കാത്തിരുന്ന ഫൈനല്‍ എത്തി. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. അഞ്ചാം കിരീടം മനസില്‍ കണ്ടാണ് രോഹിത് ശര്‍മയും സംഘവും ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുക. മറുഭാഗത്ത് കന്നിക്കിരീടം നേടാനുള്ള സുവര്‍ണാവസരം പാഴാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും ഉദ്ദേശ്യമില്ല. ഐപിഎല്‍ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഡല്‍ഹി ഫൈനലിലെത്തുന്നത്. യുവനിരയെ മുന്നില്‍ നിര്‍ത്തി പരിശീലകന്‍ റിക്കി പോണ്ടിങ് മെനഞ്ഞ തന്ത്രങ്ങള്‍ ഫ്രാഞ്ചൈസിക്ക് ഫൈനല്‍ വരെയുള്ള വഴിയൊരുക്കി. ഇനിയാര് കപ്പടിക്കും? ആരാധകര്‍ ഉറ്റുനോക്കുകയാണ്. പറഞ്ഞുവരുമ്പോള്‍ ജസ്പ്രീത് ബുംറയും കഗീസോ റബാദയും തമ്മിലെ പോരാണ് ഫൈനലിന്റെ മാറ്റു വര്‍ധിപ്പിക്കുന്നത്.

രണ്ടു ലോകോത്തര പേസ് ബൗളര്‍മാര്‍. വിക്കറ്റുവേട്ടയില്‍ ഇഞ്ചോടിഞ്ചുള്ള മത്സരം. കലാശക്കൊട്ടില്‍ ആരായിരിക്കും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുകയെന്നും ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നു. ടൂര്‍ണമെന്റില്‍ ബുംറയും റബാദയും മിന്നും ഫോമിലാണ് തുടരുന്നത്. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്തി മുംബൈയെ നേരിട്ട് ഫൈനലിലെത്തിച്ച ബുംറയ്ക്കാണ് നേരിയ മുന്‍തൂക്കം. അന്ന് നാലോവറില്‍ കേവലം 14 റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തതും. ഈ പ്രകടനത്തിന് പിന്നാലെ ടൂര്‍ണമെന്റിലെ 'പര്‍പ്പിള്‍ ക്യാപ്പ്' ഉടമയാകാനും ബുംറയ്ക്ക് സാധിച്ചു. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹി അണിനിരന്നപ്പോള്‍ റബാദ സംഹാരരൂപം പൂണ്ടു. മത്സരത്തില്‍ നാലു വിക്കറ്റുകള്‍ റബാദയും പിഴുതെടുത്തു. ഇതോടെ ബുംറയുടെ കയ്യില്‍ നിന്ന് 'പര്‍പ്പിള്‍ ക്യാപ്പ്' റബാദ തിരിച്ചെടുത്തു.
നിലവില്‍ 29 വിക്കറ്റുകളാണ് സീസണില്‍ റബാദയുടെ പേരിലുള്ളത്. 27 വിക്കറ്റുകളുമായി ബുംറ തൊട്ടുപിന്നിലുണ്ട്. എന്തായാലും വിക്കറ്റ് നേട്ടത്തെക്കാളുപരി ടീമിന് ഐപിഎല്‍ കിരീടം നേടിക്കൊടുക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് രണ്ടാം ക്വാളിഫയറിന് ശേഷം കഗീസോ റബാദ വ്യക്തമാക്കിയിരുന്നു. 13 വര്‍ഷത്തെ ചരിത്രമുള്ള ഡല്‍ഹി ഫ്രാഞ്ചൈസി ഇനിയും ആദ്യ ഐപിഎല്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുസ്‌വേന്ദ്ര ചഹാലും മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു കുന്തമുനയായ ട്രെന്‍ഡ് ബൗള്‍ട്ടും വിക്കറ്റുവേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുണ്ട്. 22 വിക്കറ്റുകളുമായി ബൗള്‍ട്ട് മൂന്നാമതാണ് പട്ടികയില്‍. 15 മത്സരങ്ങളില്‍ നിന്നും 21 വിക്കറ്റുമായി ചഹാല്‍ നാലമതും 16 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുമായി റാഷിദ് ഖാന്‍ അഞ്ചാമതും തുടരുന്നു.