IPL 2020: സൂര്യകുമാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള ശരിയായ സമയം ഇതാണ്; ഗംഭീര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഗംഭീര പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിക്കെതിരായ ഒന്നാം പ്ലേ ഓഫിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ (51) തിളങ്ങിയിരുന്നു. 15 മത്സരത്തില്‍ നിന്ന് 461 റണ്‍സാണ് സൂര്യകുമാര്‍ സീസണില്‍ നേടിയത്. ഇപ്പോഴിതാ സൂര്യകുമാറിന് ഇന്ത്യന്‍ ജഴ്‌സി അണിയാനുള്ള ശരിയായ സമയം ഇതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ നായകനുമായ ഗൗതം ഗംഭീര്‍.

'ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുക്കുന്ന താരമാണ് സൂര്യകുമാര്‍. ഐപിഎല്ലിലും സ്ഥിരതയോടെ കളിക്കാന്‍ സൂര്യകുമാറിന് സാധിക്കുന്നു. ഇനിയും 6-7വര്‍ഷങ്ങള്‍ക്കൂടി അവന്റെ മുന്നിലുണ്ട്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിവുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ പൂര്‍ണ നിയന്ത്രണമുണ്ട്. ടി20 ക്രിക്കറ്റില്‍ മാത്രമല്ല,അവനെ ടി20 താരമായി മാത്രം കണക്കാക്കരുത്. 50 ഓവര്‍ ക്രിക്കറ്റിലും തിളങ്ങാന്‍ അവന് സാധിക്കും'-ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗൗതം ഗംഭീര്‍ പറഞ്ഞു.

രോഹിത് ശര്‍മ തുടക്കത്തിലേ മടങ്ങിയപ്പോഴും നിര്‍ണ്ണായക പ്ലേ ഓഫില്‍ ക്വിന്റന്‍ ഡീകോക്കിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സൂര്യകുമാറിനായി. 38 പന്തുകള്‍ നേരിട്ട് 6 ഫോറും രണ്ട് സിക്‌സുമാണ് അദ്ദേഹം നേടിയത്. ടീമിന്റെ റണ്‍റേറ്റ് കുറയാതെ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ടോപ് ഓഡറില്‍ മുംബൈയുടെ നിര്‍ണ്ണായക താരമായി സൂര്യകുമാര്‍ യാദവ് മാറിക്കഴിഞ്ഞു. കെകെആര്‍ താരമായിരുന്ന സൂര്യകുമാര്‍ യാദവിനെ അവര്‍ ഒഴിവാക്കിയതോടെയാണ് മുംബൈ സ്വന്തമാക്കിയത്.

സൂര്യകുമാറിനെ കെകെആര്‍ ഒഴിവാക്കിയത് തെറ്റായ തീരുമാനമായെന്നും ഗംഭീര്‍ പറഞ്ഞു. 'കെകെആര്‍ നാല് വര്‍ഷത്തോളം ഒരു താരത്തെ വളര്‍ത്തിക്കൊണ്ട് വന്ന ശേഷം അവനെ പോകാന്‍ അനുവദിക്കുന്നു. അവന്‍ കെകെആറിന്റെ പ്രധാന താരമല്ലായിരിക്കും. എന്നാല്‍ അവന്‍ മുംബൈയിലെത്തിയ ശേഷം എങ്ങനെയുള്ള താരമായി എന്ന് നോക്കുക. കെകെആറിന്റെ നഷ്ടമാണ് മുംബൈയുടെ നേട്ടം. കെകെആറിനെ സംബന്ധിച്ച് സൂര്യകുമാര്‍ പോയത് വലിയ നഷ്ടം തന്നെയാണ്.

പൂര്‍ണ്ണത കൈവരിച്ച താരമാണ് സൂര്യകുമാര്‍. നിര്‍ണ്ണായക പ്രായമാണ് ഇപ്പോള്‍ അവന്റേത്. ചില താരങ്ങള്‍ക്ക് നേരത്തെ തന്നെ അവരുടെ പ്രതിഭകൊണ്ട് അവസരം ലഭിക്കും'-ഗംഭീര്‍ പറഞ്ഞു. കെകെആറിന്റെ മധ്യനിരയില്‍ ഫിനിഷര്‍ റോളിലായിരുന്ന സൂര്യകുമാര്‍ കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് മുംബൈയിലേക്കെത്തിയതോടെ ടോപ് ഓഡറിലേക്ക് ബാറ്റിങ് പൊസിഷന്‍ മാറുകയായിരുന്നു. നാല് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇത്തവണയും സജീവ കിരീട പ്രതീക്ഷയിലാണ്.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ലീഗ് ഘട്ടം പൂര്‍ത്തിയാക്കിയ മുംബൈ ഡല്‍ഹിയെ അനായാസം കീഴടക്കിയാണ് ഫൈനലില്‍ സീറ്റുറപ്പിച്ചത്. മുംബൈ മുന്നോട്ട് വെച്ച് 201 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജസ്പ്രീത് ബൂംറയുടെ നാല് വിക്കറ്റ് പ്രകടനവും ട്രന്റ് ബോള്‍ട്ടിന്റെ രണ്ട് വിക്കറ്റ് പ്രകടനവുമാണ് ഡല്‍ഹിയെ തകര്‍ത്തത്. തോറ്റെങ്കിലും ഫൈനലില്‍ കയറാന്‍ ഒരവസരം കൂടി ഡല്‍ഹിക്കുള്ളതിനാല്‍ ടീം പ്രതീക്ഷയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications