
വിജയം തുടരാന്‍ പഞ്ചാബ്
സീസണില്‍ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ് കെ എല്‍ രാഹുലിന്റെ പഞ്ചാബ്. അവസാന രണ്ട് മത്സരത്തിലും ആവേശ ജയമാണ് ടീം സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ പഞ്ചാബ് അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ടാം സൂപ്പര്‍ ഓവറിലാണ് പരാജയപ്പെടുത്തിയത്. ക്രിസ് ഗെയ്‌ലിന്റെ മടങ്ങിവരവ് പഞ്ചാബ് ടീമിനെ ആകെ മാറ്റി മറിച്ചിരിക്കുകയാണ്. ടീമിന്റെ ആത്മവിശ്വാസം വളരെയധികം ഉയര്‍ന്നു.

കെ എല്‍ രാഹുലിന്റെ മിന്നും ഫോമാണ് ടീമിന്റെ നട്ടെല്ല്. 9 മത്സരത്തില്‍ നിന്ന് 525 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് കെ എല്‍ രാഹുല്‍. മായങ്ക് അഗര്‍വാള്‍,നിക്കോളാസ് പുരാന്‍ എന്നിവരും തരക്കേടില്ലാതെ ബാറ്റ് വീശുന്നു. അവസാന മത്സരങ്ങളില്‍ മധ്യനിരയില്‍ തിളങ്ങിയ ദീപക് ഹൂഡയും ടീമിന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഇതുവരെ ഫോമിലേക്കുയരാന്‍ സാധിക്കാത്തത് പഞ്ചാബിന് വലിയ തിരിച്ചടിയാകുന്നു. മാക്‌സ്‌വെല്‍ മോശം പ്രകടനം തുടരുകയാണെങ്കിലും അദ്ദേഹത്തെ പുറത്തിരുത്താന്‍ സാധ്യതയില്ല. കരുത്തരായ ഡല്‍ഹിക്ക് പഞ്ചാബ് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.

ചാമ്പ്യന്‍ നിരയായി ഡല്‍ഹി മുന്നോട്ട്
സംതുലിതമായ ടീം എന്നതാണ് ഇത്തവണ ഡല്‍ഹിയെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഓരോ താരങ്ങളും ഒറ്റയ്ക്ക് മത്സരഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരവാണ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ഇറങ്ങുന്നത്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ അക്‌സര്‍ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് സിഎസ്‌കെയ്‌ക്കെതിരേ ടീമിന് വിജയം സമ്മാനിച്ചത്. ശിഖര്‍ ധവാന്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുമ്പോള്‍ പൃത്ഥ്വി ഷാ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ടീമിന് തലവേദനയാകുന്നു.

ആദ്യ ഓവറില്‍ത്തന്നെ പൃത്ഥ്വി മടങ്ങുന്നതോടെ ടീമിന്റെ പവര്‍പ്ലേയിലെ റണ്‍നിരക്കിനെ അത് ബാധിക്കുന്നു. മൂന്നാം നമ്പറില്‍ അജിന്‍ക്യ രഹാനെക്കും തിളങ്ങാനാവുന്നില്ല. റിഷഭ് പന്ത് പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാത്തതിനാല്‍ ഇന്നും കളിക്കാന്‍ ഇടയില്ലെന്നാണ് വിവരം. അങ്ങനെ വന്നാല്‍ അലക്‌സ് ക്യാരിയുമായിതന്നെ ഡല്‍ഹിക്ക് കളിക്കാന്‍ ഇറങ്ങേണ്ടിവരും. ഇതോടെ ഹെറ്റ്‌മെയറെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത സാഹചര്യവും വരും. കഗിസോ റബാദ,ആന്റിച്ച് നോക്കിയോ എന്നിവര്‍ക്കൊപ്പം പേസ് നിരയിലേക്ക് മോഹിത് ശര്‍മയോ ആവേഷ് ഖാനോ എത്തിയേക്കും.


Click it and Unblock the Notifications