും രാജസ്ഥാനും പഞ്ചാബും ഇറങ്ങുക.