IPL 2020: ബെന്‍ സ്റ്റോക്‌സ് ഐപിഎല്‍ കളിക്കും? ക്രൈസ്റ്റ്ചര്‍ച്ചില്‍ പരിശീലനം നടത്തി താരം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് കളിച്ചേക്കും. നിലവില്‍ കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലുള്ള താരം ക്രൈസ്റ്റ്ചര്‍ച്ചില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തിയതോടെയാണ് ബെന്‍ സ്‌റ്റോക്‌സിന്റെ ഐപിഎല്‍ പങ്കാളിത്ത സാധ്യതകളും സജീവമാകുന്നത്. പിടി ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ ചില മത്സരങ്ങള്‍ സ്റ്റോക്‌സിന് നഷ്ടമാവുമെങ്കിലും രാജസ്ഥാനൊപ്പം ഭൂരിഭാഗം മത്സരങ്ങള്‍ക്കും സ്റ്റോക്ക് ഉണ്ടായേക്കും. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്റെയും വ്യായാമം ചെയ്യുന്നതിന്റെയും വീഡിയോ സ്‌റ്റോക്‌സ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

വീഡിയോയില്‍ മികച്ച രീതിയില്‍ സ്റ്റോക്‌സ് പന്തെറിയുന്നത് വ്യക്തമാണ്. അതിനാല്‍ത്തന്നെ പൂര്‍ണ കായിക ക്ഷമതയുള്ള താരം ടീമിലേക്ക് മടങ്ങിയെത്തിയാല്‍ ടീമിനത് വലിയ കരുത്താകും. നിലവില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി യുഎഇയില്‍ എത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരിമിത ഓവര്‍ പരമ്പര 16ാം തീയ്യതിയാണ് അവസാനിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ യുഎഇയിലെത്തിയത്. ഇംഗ്ലണ്ടിലും ബയോ ബബിള്‍ സുരക്ഷയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അതിനാല്‍ യുഎഇയില്‍ വെറും 36 മണിക്കൂര്‍ ക്വാറന്റെയ്ന്‍ മാത്രമാണ് ഇവര്‍ക്ക് നോക്കേണ്ടത്. പരിശോധനയില്‍ രോഗമില്ലെന്ന് വ്യക്തമാകുന്നതോടെ ഇവര്‍ക്ക് പരിശീലനം ആരംഭിക്കാന്‍ സാധിക്കും. മിക്ക താരങ്ങളും പരമ്പരയുടെ ഭാഗമായിരുന്നതിനാല്‍ പൂര്‍ണ കായിക ക്ഷമതയോടെയാണ് എത്തുന്നത്.

22 താരങ്ങളാണ് ഇംഗ്ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. നേരത്തെ അച്ഛന്റെ അസുഖത്തെത്തുടര്‍ന്നാണ് സ്റ്റോക്‌സ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തത്. ഇംഗ്ലണ്ട് ടീമില്‍ നിന്നടക്കം താരം വിട്ട് നില്‍ക്കുകയായിരുന്നു. പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് സ്‌റ്റോക്‌സിന്റെ അച്ഛന് രോഗം സ്ഥിരീകരിക്കുന്നത്. വിവരം അറിഞ്ഞതോടെ പരമ്പരയ്ക്കിടെ സ്റ്റോക്‌സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. തലച്ചോറിലാണ് അര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ അല്‍പ്പം ഗുരുതരമാണ് അദ്ദേഹത്തിന്റെ പിതാവിന്റെ കാര്യങ്ങള്‍. ബെന്‍ സ്റ്റോക്‌സിന്റെ പിതാവ് മുന്‍ ന്യൂസീലന്‍ഡ് റഗ്ബി ലീഗ് കളിക്കാരനായിരുന്നു. രോഗ ബാധയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹം.

നിലവിലെ കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്കെത്തിയാല്‍ തിരിച്ച് നാട്ടിലേക്ക് ഇടയ്ക്ക് മടങ്ങിപ്പോവുക പ്രയാസമാണ്. കൂടാതെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്കെത്തുമ്പോള്‍ 14 ദിവസം ക്വാറന്റെയ്‌നില്‍ ഇരിക്കേണ്ടി വരും. അച്ഛന്റെ ചികിത്സയെ ഇത് ബാധിക്കുമെന്നതിനാല്‍ ഐപിഎല്ലില്‍ നിന്ന് സ്റ്റോക്‌സ് വിട്ടുനില്‍ക്കാനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്‌റ്റോക്‌സ് പരിശീലനം ആരംഭിച്ചത് രാജസ്ഥാന്‍ മാനേജ്‌മെന്റിനും ആരാധകര്‍ക്കും ഒരു പോലെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാനില്‍ ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, മനാന്‍ വോറ എന്നിവരാണ് പ്രധാനികള്‍. സ്റ്റോക്‌സിന്റെ ഓള്‍റൗണ്ടര്‍ മികവ് ടീമിന്റെ നട്ടെല്ലാണ്. ഇത്തവണ കിരീട സാധ്യതകളില്‍ പലരും അവസാന സ്ഥാനക്കാരായാണ് രാജസ്ഥാനെ വിധിയെഴുതുന്നത്. എന്നാല്‍ സ്റ്റോക്‌സ് ടീമിനൊപ്പം എത്തിയാല്‍ അത് മാറിമറിയാനുള്ള സാധ്യത ഏറെയാണ്.

വീഡിയോ

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, September 18, 2020, 14:41 [IST]
Other articles published on Sep 18, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X