ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരങ്ങളിലൊരാളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അബ്ദുല്‍ സമദ്. അസാമാന്യമായി വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള മികവാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഈ സീസണിലെ ഐപിഎല്ലില്‍ 111 റണ്‍സാണ് സമദ് നേടിയത്. അതും 170 സ്‌ട്രൈക്കറേറ്റിലാണെന്നതാണ് ശ്രദ്ധേയം. ഓള്‍റൗണ്ടറായ സമദ് രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്കുവേണ്ടി 16 പന്തില്‍ 33 റണ്‍സ് അടിച്ചെടുത്ത് താരമായിരുന്നു.
കഗിസോ റബാദയും ആന്‍ റിച്ച് നോര്‍ജയും ഉള്‍പ്പെടുന്ന ഡല്‍ഹി പേസ് നിരയ്‌ക്കെതിരെയായിരുന്നു ഈ വെടിക്കെട്ട് പ്രകടനം. ഭാവിയില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ പ്രതീക്ഷിക്കാന്‍ കഴിയുന്ന സമദിന്റെ കരിയറില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ള താരമാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. തന്റെ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തില്‍ വലിയ തിരിച്ചടി നേരിട്ട സമയത്ത് ഇര്‍ഫാന്‍ നല്‍കിയ ഉപദേശമാണ് കരുത്തായതെന്നാണ് സമദ് പറഞ്ഞത്. ഹൈദരാബാദിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സമദ്.

'മികച്ച പ്രകടനം പുറത്തെടുക്കാത്തതിനാല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ നിന്ന് പുറത്തായി. എല്ലാ പന്തുകളിലും വലിയ ഷോട്ടുകള്‍ കളിക്കാനാണ് ശ്രമിച്ചിരുന്നത്. എന്റെ സ്‌ട്രൈക്കറേറ്റ് മികച്ചതായിരുന്നെങ്കിലും വളരെയധികം റണ്‍സ് നേടാന്‍ എനിക്ക് സാധിച്ചില്ല. അണ്ടര്‍ 19ക്ക് ശേഷം ഒരു ക്യാംപ് സംഘടിപ്പിച്ചിരുന്നു. അവിടെ ഇര്‍ഫാന്‍ ഭായ് വന്നിരുന്നു. എന്റെ ബാറ്റിങ് അദ്ദേഹം കണ്ടു. എന്തുകൊണ്ടാണ് നിനക്ക് മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് അല്‍പ്പം ക്ഷമ കുറവാണെന്ന് ഞാന്‍ പറഞ്ഞു.
അദ്ദേഹം അപ്പോള്‍ എന്നോട് പറഞ്ഞത് അടിച്ച് കളിച്ചോളൂ പക്ഷെ പന്ത് തിരഞ്ഞെടുത്ത് വേണം ഇത്തരം ഷോട്ടുകള്‍ കളിക്കേണ്ടത്. വലിയ റണ്‍സുകള്‍ നേടിയാല്‍ മാത്രമെ ഇന്ത്യക്കുവേണ്ടി ഒരുനാള്‍ കളിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അണ്ടര്‍ 19ക്ക് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്രയല്‍സില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ നാഗാലാന്‍ഡിനെതിരേ പുറത്താകാതെ 76 റണ്‍സ് നേടുകയും ഒരു വിക്കറ്റ് നേടുകയും ചെയ്തു. ഇത് കരിയറില്‍ വഴിത്തിരിവായി'-സമദ് പറഞ്ഞു. വരുന്ന സീസണിലെ ഐപിഎല്ലില്‍ മെഗാ താരലേലം നടന്നാല്‍ ടീമുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പ്രധാന യുവതാരങ്ങളിലൊരാളായി മാറാന്‍ സമദിന് സാധിച്ചു. അടുത്ത സീസണില്‍ ഇന്ത്യയില്‍ത്തന്നെയാണ് ടൂര്‍ണമെന്റെന്നത് യുവതാരങ്ങളെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.