IPL 2020: എന്തുകൊണ്ട് കോലി ആര്‍സിബി നായകസ്ഥാനം ഫിഞ്ചിന് കൈമാറണം? കാരണങ്ങളിതാ
ദുബായ്: പതിവ് പോലെ ഇത്തവണയും ആര്‍സിബി ദുരന്തമായിത്തന്നെ അവസാനിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഹൈദരാബാദിനെ തോല്‍പ്പിച്ച് സീസണ്‍ തുടങ്ങിയതോടെ ആര്‍സിബി ടീമിനെക്കുറിച്ച് വലിയ പ്രതീക്ഷയായിരുന്നെങ്കിലും രണ്ടാം മത്സരത്തിലൂടെ ടീം പഴയ അവസ്ഥയിലേക്ക് തന്നെയെത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് 97 റണ്‍സിനാണ് ആര്‍സിബി തോറ്റത്. നായകനെന്ന നിലയിലെ കോലിയുടെ തെറ്റായ തീരുമാനങ്ങളും ഒപ്പം രാഹുലിനെ രണ്ടുവട്ടം കൈവിട്ടു കളഞ്ഞതുമാണ് ആര്‍സിബിയുടെ തോല്‍വിക്ക് കാരണമായത്. ഇതോടെ കോലിയുടെ നായകസ്ഥാനത്തിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ആരോണ്‍ ഫിഞ്ചിനെ നായകനാക്കി കോലി ബാറ്റിങ്ങില്‍ ശ്രദ്ധിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിന് വ്യക്തമായ കാരണവുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ കോലി പരാജയം
വിരാട് കോലിയുടെ നായകനെന്ന നിലയിലെ ഏറ്റവും വലിയ പ്രശ്‌നം ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നതിലെ പിഴവാണ്. പഞ്ചാബിനെതിരായ മത്സരത്തിലും ഇതിന് നിരവധി ഉദാഹരങ്ങള്‍ കാണാന്‍ സാധിക്കും. കോലി ബൗളര്‍മാരെ പരീക്ഷിക്കുന്നത് പലപ്പോഴും അനുയോജ്യമായല്ല. പഞ്ചാബ് ബാറ്റ് ചെയ്ത് എട്ട് ഓവര്‍ പിന്നിട്ടപ്പോഴേക്കും സ്പിന്നര്‍മാര്‍ കളി ആര്‍സിബിയുടെ നിയന്ത്രണത്തിലേക്ക് എത്തിക്കുന്നുണ്ടായിരുന്നു. ചഹാലും വാഷിങ്ടണ്‍ സുന്ദറും മനോഹരമായി പന്തെറിയുന്ന സാഹചര്യത്തില്‍ ഉമേഷ് യാദവിനെ തിരികെ വിളിച്ച് പന്തെറിയിച്ച കോലിയുടെ തീരുമാനം പിഴച്ചു.

ഈ ഓവറില്‍ നന്നായി ഉമേഷ് തല്ലുവാങ്ങിയതോടെ പഞ്ചാബ് ബാറ്റ്‌സ്മാന്‍മാര്‍ വീണ്ടും താളം കണ്ടെത്തി. നേരത്തെ തന്നെ ചഹാലിന്റെ ഓവര്‍ കോലി എറിയിച്ച് തീര്‍ത്തു.എന്നാല്‍ നന്നായി പന്തെറിയുന്ന സുന്ദര്‍ മത്സരത്തില്‍ ആകെ എറിഞ്ഞത് രണ്ട് ഓവര്‍. അവസാന ഓവറില്‍ ഫോമില്‍ നില്‍ക്കുന്ന രാഹുലിന് പന്തെറിയാന്‍ ശിവം ദുബെയെ ഏല്‍പ്പിച്ച കോലിക്ക് അവിടെയും പിഴച്ചു. ടി20 ഫോര്‍മാറ്റില്‍ സ്ഥിരം ചെണ്ടയായ ഉമേഷ് യാദവിനെ വീണ്ടും വീണ്ടും പരിഗണിക്കുന്നതും കോലിയുടെ തെറ്റായ തീരുമാനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ടീം തിരഞ്ഞെടുപ്പ് പോരാ
കോലി ടീം തിരഞ്ഞെടുപ്പില്‍ അനാവശ്യമായി ഇടപെടുന്നതിനെതിരേ മുന്‍ ആര്‍സിബി പരിശീലകന്‍ കഴിഞ്ഞിടെ തന്റെ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ആര്‍സിബിയില്‍ പരിശീലകന്റെ റോളുകൂടി അനാവശ്യമായി ഏറ്റെടുത്ത് ചെയ്യുന്ന കോലിയാണ് തോല്‍വിക്ക് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സീസണിലെ ആര്‍സിബിയുടെ ടീമിലും തെറ്റായ ചില കാര്യങ്ങള്‍ കാണാം. അതില്‍ പ്രധാന മോയിന്‍ അലിക്ക് പകരം ജോഷ് ഫിലിപ്പിനെ കളിപ്പിക്കുന്നതാണ്. ദേവ്ദത്ത് പടിക്കലിന് പകരം പാര്‍ഥിവ് പട്ടേലിനെ ഓപ്പണറാക്കി പരിഗണിച്ചാല്‍ ഫിലിപ്പിന് പകരം മോയിന്‍ അലിയെത്തും.

സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലിയുടെ സേവനം ടീമിന് ബോണസാണ്. കോലി, ഫിഞ്ച്, എബിഡി എന്നീ മൂന്ന് പേരിലേക്ക് ടീം ഒതുങ്ങുന്നു എന്നതാണ് പ്രധാന പ്രശ്‌നം. ബാറ്റിങ് ഓഡറില്‍ അനാവശ്യമായി വരുന്ന മാറ്റങ്ങളും തോല്‍വിക്ക് കാരണമായേക്കാം. പഞ്ചാബിനെതിരേ കോലി മൂന്നാം നമ്പറില്‍ ഫിലിപ്പിനെ ഇറക്കി നടത്തിയ പരീക്ഷണമാണ് മത്സരത്തില്‍ ആര്‍സിബിയുടെ കൂട്ടത്തകര്‍ച്ചയിലേക്ക് നയിച്ചത്.

ഫിഞ്ചിനെ നായകനാക്കി ബാറ്റിങ് ശ്രദ്ധിക്കാം
വിരാട് കോലിയുടെ ബാറ്റിങ് പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ നായകനെന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രകടനമാണ് ഏറെനാളായി ചോദ്യം ഉയര്‍ത്തുന്നത്. ഓസീസ് ക്രിക്കറ്റ് ടീമിന്റെ നായകനായ ഫിഞ്ചിന് വേണ്ടത്ര അനുഭവസമ്പത്തുള്ളതിനാല്‍ കോലി നായകസ്ഥാനം ഫിഞ്ചിന് കൈമാറിയാല്‍ ബംഗളൂരുവിനെ കോലിയെന്ന ബാറ്റ്‌സ്മാനെ കൂടുതല്‍ മികച്ച രീതിയില്‍ ലഭിച്ചേക്കും. നായകനായിരിക്കെയാണ് കോലി ഐപിഎല്ലില്‍ റെക്കോഡ് പ്രകടനം നടത്തിയിട്ടുള്ളതെങ്കിലും നായകന്റെ സമ്മര്‍ദ്ദം ഒഴിഞ്ഞാല്‍ കൂടുതല്‍ ശോഭിക്കാന്‍ കോലിക്ക് സാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications