ദുബായ്: ഗ്ലെന്‍ മാക്സ്വെല്ലിനെ വന്‍ തുകയ്ക്ക് വാങ്ങുന്ന കാര്യത്തില്‍ യാതൊരു സംശയവും കിംഗ്സ് xi പഞ്ചാബിനില്ലായിരുന്നുവെന്ന് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. പഞ്ചാബ് നിരയില്‍ അദ്ദേഹം ഉണ്ടാവണമെന്ന കാര്യത്തില്‍ ടീമിന് നിര്‍ബന്ധമുണ്ടായിരുന്നു. മാക്സ്വെല്ലുമായി വലിയ കൂട്ടുകെട്ടുകള്‍ ഈ സീസണില്‍ ഉണ്ടാക്കണമെന്നാണ് ആഗ്രഹം. താന്‍ ഒരിക്കല്‍ പോലും മാക്സ്വെല്ലിനെതിരെ കളിക്കുന്നത് ആസ്വദിച്ചിട്ടില്ല. സദാ സംസാരിച്ച് കൊണ്ടിരിക്കുന്ന, പോരാളിയാണ് താരമാണ് അദ്ദേഹം. ഏതൊരു ക്യാപ്റ്റനും അതേ പോലുള്ള താരത്തെ ടീമിലെത്തിക്കാനാണ് ആഗ്രഹിക്കുകയെന്നും രാഹുല്‍ പറഞ്ഞു.
താര ലേലത്തില്‍ മാക്സ്വെല്ലിനെ പോലുള്ള താരങ്ങളെയാണ് ടീമിലെത്തിക്കേണ്ടതെന്ന് ടീം മാനേജ്മെന്റിന് ധാരണയുണ്ടായിരുന്നു. മാക്സ്വെല്ലുമൊത്ത് കളിക്കുന്നത് ഞാന്‍ വളരെയധികം ആസ്വദിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും ഈ സമയം സാധിച്ചു. മുമ്പും ഞാന്‍ മാക്സ്വെല്ലിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. വളരെ കടുത്ത എതിരാളിയാണ് അദ്ദേഹം. ഏത് ടീമിനായാലും അദ്ദേഹത്തെ പോലൊരു താരം ടീമിലുണ്ടാവുന്നത് വലിയ കരുത്താണ്. ഏത് സമയവും സംസാരിച്ച് കൊണ്ടിരിക്കും അദ്ദേഹം. മത്സരക്ഷമ അദ്ദേഹത്തില്‍ ശക്തമാണെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം തന്റെ ടീമില്‍ മാക്സ്വെല് എത്തിയത് ഭാഗ്യമാണ്. ഒരിക്കലും അദ്ദേഹത്തിനെതിരെ കളിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. മാക്സ്വെല്ലിനെ പോലെ എനര്‍ജി നിറഞ്ഞ താരം ടീമിലുണ്ടാവുന്നത് ഏതൊരു ക്യാപ്റ്റനും ഇഷ്ടപ്പെടുന്ന കാര്യമാണെന്നും രാഹുല്‍ വ്യക്തമാക്കി. നേരത്തെ ആര്‍സിബിക്കെതിരെയുള്ള മത്സരത്തിനിടെ ഇരുവരും നടത്തിയ സംസാരവും രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ ബാറ്റിംഗില്‍ അപാകതകളുണ്ടെന്നും, ആത്മവിശ്വാസം തോന്നുന്നുണ്ടെന്നും പറഞ്ഞപ്പോള്‍, തമാശ പറയുകയാണോ എന്നായിരുന്നു മാക്സ്വെല്ലിന്റെ മറുപടിയെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
രാഹുല്‍ വളരെ മികച്ച ക്യാപ്റ്റനാണെന്ന് മാക്സ്വെല് പറയുന്നു. അദ്ദേഹത്തിന്റെ കീഴില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐപിഎല്ലിനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. വളരെ മികച്ച ക്യാപ്റ്റനായി അദ്ദേഹം ഉയരും. ഏതെങ്കിലും തരത്തിലുള്ള പ്രയാസം രാഹുല്‍ നേരിടുകയാണെങ്കില്‍ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ തമ്മില്‍ നിരവധി കാര്യങ്ങള്‍ സംസാരിച്ചു. ടീമിനെ നയിക്കാനുള്ള വളരെ മികച്ച അവസരമാണ് രാഹുലിന് ലഭിച്ചിരിക്കുന്നതെന്നും, നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മാക്സ്വെല് പറഞ്ഞു.