അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിനുള്ള യോഗ്യത നേടിയിരിക്കുകയാണ്. എലിമിനേറ്ററില്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബിയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് രണ്ടാം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. മത്സരത്തില്‍ ഹൈദരാബാദിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒന്നിനൊന്ന് മികവ് പുലര്‍ത്തി. ശ്രദ്ധേയമായ പ്രകടനംകൊണ്ട് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്കാണ് ടി നടരാജനും വഹിച്ചത്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നടരാജന്റെ വീഴ്ത്തിയത്. അതില്‍ ഒന്ന് എബി ഡിവില്ലിയേഴ്‌സിന്റേതാണെന്നതായിരുന്നു ശ്രദ്ധേയം.
ഹൈദരാബാദിന്റെ പ്ലേ ഓഫ് യോഗ്യതക്ക് പിന്നാലെ മറ്റൊരു സന്തോഷകരമായ വാര്‍ത്തയും നടരാജനെ തേടിയെത്തിയിരിക്കുകയാണ്. നടരാജനും ഭാര്യക്കും കുഞ്ഞ് പിറന്നുവെന്ന വാര്‍ത്തയാണ് നടരാജിന് വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നത്. ആര്‍സിബിക്കെതിരായ മത്സര ശേഷം ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് സന്തോഷകരമായ ഈ വാര്‍ത്ത പങ്കുവെച്ചത്. 'നടരാജനും ഭാര്യക്കും ഇന്ന് രാവിലെ ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. ഇരുവര്‍ക്കും ആശംസകള്‍. കുഞ്ഞിന് വേണ്ടി എന്തൊരു മനോഹര സമ്മാനമാണ് നല്‍കിയിരിക്കുന്നത്'-ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. ഇത്തവണ യോര്‍ക്കറുകള്‍ക്കൊണ്ടാണ് നടരാജന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നിന്നെത്തി ഈ ഒറ്റ സീസണോടെ താരമായി മാറാന്‍ നടരാജന് സാധിച്ചു. ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയ യോര്‍ക്കര്‍ അദ്ദേഹത്തിന്റെ മികവ് എത്രത്തോളമെന്ന് എടുത്തുകാട്ടുന്നു. തുടര്‍ച്ചയായി യോര്‍ക്കര്‍ ചെയ്യാന്‍ നടരാജന് മികവുണ്ട്.

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് ബൗളര്‍മാരുടെ പട്ടികയില്‍ നടരാജനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധികം വൈകാതെ ഇന്ത്യന്‍ ജഴ്‌സിയിലും നടരാജന്‍ എത്തുമെന്ന കാര്യം ഉറപ്പാണ്. 15 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് നടരാജന്‍ ഇത്തവണ സ്വന്തമാക്കിയത്. രണ്ടാം പ്ലേ ഓഫില്‍ ഡല്‍ഹിയെ നേരിടുമ്പോഴും നടരാജനില്‍ ടീം വളരെയേറെ പ്രതീക്ഷ വെക്കുന്നു. ഡല്‍ഹിയെ തോല്‍പ്പിച്ചാല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സാണ് ഹൈദാരാബാദിനെ കാത്തിരിക്കുന്നത്. എലിമിനേറ്ററില്‍ മികച്ച പോരാട്ടത്തിനൊടുവിലാണ് ആര്‍സിബിയെ ഹൈദരാബാദ് തോല്‍പ്പിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ 131 എന്ന ചെറിയ സ്‌കോറിലേക്ക് തളച്ചിടാല്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്കായി. മറുപടിക്കിറങ്ങിയ ഹൈദരാബാദും നന്നായി വെള്ളം കുടിച്ചെങ്കിലും കെയ്ന്‍ വില്യംസണിന്റെയും (50*) ജേസണ്‍ ഹോള്‍ഡറിന്റെയും (24*) പ്രകടനം ഹൈദരാബാദിന് തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു. നാളെയാണ് ഡല്‍ഹിക്കെതിരായ ഹൈദരാബാദിന്റെ ക്വാളിഫയര്‍ മത്സരം.