ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ വിരാട് കോലിയുടെ ആര്‍സിബിയോട് 10 റണ്‍സിന് തോറ്റ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ കെകെആറിനോട് ഏഴ് വിക്കറ്റിനാണ് പരാജയം ഏറ്റുവാങ്ങിയത്. മികച്ച ബാറ്റിങ് കരുത്തുള്ള ഹൈദരാബാദിന്റെ ബാറ്റ്‌സ്മാന്‍മാരാണ് കെകെആറിനെതിരായ തോല്‍വിക്ക് പ്രധാന കാരണം. ഇപ്പോഴിതാ മത്സരശേഷം ടീമിന്റെ പ്രകടനത്തെക്കുറിച്ച് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.
തന്റെ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമടക്കം തെറ്റായിപ്പോയെന്ന് തോന്നുന്നില്ലെന്നാണ് വാര്‍ണര്‍ പറഞ്ഞത്. 'എന്റെ തീരുമാനം ശരിയാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഞങ്ങളുടെ പ്രധാന കരുത്ത് ഡെത്ത് ബൗളിങ്ങാണ്. വിക്കറ്റ് കാത്താല്‍ ജയിക്കാന്‍ സാധിക്കുമെന്ന് കൊല്‍ക്കത്ത കാട്ടിത്തന്നു. എന്റെ തീരുമാനങ്ങള്‍ തെറ്റിപ്പോയെന്ന് കരുതുന്നില്ല. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതിനെയോര്‍ത്ത് കുറ്റബോധമില്ല'-ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

മത്സരത്തില്‍ ടീമിന്റെ ബാറ്റിങ് നിരയുടെ മെല്ലെപ്പോക്ക് ഹൈദരാബാദിനെ കാര്യമായി ബാധിച്ചു. നാലാം നമ്പറില്‍ വൃദ്ധിമാന്‍ സാഹ ടെസ്റ്റ് കളിക്കുന്നപോലെ ബാറ്റ് വീശിയതും ടീമിന് തിരിച്ചടിയായി. എങ്കിലും പ്രതിസന്ധി മറികടന്ന് ശക്തമായി തിരിച്ചെത്തുമെന്ന് വാര്‍ണര്‍ പറഞ്ഞു. 'മുന്നിലേക്കെത്താന്‍ കഠിനമായിത്തന്നെ ഞങ്ങള്‍ ശ്രമിക്കും. ബൗളര്‍മാര്‍ മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞില്ലെങ്കില്‍ അത് സാധിക്കില്ല. ഞങ്ങളെക്കൊണ്ട് സാധിക്കുന്ന രീതിയില്‍ കുതിച്ചുയരാന്‍ ശ്രമിക്കും.
റണ്‍സിനുവേണ്ടിയുള്ള ഞങ്ങളുടെ അതിവേഗ ഓട്ടം ഇനിയും തുടരും. ബാറ്റ് ചെയ്യാന്‍ തരക്കേടില്ലാത്ത മൈതാനത്ത് 35 ഡോട്ട് ബോള്‍,അതും ടി20 ഫോര്‍മാറ്റില്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ്'-വാര്‍ണര്‍ പറഞ്ഞു. രണ്ട് പവര്‍പ്ലേയും മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. ഓപ്പണറായി സുനില്‍ നരെയ്‌നെ എത്തിച്ച ദിനേഷ് കാര്‍ത്തിക് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചു. രണ്ടാമനായി കമ്മിന്‍സ് എത്തിയതോടെ വാര്‍ണറും ബെയര്‍സ്‌റ്റോയും വിയര്‍ത്തു. ആദ്യ മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയ കമ്മിന്‍സ് തന്റെ കരുത്ത് ഹൈദരാബാദിനെതിരേ തെളിയിച്ചു.
അവസാന പവര്‍പ്ലേയില്‍ വൃദ്ധിമാന്‍ സാഹ ഇഴഞ്ഞ് നീങ്ങിയതോടെ 150 റണ്‍സെന്ന സ്‌കോര്‍പോലും ഹൈദരാബാദിന് നേടാനായില്ല. ഹൈദരാബാദ് നിരയില്‍ മനീഷ് പാണ്ഡെ (38 പന്തില്‍ 51) മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹൈദരാബാദ് ബുദ്ധിമുട്ടിയ മൈതാനത്ത് ശുബ്മാന്‍ ഗില്‍ കളം നിറഞ്ഞു. 62 പന്തില്‍ 5 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 70 റണ്‍സാണ് ഗില്‍ നേടിയത്. ആദ്യ മത്സരത്തില്‍ തിളങ്ങാതിരുന്ന ഇയാന്‍ മോര്‍ഗന്റെ (29 പന്തില്‍ 42) വെടിക്കെട്ട് ബാറ്റിങ്ങും കെകെആറിന്റെ വിജയത്തിന് കാരണമായി.