For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എന്തുകൊണ്ട് പഞ്ചാബിന് വേണ്ടി തിളങ്ങാനാവുന്നില്ല, ഗ്ലെന്‍ മാക്‌സ്‌വെല്‍ പറയുന്നു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇദ്ദേഹത്തിന്റെ ചിറകിലേറി ഓസ്‌ട്രേലിയ പലകുറി മത്സരങ്ങള്‍ ജയിച്ചിരിക്കുന്നു. മാക്‌സ്‌വെല്ലിന്റെ സ്‌ഫോടനാത്മക ബാറ്റിങ് കണ്ടാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരത്തെ വിടാതെ കൊണ്ടുനടക്കുന്നത്. 2014, 2015, 2016, 2017 സീസണുകളില്‍ മാക്‌സ്‌വെല്‍ കിങ്‌സ് ഇലവനായി കളിച്ചിട്ടുണ്ട്. 2018 -ല്‍ ഇദ്ദേഹത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങി. എന്നാല്‍ 2020 സീസണില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 10.75 കോടി രൂപയ്ക്ക് പഞ്ചാബ് വീണ്ടും ടീമിലെത്തിച്ചു.

ആശങ്ക

പക്ഷെ കൊടുത്ത കാശ് 'വെള്ളത്തിലാകുമോയെന്ന' ആശങ്കയിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇപ്പോള്‍. ടൂര്‍ണമെന്റ് പാതിവഴി പിന്നിട്ടിരിക്കവെ ഗ്ലെന്‍ മാക്‌സ്‌വെല്ലില്‍ നിന്നും ഓര്‍ത്തെടുക്കാവുന്നൊരു പ്രകടനംപോലും പഞ്ചാബിന് കാണാന്‍ കഴിഞ്ഞിട്ടില്ല. ടീമിനെ ജയിപ്പിക്കാന്‍ ഒരുപിടി അവസരങ്ങള്‍ കയ്യില്‍ കിട്ടിയിട്ടും ഗ്ലെന്‍ മാക്‌സ്‌വെല്‍ നിരാശപ്പെടുത്തി. മാക്‌സ്‌വെല്ലിനെ പുറത്തിരുത്തി ക്രിസ് ഗെയ്‌ലിനെ ഇറക്കേണ്ട സമയം അതിക്രമിച്ചെന്നാണ് ആരാധകര്‍ പറയുന്നത്.

പരാജയം

പറഞ്ഞുവരുമ്പോള്‍ ഐപിഎല്ലിന് മുന്‍പ് മിന്നും ഫോമിലായിരുന്നു മാക്‌സ്‌വെല്‍. ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മാക്‌സ്‌വെല്ലിന്റെ പ്രകടനം ഏറെ ശ്രദ്ധനേടുകയുണ്ടായി. നിര്‍ണായക മത്സരത്തില്‍ ഏഴാം നമ്പറില്‍ ഇറങ്ങി 90 പന്തില്‍ 108 റണ്‍സടിച്ച മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയക്ക് പരമ്പര സമ്മാനിക്കുകയായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ താരം പാടെ പരാജയമാവുകയാണ്. ഇതിന് പിന്നിലെ കാരണവും മാക്‌സ്‌വെല്‍ തന്നെ പറയുന്നു.

വ്യത്യാസം

രാജ്യാന്തര ക്രിക്കറ്റിനെയും ഐപിഎല്ലിനെയും ഒരേ ത്രാസില്‍ അളക്കാന്‍ മാക്‌സ്‌വെല്‍ തയ്യാറല്ല. രാജ്യാന്തര ക്രിക്കറ്റ് കളിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ തനിക്കുള്ള റോളിനെപ്പറ്റി മാക്‌സ്‌വെല്ലിന് പൂര്‍ണ ബോധ്യമുണ്ട്. തനിക്കൊപ്പം ബാറ്റുചെയ്യുന്നവരുടെ ചിന്താഗതിയും പരിചിതം. എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ ചിത്രമിതല്ലെന്ന് മാക്‌സ്‌വെല്‍ ചൂണ്ടിക്കാട്ടുന്നു.

കളി സാഹചര്യം

'ഐപിഎല്ലിലെ ഓരോ മത്സരത്തിലും എനിക്ക് വെവ്വേറെ റോളുകളാണ് കല്‍പ്പിക്കപ്പെടുന്നത്. ടൂര്‍ണമെന്റില്‍ ടീമുകളെല്ലാം തുടരെ ലൈനപ്പ് മാറ്റിക്കൊണ്ടിരിക്കുന്നു. ഓസ്‌ട്രേലിയയിലെ കളി സാഹചര്യം ഇങ്ങനെയല്ല. ഒരേ ഇലവനെ വെച്ചായിരിക്കും ടീമുകള്‍ ഒട്ടുമിക്ക മത്സരങ്ങളും കളിക്കുക. അതുകൊണ്ട് ടീമില്‍ അവരവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് താരങ്ങള്‍ക്ക് വ്യക്തതയുണ്ട്', ദുബായില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് മാക്‌സ്‌വെല്‍ അറിയിച്ചു.

ഉത്തരവാദിത്വം

നിലവില്‍ അഞ്ചാം നമ്പറിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇറങ്ങുന്നത്. മുന്‍നിരയിലെ ആദ്യ നാല് ബാറ്റ്‌സ്മാന്മാര്‍ക്ക് പിന്തുണ നല്‍കാനാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 'അഞ്ചാം നമ്പറില്‍ കളിച്ചുള്ള പരിചയം എനിക്ക് കുറവാണ്. എന്നാല്‍ പുതിയ സാഹചര്യവുമായി ഞാന്‍ പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു. നാലാം നമ്പറില്‍ നിക്കോളസ് പൂരനുണ്ട്. ക്രീസില്‍ വമ്പനടികള്‍ക്ക് അദ്ദേഹം മുന്‍കയ്യെടുക്കുമ്പോള്‍ സ്‌ട്രൈക്ക് പരമാവധി കൈമാറാന്‍ എനിക്ക് നിര്‍ദ്ദേശമുണ്ട്. ശേഷം ഇന്നിങ്‌സിന്റെ അവസാനംവരെ പിടിച്ചുനിന്ന് ടീമിനെ ഫിനിഷ് ചെയ്യാനും സഹായിക്കണം', മാക്‌സ്‌വെല്‍ പറഞ്ഞു.

നെട്ടോട്ടം

'കളിച്ച ഏഴു മത്സരങ്ങളില്‍ മൂന്നുതവണ ഞാന്‍ നോട്ടൗട്ടാണ്. കരിയറില്‍ ഇങ്ങനെയൊരു സംഭാവം ഇതാദ്യമായാണ്. അതുകൊണ്ട് അഞ്ചാം നമ്പറില്‍ ഇറങ്ങി കരുതോലോടെ ബാറ്റുചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സ്വതസിദ്ധമായ ശൈലി പരിഷ്‌കരിക്കേണ്ടതായി വരും', താരം വ്യക്തമാക്കി. 'വര്‍ഷത്തില്‍ രണ്ടുമാസം മാത്രമേ ഒരുമിച്ച് കളിക്കാന്‍ ഞങ്ങള്‍ക്ക് അവസരമുള്ളൂ. ഈ സമയംകൊണ്ട് സന്തുലിതമായ ടീമിനെ വാര്‍ത്തെടുക്കാനുള്ള നെട്ടോട്ടത്തിലാണ് മാനേജ്‌മെന്റ്. ഇക്കാരണത്താല്‍ ലൈനപ്പില്‍ പരിഷ്‌കാരങ്ങളും വെട്ടിക്കുറയ്ക്കലുകളും പതിവാകുന്നു', മാക്‌സ്‌വെല്‍ ചൂണ്ടിക്കാട്ടി.

കഠിനശ്രമം

എന്തായാലും സന്തുലിതമായ ടീമിനെ കിങ്‌സ് ഇലവന്‍ ഏറെക്കുറെ കണ്ടെത്തിക്കഴിഞ്ഞെന്നാണ് താരം പറയുന്നത്. ഇതേസമയം, ആളുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് മാക്‌സ്‌വെല്‍ സമ്മതിക്കുന്നു. കൂടുതല്‍ സമയം പരിശീലനത്തിന് ചിലവഴിച്ച് ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഫൈനല്‍ കളിച്ചത്. 2014 സീസണില്‍. അന്ന് 552 റണ്‍സ് പഞ്ചാബിനായി മാക്‌സ്‌വെല്‍ നേടി. പക്ഷെ 2014 -നെക്കാളും 2017 സീസണാണ് ആസ്വദിച്ച് കളിച്ചതെന്ന് മാക്‌സ്‌വെല്‍ പറയുന്നു.

മികച്ച സീസൺ

2017 സീസണില്‍ പഞ്ചാബിന്റെ നായകനായിരുന്നു മാക്‌സ്‌വെല്‍. അന്ന് ടൂര്‍ണമെന്റില്‍ നിരവധി തവണ കളിയിലെ താരമാകാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇതേവര്‍ഷം കൂടുതല്‍ സമയം മാക്‌സ്‌വെല്‍ ബൗളിങ്ങിലും ചിലവഴിച്ചിരുന്നു. തുടര്‍ന്നാണ് മാക്‌സ്‌വെല്ലിനെ ഡല്‍ഹി ക്യാപിറ്റല്‍സ് റാഞ്ചുന്നത്. പക്ഷെ 2018 -ല്‍ കാര്യമായി തിളങ്ങാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല.

Story first published: Tuesday, October 13, 2020, 19:58 [IST]
Other articles published on Oct 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+