IPL 2020: പഞ്ചാബ് X ഡല്‍ഹി- സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് അറിയണം ഈ കണക്കുകള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പഞ്ചാബ് ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ പഞ്ചാബിന് തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്. താരസമ്പന്നമാണ് പഞ്ചാബ് നിരയെന്നതിനാല്‍ ഡല്‍ഹിക്ക് വലിയ വെല്ലുവിളി തന്നെ നേരിടേണ്ടി വരും. റിഷഭ് പന്തിന്റെ പരിക്ക് ഡല്‍ഹിയുടെ ടീം ഘടനയെ ബാധിച്ചിട്ടുണ്ട്. പഞ്ചാബ് നിലനില്‍പ്പിനായി ജീവന്‍മരണ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകളും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
പഞ്ചാബും ഡല്‍ഹിയും ഇതുവരെ 25 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 14 തവണ പഞ്ചാബ് വിജയിച്ചപ്പോള്‍ 11 തവണ ഡല്‍ഹിയും വിജയിച്ചു. എന്നാല്‍ ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം ഡല്‍ഹിക്കായിരുന്നു. ഇതിന്റെ ആത്മവിശ്വാസം ഡല്‍ഹിക്കുണ്ട്. എന്നാല്‍ പഞ്ചാബ് ടീമെന്ന നിലയില്‍ കൂടുതല്‍ മികവ് കാട്ടുന്നുണ്ട്. അതിനാല്‍ത്തന്നെ അനായാസം തോല്‍പ്പിക്കാന്‍ ഡല്‍ഹിക്ക് സാധിക്കില്ല. പഞ്ചാബിന്റെ ബാറ്റിങ് നിരയും ഡല്‍ഹിയുടെ ബൗളിങ് നിരയും തമ്മിലുള്ള പോരാട്ടത്തിനാവും മത്സരം സാക്ഷ്യം വഹിക്കുക.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ ഡല്‍ഹി താരം ശ്രേയസ് അയ്യരാണ് (284). സീസണില്‍ തരക്കേടില്ലാത്ത ഫോമിലാണ് ശ്രേയസുള്ളത്. എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. പഞ്ചാബ് നിരയില്‍ മായങ്ക് അഗര്‍വാളാണ് (125) കേമന്‍. സീസണില്‍ മികച്ച പ്രകടനമാണ് മായങ്ക് പുറത്തെടുക്കുന്നത്. രാഹുലും മികച്ച ഫോമിലാണ്.

പഞ്ചാബിനുവേണ്ടി ഡല്‍ഹിക്കെതിരേ കൂടുതല്‍ വിക്കറ്റ് മുഹമ്മദ് ഷമിയുടെ പേരിലാണ് (6). അവസാന മത്സരത്തില്‍ മുംബൈയെ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സില്‍ പ്രതിരോധിച്ച് നിര്‍ത്തിയ താരമാണ് ഷമി. ഡല്‍ഹി നിരയില്‍ കഗിസോ റബാദയാണ് (6) കേമന്‍. സീസണില്‍ സ്ഥിരതയോടെ പന്തെറിയുന്ന റബാദയാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. പഞ്ചാബിനുവേണ്ടി കൂടുതല്‍ ക്യാച്ച് മന്ദീപ് സിങ്ങിന്റെ പേരിലും (6) ഡല്‍ഹി നിരയില്‍ ശ്രേയസ് അയ്യരുടെ പേരിലുമാണ് (5). ഡല്‍ഹി-പഞ്ചാബ് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇരു ടീമിന്റെയും ശരാശരി ടീം ടോട്ടല്‍ 142 റണ്‍സാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ഒരു സിക്‌സ് നേടിയാല്‍ ഐപിഎല്ലില്‍ 100 സിക്‌സ് പൂര്‍ത്തിയാക്കും. നിലവിലെ ഫോമില്‍ അനായാസം രാഹുല്‍ ഈ നേട്ടത്തിലെത്തിയേക്കും. ക്രിസ് ഗെയ്ല്‍ 65 റണ്‍സ് നേടിയാല്‍ പഞ്ചാബിനുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ശിഖര്‍ ധവാന്‍ 63 റണ്‍സ്‌കൂടി നേടിയാല്‍ 5000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും. അവസാന മത്സരത്തില്‍ സെഞ്ച്വറി നേടി ധവാന്‍ തിളങ്ങിയിരുന്നു. പൃത്ഥ്വി ഷാ 6 ബൗണ്ടറികൂടി നേടിയാല്‍ 100 ഐപിഎല്‍ ബൗണ്ടറികള്‍ പൂര്‍ത്തിയാക്കും. എന്നാല്‍ കുറച്ച് മത്സരങ്ങളിലായി പൃത്ഥ്വി പ്രതീക്ഷിച്ച ഫോമിലേക്കുയരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications