ഐപിഎല്ലിനായി കീപ്പിങ് പരിശീലനം നടത്തി ധോണി, മുമ്പ് ഇങ്ങനെ കണ്ടിട്ടേയില്ല; ഇര്‍ഫാന്‍ പഠാന്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ഈ മാസം 19ന് ആരംഭിക്കുകയാണ്. എം എസ് ധോണിയെന്ന ഇന്ത്യയുടെ ഇതിഹാസ നായകന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎല്ലാണിത്. ധോണിയെ വീണ്ടും ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ സാധിക്കില്ലെങ്കിലും സിഎസ്‌കെ ജഴ്‌സിയില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ക്യാംപിലെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അല്‍പ്പം വൈകിയെങ്കിലും ഇപ്പോള്‍ സജീവമായി സിഎസ്‌കെ താരങ്ങള്‍ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതിനാല്‍ത്തന്നെ ധോണി കഠിന പരിശീലനത്തിലാണ്. ഇപ്പോഴിതാ ധോണിയുടെ പരിശീലനത്തെക്കുറിച്ചും സിഎസ്‌കെ ടീമിനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍മാരായ അജിത് അഗാര്‍ക്കറും ഇര്‍ഫാന്‍ പഠാനും.

സര്‍വ്വം ധോണി മയം
സുരേഷ് റെയ്‌ന,ഹര്‍ഭജന്‍ സിങ് എന്നിവരുടെ അഭാവം സിഎസ്‌കെയ്ക്ക് തിരിച്ചടിയാണെങ്കിലും കോവിഡിന് ശേഷം ടീം പരിശീലനം പുനരാരംഭിച്ചത് ടീമിന് ശുഭകരമായ വാര്‍ത്തയാണ്. ധോണി പരിശീലനത്തിനിറങ്ങുമ്പോള്‍ കോവിഡിനിനിടയിലും അദ്ദേഹത്തെ കാണാന്‍ ആരാധകര്‍ പുറത്ത് തടിച്ച് കൂടുന്നു. വളരെ നാളുകളായുള്ള ഈ പ്രതികരണം ഇപ്പോഴും തുടരുന്നതില്‍ അത്ഭുതപ്പെടാനില്ല. കോവിഡ് വ്യാപനം നിലനില്‍ക്കുമ്പോഴും ധോണിയെ കാണാന്‍ ആരാധകര്‍ എത്തുന്നു. മറ്റ് ടീമിനെ അപേക്ഷിച്ച് വൈകിയെങ്കിലും ടൂര്‍ണമെന്റിന് ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ ടീമിനെ അത് പ്രതികൂലമായി ബാധിക്കില്ല-അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

ധോണി രണ്ടും കല്‍പ്പിച്ച്
പതിവില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചയായിരുന്നു അത്. ധോണി വിക്കറ്റ് കീപ്പറായി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നു. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് പുതിയ കാഴ്ചയാണ്. നിരവധി വര്‍ഷം ധോണിയോടൊപ്പം ഇന്ത്യന്‍ ടീമിലും സിഎസ്‌കെയിലും കളിച്ചെങ്കിലും ഇതുപോലെ വിക്കറ്റ് കീപ്പിങ് പരിശീലനം ധോണി നടത്തുന്നത് കണ്ടിട്ടില്ല. ഏറെ നാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാലാവാം ഇത്. പുതിയ സ്പിന്നര്‍മാര്‍ ഇത്തവണ ടീമിനൊപ്പമുണ്ട്. അതിനാല്‍ അവരുടെ ശൈലി മനസിലാക്കാനാവും അത്. എന്തായാലും ധോണി കീപ്പിങ് പരിശീലനം നടത്തുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണി കീഴടക്കാത്ത റെക്കോഡുകള്‍ കുറവാണ്. പിഴക്കാത്ത കണക്കുകൂട്ടലുമായി ധോണി വീണ്ടും വിക്കറ്റിന് പിന്നിലെത്തുമ്പോള്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ചങ്കിടിപ്പ് കൂടും.

സ്പിന്‍ കരുത്തില്‍ സിഎസ്‌കെ
യുഎഇയിലെ പിച്ച് സ്പിന്നിന് അനുകൂലമാണെന്നിരിക്കെ മികച്ച സ്പിന്‍ കരുത്താണ് സിഎസ്‌കെയ്ക്കുള്ളത്. ഹര്‍ഭജന്‍ സിങ്ങിന്റെ അഭാവം ഉണ്ടെങ്കിലും ഇമ്രാന്‍ താഹിര്‍,കരണ്‍ ശര്‍മ,മിച്ചല്‍ സാന്റ്‌നര്‍,രവീന്ദ്ര ജഡേജ,പീയൂഷ് ചൗള എന്നിവരാണ് ടീമിലുള്ളത്. യുഎയിലെത്തി നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലാണ് ഉദ്ഘാടന മത്സരം. നവംബര്‍ 10ന് ടൂര്‍ണമെന്റ് അവസാനിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications